‘വർഗീയ, രാഷ്ര്‌ടീയ ഫാസിസങ്ങൾക്കെതിരെ യുവാക്കൾ അണിനിരക്കണം’
Thursday, August 18, 2016 7:05 AM IST
ദമാം: ആനുകാലിക ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളായ വർഗീയ ഫാസിസത്തിനെതിരെയും അതോടൊപ്പം രാഷ്ര്‌ടീയ ഫാസിസത്തിനെതിരെയും യുവാക്കൾ അണിനിരക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ആർ.ബി. നിജോ പറഞ്ഞു. ഒഐസിസി ദമാം റീജൺ യൂത്ത് വിംഗ് കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് സ്‌ഥാപകദിന ക്വിറ്റ് ഇന്ത്യാ ദിന സമ്മേളനത്തിൽ ‘യൂത്ത് കോൺഗ്രസിന്റെ പ്രസക്‌തി വർത്തമാന കാലഘട്ടത്തിൽ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ദളിതരും ന്യൂനപക്ഷ സമൂഹവും ഭരണകൂട ഭീകരതയുടെ ഇരകളായി മാറുന്നു. മതേതരത്വത്തിനെതിരെ വർഗീയ വാദികൾ രാജ്യത്തിന്റെ പലഭാഗത്തും ഉറഞ്ഞു തുള്ളുകയാണ്. അതുപോലെത്തന്നെ ‘പാടത്തു പണിതന്നാൽ വരമ്പത്ത് കൂലി’ നൽകുമെന്നു പറഞ്ഞ് അണികളെ അക്രമത്തിനു പ്രേരിപ്പിക്കുന്ന രാഷ്ര്‌ടീയ പ്രസ്‌ഥാനങ്ങൾ രാഷ്ര്‌ടീയ കൊലപാതകങ്ങൾ തുടരെത്തുടരെ നടത്തുന്നു. ഈ വിപത്തുകൾക്കെതിരെ ജനാധിപത്യ മതേതര പ്രസ്‌ഥാനങ്ങളിലെ യുവാക്കൾ ജാഗരൂകരായി പ്രവർത്തിക്കേണ്ടതുണ്ടെന്നും അഡ്വ. നിജോ അഭിപ്രായപ്പെട്ടു.

സമ്മേളനം ഒഐസിസി ദമാം റീജണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. ഒഐസിസി യൂത്ത് വിംഗ് പ്രസിഡന്റ് നബീൽ നെയ്തല്ലൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഒഐസിസി ഗ്ലോബൽ കമ്മിറ്റി വക്‌താവ് മൻസൂർ പള്ളൂർ, നാഷണൽ കമ്മിറ്റി പ്രസിഡന്റ് പി.എം.നജീബ്, പി.എ. നൈസാം, ശിഹാബ് കായംകുളം, സൈഫുദ്ദീൻ കിച്ചുലു, ഡോ. സിന്ധു ബിനു, ഷൈജുദ്ദീൻ ചിറ്റേടത്ത്, ബുർഹാൻ ലബ്ബ എന്നിവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം