കേരള കോൺഗ്രസ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു
Friday, October 14, 2016 8:19 AM IST
മെൽബൺ: കേരള കോൺഗ്രസ് –എം അമ്പത്തിമൂന്നാം ജന്മദിന സമ്മേളനം പ്രവാസി കേരള കോൺഗ്രസ് ഓസ്ട്രേലിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെൽബണിൽ ആഘോഷിച്ചു.

മെൽബണിലെ ഫ്രാക്സ്റ്റൺ ലൂക്ക് കോർട്ടിൽ നടന്ന വിപുലമായ സമ്മേളനം കേരള കോൺഗ്രസ് നേതാവും ഇടുക്കി എംഎൽഎയുമായ റോഷി അഗസ്റ്റിൻ, കേരള കോൺഗ്രസ് ഓസ്ട്രേലിയ കമ്മിറ്റി പ്രസിഡന്റ് റെജി പാറയ്ക്കൽ, മെൽബൺ ഘടകം പ്രസിഡന്റ് സെബാസ്റ്റ്യൻ ജേക്കബ് എന്നിവർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് പാർട്ടി അടുത്ത കാലത്ത് എടുത്ത രാഷ്ര്‌ടീയ തീരുമാനം റോഷി അഗസ്റ്റിൻ ചടങ്ങിൽ വിശദീകരിച്ചു. പ്രവാസി കേരള കോൺഗ്രസ് ഓസ്ട്രേലിയ കമ്മിറ്റി കോഓർഡിനേറ്റർ സ്റ്റീഫൻ ഓക്കാട്ട്, ഭാരവാഹികളായ സിജോ ഈന്തനാംകുഴി, ജിജോ കുഴികുളം, ഷാജൻ ജോർജ്, സാബു പഴയാറ്റിൽ, റ്റോമി കുഞ്ചെറിയ, അലക്സ് കുന്നത്ത്, സോണി സജി, ബിജി ഓക്കാട്, ജലേഷ് കൊട്ടാരത്തിൽ, അലക്സ് കുന്നത്ത് എന്നിവർ പ്രസംഗിച്ചു. പ്രവാസി കേരളാ കോൺഗ്രസ് മെൽബൺ ഘടകം കോഓർഡിനേറ്റർ തോമസ് ജേക്കബ് കരട് രേഖ അവതരിപ്പിച്ചു.

ഡിസംബറിൽ കോട്ടയത്ത് ചേരുന്ന കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയിൽ 2017 നവംബറിൽ മെൽബണിൽ നടത്താൻ ഉദ്ദേശിക്കുന്ന ഗ്ലോബൽ പ്രവാസി സംഗമത്തിന്റെ സ്വാഗതസംഘം കമ്മിറ്റിക്ക് അന്തിമരൂപം നൽകുമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ അറിയിച്ചു. തുടർന്നു കോഓർഡിനേറ്റർ സാബു പഴയാറ്റിൽ സ്പോൺസർ ചെയ്ത സ്നേഹ വിരുന്നും നടന്നു. റോഷി അഗസ്റ്റിന്റെ സഹപാഠികളായ സ്റ്റീഫൻ ഇടക്കോലി, അഭിലാഷ് ഇടക്കോലി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.