വി.കെ. സിംഗ് റിയാദിൽ; തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിച്ചു തുടങ്ങി
Thursday, August 4, 2016 7:04 AM IST
റിയാദ്: ചില സ്വകാര്യ കമ്പനികളിലെ തൊഴിൽ പ്രശ്നങ്ങൾ കാരണം ഇന്ത്യക്കാരടക്കം ആയിരക്കണക്കിനു വിദേശികൾ ജോലിയും ശമ്പളവും ഭക്ഷണവുമില്ലാതെ കുടുങ്ങിക്കിടക്കുന്നതു നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കുന്നതിനും ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും സംയുക്‌തമായി നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുമായി വിദേശകാര്യ സഹകമന്ത്രി ജനറൽ വി.കെ. സിംഗ് സൗദി അറേബ്യയിലെത്തി.

ജിദ്ദയിലെത്തിയ അദ്ദേഹം ബുധനാഴ്ച റിയാദിലെത്തി വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്‌ഥരുമായി ചർച്ചകൾ നടത്തി. ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

സൗദി തൊഴിൽ മന്ത്രി ഡോ. മുഫ്രജ് അൽഹഖ്ബാനിയുമായി നടത്തിയ ചർച്ചയിൽ കരാറുകൾ ലംഘിച്ച സ്വകാര്യ കമ്പനിക്കെതിരെ നടപടി എടുക്കുമെന്നും പ്രശ്നങ്ങൾ ഉടനെ പരിഹരിക്കുമെന്നും അദ്ദേഹം വി.കെ. സിംഗിനു ഉറപ്പു നൽകി. കഷ്ടപ്പെടുന്ന തൊഴിലാളികൾക്കുവേണ്ട പ്രാഥമിക സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികളും ഉടനെയുണ്ടാകും. ഇന്ത്യയിലേക്ക് തിരിച്ചു പോകാനാഗ്രഹിക്കുന്ന മുഴുവൻ തൊഴിലാളികൾക്കും സൗജന്യമായി ഇഖാമ പുതുക്കുന്നതിനും യാത്രാരോഖകൾ നൽകുന്നതിനുമുള്ള ഏർപ്പാടുകളും ചെയ്താതയി മന്ത്രി പറഞ്ഞു. സമാനമായ തൊഴിൽ ലഭ്യമാണെങ്കിൽ സ്പോൺസർഷിപ്പ് മാറുന്നതിനും സൗജന്യമായി അവസരമൊരുക്കും. കമ്പനികൾ നൽകാനുള്ള ശമ്പള കുടിശിക നിയമാനുസൃതം ലഭ്യമാക്കാനും നടപടി സ്വീകരിക്കുമെന്നും ഡോ. അൽഹഖ്ബാനി ഉറപ്പു നൽകി.

നാട്ടിലേക്ക് തിരിച്ചു പോകാനാഗ്രഹിക്കുന്നവരുടേയും ശമ്പള കുടിശിക ലഭിക്കാനുള്ളവരുടേയും പട്ടിക തയാറാക്കി നൽകാൻ തൊഴിൽ മന്ത്രാലയം ഇന്ത്യൻ എംബസിക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.

അതിനിടെ തൊഴിലും ശമ്പളവുമില്ലാതെ ദുരിതത്തിലായ ഇന്ത്യക്കാരിൽ നാട്ടിൽ പോകാനാഗ്രഹിക്കുന്നവരുടെ ആദ്യ സംഘം വ്യാഴാഴ്ച ഇന്ത്യയിലേക്കു തിരിക്കും. മദീനയിൽ നിന്നും പുലർച്ചെ 5.30നുള്ള വിമാനത്തിൽ ആദ്യ സംഘം യാത്ര തിരിക്കുമെന്നു ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

സൗദി ഒജർ അടക്കമുള്ള ചില സ്വകാര്യ കമ്പനികളിലെ തൊഴിലാളികളാണ് പ്രശ്നങ്ങൾ നേരിടുന്നത്. മാസങ്ങളായി ശമ്പളമില്ലാത്തതും അധികൃതർ നിത്യ ചെലവിനുപോലും പണം നൽകാത്തതുമാണു പ്രധാന പ്രശ്നം. സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിലായി ഏഴായിരത്തിലധികം ഇന്ത്യക്കാർ തൊഴിൽപ്രശ്നം നേരിടുന്നതായി ഇന്ത്യൻ എംബസി വിലയിരുത്തിയിരുന്നു. കൂടുതൽ കമ്പനികളുടെ ക്യാമ്പുകളിൽ ഇത്തരം പ്രശ്നങ്ങളുണ്ടോ എന്നറിയാൻ എംബസിയും കോൺസുലേറ്റും വോളന്റിയർമാരുടെ സഹകരണത്തോടെ അന്വേഷണം നടത്തുന്നുണ്ട്.

30 ലക്ഷത്തോളം ഇന്ത്യക്കാർ ജോലി ചെയ്യുന്ന സൗദിയിൽ വളരെ കുറഞ്ഞ ശതമാനം ആളുകൾക്കു മാത്രമാണ് ഇപ്പോൾ തൊഴിൽ പ്രതിസന്ധി ഉള്ളത്. ഇതിനെ പെരുപ്പിച്ചു കാണിച്ച് ജനങ്ങളിൽ ഭീതി വിതയ്ക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നതിനെ സൗദി അധികൃതരും അറബ് മാധ്യമങ്ങളും അപലപിച്ചിരുന്നു. താത്കാലികമായ ഈ പ്രതിസന്ധി ഉടനെ പരിഹരിക്കപ്പെടുമെന്നു ഇവർ പ്രത്യാശ പ്രകടിപ്പിച്ചു. വിവിധ ക്യാമ്പുകളിലായി ഭക്ഷണവും മറ്റു സൗകര്യങ്ങളുമില്ലാത്തവർക്കു സഹായമെത്തിക്കുന്നതിനായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും റിയാദിലെ ഇന്ത്യൻ എംബസിയും കൂട്ടായ ശ്രമങ്ങൾ ഊജിതമാക്കിയിട്ടുണ്ട്. സന്നദ്ധസംഘടകളും വോളന്റിയർമാരും ഇന്ത്യൻ കമ്പനികളും എല്ലാ സഹകരണവും ലഭ്യമാക്കുന്നുണ്ട്.

<ആ>റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ