റോഷി അഗസ്റ്റിൻ ഫ്രാൻസിസ് കോലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി
Saturday, October 8, 2016 6:38 AM IST
മെൽബൺ: കേരള കോൺഗ്രസ്–എം നേതാവും ഇടുക്കി എംഎൽഎയുമായ റോഷി അഗസ്റ്റിൻ മെൽബൺ രൂപത വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരിയെ സന്ദർശിച്ചു.

ഒരു മണിക്കൂർ നീണ്ടുനിന്ന സൗഹൃദ കൂടിക്കാഴ്ചയിൽ കേരളത്തിലെ ആനുകാലിക രാഷ്ട്രീയവും ചർച്ചയിൽ പൊന്തിവന്നു. ആത്മീയ രംഗത്തെ എംഎൽഎയുടെ പ്രവർത്തനത്തെ ഫാ. ഫ്രാൻസിസ് കോലഞ്ചേരി അഭിനന്ദിച്ചു. മെൽബണിലെ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. മെൽബൺ സീറോ മലബർ സഭയുടെ വളർച്ചയ്ക്കായി വർഷങ്ങളായി സേവനം ചെയ്യുന്ന ഫാ. ഫ്രാൻസിസ് കോലഞ്ചേരിയെ റോഷി അഗസ്റ്റിൻ അനുമോദിച്ചു. ഫ്രാൻസിസ് അച്ചന്റെ സേവനങ്ങൾ കരുത്തു പകരട്ടെ എന്നും റോഷി അഗസ്റ്റിൻ ആശംസിച്ചു.

ചടങ്ങിൽ പ്രവാസി കേരള കോൺഗ്രസ് ഓസ്ട്രേലിയ പ്രസിഡന്റ് റെജി പാറയ്ക്കൻ, ഭാരവാഹികളായ അലക്സ് കുന്നത്ത്, സിജോ ഈന്തനാംകുഴി, ജലേഷ് കൊട്ടാരത്തിൽ എന്നിവരും സന്നിഹിതരായിരുന്നു.