ടീം ചിറക്കര ടിഎംഡബ്ല്യുഎ ക്രിക്കറ്റ് ചാമ്പ്യന്മാർ
Tuesday, October 18, 2016 5:52 AM IST
ജിദ്ദ: തലശേരി മാഹി വെൽഫയർ അസോസിയേഷൻ ജിദ്ദ (ടിഎംഡബ്ല്യുഎ) അംഗങ്ങൾക്കായി നടത്തിയ അഞ്ചാമത് ക്രിക്കറ്റ് ഫെസ്റ്റിൽ ടീം ചിറക്കര ചാമ്പ്യന്മാരായി. ഫൈനലിൽ ടീം പാറാലിനെ പത്ത് വിക്കറ്റിന് തോൽപ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്.

ആറ് ഓവറുകൾ വീതമുള്ള ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടീം പാറാലിന് 42 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ടീം ചിറക്കര അനായാസം വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യം മറികടന്നു. മുഹമ്മദ് ഇർഷാദ് 28 റൺസ് നേടി ടോപ് സ്കോററായി.

രണ്ട് പൂളുകളിലായി മൂന്നു വീതം ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ അഞ്ച് ഓവറുകൾ വീതമുള്ള കുട്ടിക്രിക്കറ്റ് ആണ് ലീഗ് മാച്ചുകളിൽ സംഘടിപ്പിച്ചത്.

അനീസ് പി.കെ. നയിച്ച ടീം കതിരൂർ ഇലവൻ, മുഹമ്മദ് ഫസീഷ് നയിച്ച ചിറക്കര, ഷംസീർ ഓലിയാട്ട് നയിച്ച നാരങ്ങാപ്പുറം എന്നീ ടീമുകൾ പൂൾ എ യിലും അജ്മൽ നസീർ നയിച്ച പാറാൽ ഇലവൻ, അബ്ദുൽ ഖാലിഖ് അബ്ദുള്ള നയിച്ച മാഹിപ്പാലം ഇലവൻ, സമീർ എൻ.വി. നയിച്ച എസ്എസ് ഗയ്സ് എന്നീ ടീമുകൾ പൂൾ ബി യിലും അണിനിരന്നു.

ഫൈനലിലെ മാൻ ഓഫ് ദ മാച്ച് ആയും ടൂർണമെന്റിലെ മികച്ച കളിക്കാരനായും മുഹമ്മദ് ഇർഷാദിനെ തിരഞ്ഞെടുത്തപ്പോൾ, മികച്ച ബാറ്റ്സ്മാൻ ആയി റിയാസ് അബ്ദുൽഖാദറിനെയും മികച്ച ബൗളറായി ഹാറൂൻ റഷീദിനെയും മികച്ച ഫീൽഡറായി സനീറിനെയും തിരഞ്ഞെടുത്തു. ഫെയർ പ്ളേ ടീം അവാർഡ് എസ്എസ് ഗയ്സ് ടീം നേടി. ഇമ്രാൻ അബ്ദുള്ള, തൻവീർ താജ്മൽ എന്നിവർ പ്രത്യേക അവാർഡിന് അർഹരായി.

ജേതാക്കൾക്കുള്ള ട്രോഫി പ്രസിഡന്റ് വി.പി. സലിം നൽകി. കളിക്കാർക്കുള്ള സമ്മാനദാനവും പ്രവചന മത്സരം, ലക്കി ഡ്രോ എന്നിവയിലെ വിജയികൾക്കുള്ള സമ്മാനദാനം ഇവന്റ് ഹെഡ് കെ.എം. സംശീർ, സ്പോർട്സ് കോഓർഡിനേറ്റർ സിറാജുദ്ദീൻ, മറ്റു സ്പോർട്സ് ടീം അംഗങ്ങൾ എന്നിവർ ചേർന്ന് വിതരണം ചെയ്തു. ജീപാസ്, അസെൻഷ്യ എന്നിവർ മുഖ്യ പ്രായോചകരായിരുന്നു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ