കൂടാര വാർഷികവും ഇടവക ദിനവും സമുചിതമായി ആഘോഷിച്ചു
Tuesday, August 9, 2016 6:41 AM IST
മെൽബൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ കൂടാരയോഗ വാർഷികവും ഇടവക ദിനവും ആഘോഷിച്ചു. പാലക്കാട്ട് ജഫറി മെമ്മോറിയൽ സോക്കർ ടൂർണമെന്റോടുകൂടി പരിപാടികൾ ആരംഭിച്ചു.

വിവിധ കൂടാരയോഗങ്ങൾ തമ്മിലുളള സോക്കർ മത്സരത്തിൽ ഒന്നാം സ്‌ഥാനം കാൽവരി കൂടാരയോഗവും രണ്ടാം സ്‌ഥാനം സെഹിയോൻ കൂടാരയോഗവും കരസ്‌ഥമാക്കി.

ആവേശം വിതറിയ നടവിളി മത്സരത്തിൽ ഒന്നാം സ്‌ഥാനം സെഹിയോൻ കൂടാരയോഗവും രണ്ടാം സ്‌ഥാനം ബേദ്ലഹേം കൂടാരയോഗവും കരസ്‌ഥമാക്കി. പുരാതനപ്പാട്ട് മത്സരത്തിൽ ഒന്നാം സ്‌ഥാനം നസ്രേത്ത് കൂടാരയോഗവും രണ്ടാം സ്‌ഥാനം സെഹിയോൻ കൂടാരയോഗവും നേടി.

തുടർന്നു സൗത്ത് ഈസ്റ്റ് സെന്ററിലെ പെൺകുട്ടികളുടെ മാർഗം കളി അരങ്ങേറ്റം നടന്നു. വിവിധ കൂടാരയോഗങ്ങളുടെ കലാപരിപാടികളും സദസിനു വിസ്മയമായി.

ബിറ്റ്സ് ബൈ സെന്റ് മേരീസ് ചെണ്ടമേളത്തിന്റേയും നാസിക്ക് ഡോളിന്റേയും അരങ്ങേറ്റവും ആവേശം അലതല്ലിയ സ്റ്റേജിൽ അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ സ്പോർട്സ് ഡേയിൽ വിജയികൾ ആയവർക്ക് സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ചാപ്ലെയിൻ ഫാ. തോമസ്, കുമ്പുക്കൽ, ട്രസ്റ്റിമാരായ സ്റ്റീഫൻ ഓക്കാട്ട്, സോളമൻ ജോർജ്, മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസ് പ്രസിഡന്റ് സജി ഇല്ലിപ്പറമ്പിൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ഇടവകാംഗങ്ങൾ ഒത്തു ചേരുന്ന കലാമത്സരങ്ങൾ ഒന്നിനൊന്നു മെച്ചമായിരുന്നു. വിവിധ കൂടാരയോഗങ്ങളുടെ സെക്രട്ടറിമാർ, കോഓർഡിനേറ്റേഴ്സ് എന്നിവർ പരിപാടികൾക്കു ചുക്കാൻ പിടിച്ചു. ഫാ. സ്റ്റീഫൻ കണ്ടാരപ്പളളി, ഫാ. തോമസ് കുമ്പുക്കൽ, ട്രസ്റ്റിമാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. രാത്രി ഒമ്പതിനു നടന്ന സ്നേഹവിരുന്നോടെ ആഘോഷ പരിപാടികൾ സമാപിച്ചു.

<ആ>റിപ്പോർട്ട്: റെജി പാറയ്ക്കൻ