‘മലബാറിലെ പ്രവാസികൾ സർക്കാർ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തുന്നില്ല’
Saturday, October 22, 2016 5:46 AM IST
ദോഹ: മലബാറിലെ പ്രവാസികൾ നോർക്കയിലൂടെ കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾ നൽകിവരുന്ന ആനുകൂല്യങ്ങൾ യഥാ സമയം ഉപയോഗപ്പെടുത്താത്തതാണ് നഷ്‌ടപ്പെട്ടു പോകാൻ ഇടയാകുന്നതെന്ന് അബ്ദുൽ റഹൂഫ് കൊണ്ടോട്ടി. ഖത്തർ കാസർഗോഡൻ പ്രവാസി കൂട്ടായ്മയായ ക്യൂട്ടീക് പത്താം വാർഷിക ജനറൽ ബോഡി യോഗത്തിൽ ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പ്രവാസി ഗൾഫ് ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയാൽ കിട്ടുന്ന പെൻഷൻ, മരണശേഷം അവരുടെ കുടുംബത്തിന് കിട്ടുന്ന ആനുകൂല്യം ഇതൊക്കെ ഗൾഫിൽ പ്രവർത്തിക്കുന്ന കൂട്ടായ്മകൾ മുൻകൈയെടുത്ത് ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താൻ ശ്രമം നടത്തണമെന്നും റഹൂഫ് പറഞ്ഞു.

ഇ.ടി. അബ്ദുൽ കരീം യോഗം ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം.പി. ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. എക്സക്യൂട്ടീവ് ഡയറക്ടർ ആദം കുഞ്ഞി തളങ്കര റിപ്പോർട്ടും അകൗണ്ടന്റ് ചീഫ് മൻസൂർ മുഹമ്മദ് വരവുചെലവു കണക്കും അവതരിപ്പിച്ചു. അംഗങ്ങൾക്കുള്ള വാർഷിക ലാഭവിഹിത ഉദ്ഘാടനം കെ.എ സൈനുദ്ദീൻ കൊല്ലമ്പാടിക്ക് മുൻ ജനറൽ സെക്രട്ടറി യുസുഫ് ഹൈദർ നൽകി നിർവഹിച്ചു. ക്യൂട്ടീക്ക് മാനേജിംഗ് ഡയറക്ടർ എം. ലുഖ്മാനുൽ ഹക്കീം, ഡയറക്ടർമാരായ പി.എസ്. ഹാരിസ്, അബ്ദുള്ള ത്രീ സ്റ്റാർ, ഇഖ്ബാൽ ആനബാഗിൽ, കാദർ ഉദുമ, സത്താർ ബങ്കരക്കുന്ന്, ഷാഫി മാടന്നൂർ, ബഷീർ സ്രാങ്ക്, മൊയ്തീൻ ആദൂർ, എം.പി. ഷഹീൻ, കെ.എസ്. അബ്ദുള്ള കുഞ്ഞി എന്നിവർ പ്രസംഗിച്ചു.