ആർഎസ്സി സാഹിത്യോത്സവ് സോൺ തല മൽസരങ്ങൾ 21ന്
Friday, October 21, 2016 8:14 AM IST
കുവൈത്ത്: റിസാല സ്റ്റഡി സർക്കിൾ (ആർഎസ്സി) കുവൈത്ത് സാഹിത്യോത്സവ് സോൺ തല മത്സരങ്ങൾ ഒക്ടോബർ 21ന് (വെള്ളി) നടക്കും. പ്രവാസ ലോകത്തെ കൗമാരവും യുവത്വവും മാറ്റുരയ്ക്കുന്ന സാഹിത്യോത്സവുകളുടെ എട്ടാം പതിപ്പ് ആണ് ഇപ്പോൾ നടക്കുന്നത്.

കുവൈത്ത് സിറ്റി സോൺ സാഹിത്യോത്സവ് സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂളിലും ഫർവാനിയ സോൺ ഖൈത്താൻ കാർമൽ സ്കൂളിലും ജലീബ് സോൺ അബാസിയ ചാച്ചൂസ് ഓഡിറ്റോറിയത്തിലും ഫഹാഹീൽ സോൺ മംഗഫ് സംഗീത ഓഡിറ്റോറിയത്തിലും നടക്കും. യൂണിറ്റ് തല മത്സരങ്ങൾ നേരത്തെ പൂർത്തിയാക്കിയിരുന്നു.

പ്രൈമറി, ജൂണിയർ, സെക്കൻഡി, സീനിയർ വിഭാഗങ്ങളിൽ യൂണിറ്റുകളിൽനിന്നും വിജയികളായ പ്രതിഭകൾ സോൺ തല മത്സരങ്ങളിൽ മാറ്റുരക്കും. പ്രസംഗം, പ്രബന്ധ രചന, കഥാ രചന, കവിത രചന, ചിത്ര രചന, മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം തുടങ്ങിയ 52 ഇനങ്ങളിലാണ് മത്സരങ്ങൾ. ഉദ്ഘാടന, സമാപന വേദികളിൽ സാംസാകാരിക, സാമൂഹിക വ്യക്‌തിത്വങ്ങൾ പങ്കെടുക്കും.

മാപ്പിള പൈതൃക കലാവിഭവങ്ങളുടെയും സാഹിതീയ സർഗ പ്രതിഭാത്വത്തിന്റെയും ബദൽ അരങ്ങുകൾ സൃഷ്‌ടിച്ച് രണ്ടു മാസം നീളുന്ന സാഹിത്യോത്സവുകളിലൂടെ ഗൾഫിലെ 6 രാഷ്ര്‌ടങ്ങളിൽ ഗ്രാമങ്ങളും നഗരങ്ങളും ഒരേ സമയം സജീവമാകുകയാണ്.

സോൺ സാഹിത്യോത്സവ് വിജയികൾ മാറ്റുരക്കുന്ന നാഷണൽ സാഹിത്യോത്സവ് നവംബർ നാലിന് അബാസിയ പാക്കിസ്‌ഥാൻ സ്കൂളിൽ അരങ്ങേറും.

റിപ്പോർട്ട്: സലിം കോട്ടയിൽ