പൈതൃകം 2016: ആർച്ച്ബിഷപ് മോർ കുറിയാക്കോസ് സേവറിയോസ് മുഖ്യാതിഥി
Thursday, September 1, 2016 5:54 AM IST
മെൽബൺ: കെസിസിഒയുടെ മൂന്നാമത് ഓഷ്യാനാ കൺവൻഷൻ ‘പൈതൃകം 2016’ സെപ്റ്റംബർ 16,17,18,19 തീയതികളിൽ മെൽബണിലെ ഫിലിപ്പ് ഐലന്റിൽ നടക്കും.

സിറിയൻ ക്നാനായ ആർച്ച്ബിഷപ് മോർ കുറിയാക്കോസ് സേവറിയോസ്, കെസിസി പ്രസിഡന്റ് ജോയി മുപ്രാപ്പള്ളി, കെസിസിഎൻഎ പ്രസിഡന്റ് സണ്ണി പൂഴിക്കാല എന്നിവർ കൺവൻഷന്റെ മുഖ്യാഥിതികളായിരിക്കും. കൂടാതെ ഇന്ത്യയിൽ നിന്നും അമേരിക്കയിൽ നിന്നും യുകെയിൽ നിന്നും ധാരാളം വൈദികരും അൽമായരും കൺവൻഷനിൽ പങ്കെടുക്കും. ഓഷ്യാനയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തി അഞ്ഞൂറിലധികം ക്നാനായ വിശ്വാസികൾ കൺവൻഷൻ നഗരിയിൽ എത്തിച്ചേരും.

പൈതൃകം കൺവൻഷന്റെ ചെയർമാൻ സുനു സൈമൺ ഉറവക്കുഴിയുടെയും വൈസ് ചെയർമാൻ തോമസ് സജീവ് കായിപ്പുറത്തിന്റെയും നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. ഓഷ്യാനയിലെ വിവിധ റീജണുകളും നാട്ടിലെ ക്നാനായ യൂണിറ്റുകളും പൈതൃകത്തിന്റെ വിജയത്തിനായി പ്രത്യേക പ്രമോ വീഡിയോകൾ പുറത്തിറക്കി. വിവിധ മേഖലകളും യൂണിറ്റുകളും ഇറക്കിയ വീഡിയോയുടെ പ്രത്യേക മത്സരവും ഒരുക്കിയിരുന്നു. കെസിസിവിഎയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി പ്രത്യേക മൊബൈൽ ആപ്ളിക്കേഷനും ആരംഭിച്ചു. പ്രാർഥന, ഗ്രീറ്റിംഗ്സ്, സോഷ്യൽ ഗാലറി, വാർത്തകൾ, ഗൂഗിൾ മാപ്പ് തുടങ്ങിയവ ആപ് സ്റ്റോറിൽ ഉണ്ടാകും. ഓഷ്യാനയിലെ ക്നാനായ വിശ്വാസികൾ ഫെയ്സ്ബുക്കിൽ ഫോട്ടോയോടൊപ്പം പൈതൃകത്തിന്റെ എംബ്ലം ഒരുമിച്ചുചേർത്ത് കൺവൻഷന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.