ഒഐസിസി ‘സദ്ഭാവനാദിനം’ ആചരിച്ചു
Sunday, August 21, 2016 3:28 AM IST
ദമാം: ഡിജിറ്റൽ ഇന്ത്യയുടെ പിതാവായ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എഴുപത്തിരണ്ടാം ജന്മദിനം സദ്ഭാവനാ ദിനമായി ഒഐസിസി സൈഹാത് ഏരിയ കമ്മിറ്റി ആചരിച്ചു. ആധുനിക ഇന്ത്യയെ ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകത്തിന്റെ നെറുകയിലെത്തിക്കാൻ ദീർഘവീക്ഷണത്തോടുകൂടി തുടക്കം കുറിച്ചത് രാജീവ് ഗാന്ധിയുടെ ഭരണകാലഘട്ടത്തിലാണ്. യുവ ജനതയാണ് രാജ്യത്തിന്റെ ശക്‌തിയെന്ന് തിരിച്ചറിഞ്ഞ രാജീവ്ഗാന്ധി വോട്ടവകാശത്തിനുള്ള പ്രായപരിധി പതിനെട്ട് വയസായികുറച്ചു. മഹാത്മജിയുടെ ഗ്രാമസ്വരാജ് യഥാർഥ്യമാക്കി കൂടുതൽ അധികാരം ഗ്രാമങ്ങളിലേക്ക് എത്തിച്ചത് രാജീവ് ഗാന്ധിയാണ്. ശാസ്ത്ര–വിവര–സാങ്കേതിക രംഗത്തും അതോടൊപ്പം തന്നെ സാമൂഹിക രംഗത്തും വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച രാജീവ് ഗാന്ധിയെ ലോകം ഏറെ ആദരവോടുകൂടിയാണ് കണ്ടിരുന്നതെന്നും സദ്ഭാവനാ ദിനാചരണ ഉദ്ഘാടന പ്രസംഗത്തിൽ ഏരിയ കമ്മിറ്റി പ്രസിഡണ്ട് എസ്.എം. സാദിഖ് പറഞ്ഞു. മാത്യു ജോർജ് അദ്ധ്യക്ഷത വഹിച്ചു.

ഗംഗാധരൻ സദസിന് സദ്ഭാവനാദിന പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. രമേശ് പാലക്കൽ, എബി, ശരീഫ് എടത്തുരുത്തി, മോഹനകുമാർ, സലിം എന്നിവർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു. ജനറൽ സെക്രട്ടറി സി.ടി. ശശി സ്വാഗതവും അബ്ദുൽ അസീസ് കുറ്റ്യാടി നന്ദിയും പറഞ്ഞു.

<യ> റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം