എമിറേറ്റ്സിലെ ലഗേജ് വീഡിയോ ചിത്രീകരിച്ചതു റിയാ ജോർജ്
Saturday, August 13, 2016 10:16 AM IST
ദുബായ്: അപകടത്തിൽപെട്ട എമിറേറ്റ്സ് വിമാനത്തിൽ നിന്നു ഇറങ്ങാൻ കൂട്ടാക്കാതെ സ്വന്തം ലഗേജ് തിരയുന്ന മലയാളികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ, ഈ വീഡിയോ ചിത്രീകരിച്ചത് ആരാണെന്നു മാത്രം ആർക്കുമറിയില്ല. അമേരിക്കയിൽ വിദ്യാർഥിനിയായ റിയാ ജോർജ് എന്ന പതിനേഴുകാരിയാണു വിമാനത്തിനുള്ളിൽ തിക്കിത്തിരക്കുന്നവരുടെ ദൃശ്യങ്ങൾ പകർത്തിയത്. അപ്പോഴത്തെ അവസ്‌ഥയോടു യാത്രക്കാർ പ്രതികരിച്ച രീതി തന്നെയാണു അതു ക്യാമറയിലാക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നു റിയ പറയുന്നു.

ഇവരെ പരിഹസിക്കുകയെന്ന ലക്ഷ്യമുണ്്ടായിരുന്നില്ല. പക്ഷേ, അപകടവേളയിൽ എങ്ങനെ പെരുമാറാൻ പാടില്ല എന്നു ലോകത്തെ കാണിച്ചു കൊടുക്കാനാണു താൻ രംഗങ്ങൾ ഷൂട്ട് ചെയ്തത്. വിമാനത്തിൽ നിന്നു ആളുകളെ ഒഴിപ്പിക്കാൻ ജീവനക്കാർ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരുടെ ജീവൻ പോലും തൃണവൽഗണിച്ചു ലഗേജ് തെരഞ്ഞ പ്രവർത്തി സ്വാർഥതയുടെ ലക്ഷണമാണ്.

വിമാനത്തിനു തീപിടിച്ചിരുന്നുവെന്ന കാര്യം പല യാത്രക്കാർക്കും അറിയില്ലായിരുന്നുവെന്ന കാര്യം അംഗീകരിക്കുന്നു. പക്ഷേ, അടിയന്തിര ലാൻഡിംഗ് ആണെന്ന കാര്യം ഓർക്കേണ്്ടിയിരുന്നു. വിമാനത്തിൽ നിന്നു പുറത്തിറങ്ങുന്നതിനിടയിൽ ലഗേജ് ചുമക്കുന്നതു മറ്റ് യാത്രക്കാർക്കു ബുദ്ധിമുട്ടുണ്്ടാക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്യുമെന്നു ചിന്തിക്കണമായിരുന്നുവെന്നും റിയ പറഞ്ഞു. ഭാവിയിൽ എയർഹോസ്റ്റസുമാരെ ട്രെയിൻ ചെയ്യാനും വീഡിയോ ഉപകരിക്കുമെന്നു അവർ പ്രതീക്ഷ പ്രകടിപ്പിച്ചു.