സിഡ്നി ബഥേൽ മാർത്തോമ ഇടവക സിൽവർ ജൂബിലി നിറവിൽ
Monday, October 24, 2016 3:06 AM IST
സിഡ്നി: സിഡ്നി ബഥേൽ മാർത്തോമ ഇടവക അജപാലന ശുശ്രൂഷയിൽ 25 വർഷം പൂർത്തിയാക്കുന്നു. 1991ൽ സിഡ്നി നഗരത്തിൽ എസ്കൻ വില്ലയിലുള്ള ഹോളിട്രിനിറ്റി ആംഗ്ലിക്കൻ ദേവാലയുമായുള്ള സഹകരണത്തിൽ ഒരു ചെറിയ കോൺഗ്രികേഷനായി ആരംഭിച്ച സഭ 1998ൽ ഒരു പൂർണ ഇടവകയായി ഉയർത്തപ്പെട്ടു. അംഗസംഖ്യ ക്രമാതികമായി ഉയർന്നതോടെ കൂടുതൽ സൗകര്യമുള്ള ഹാരീസ് പാർക്ക് സെന്റ് പോൾസ് ആംഗ്ലിക്കൻ ദേവാലയത്തിലേക്ക് ഇടവക മാറുകയും ചെയ്തു.

നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഓസ്ട്രേലിയയിൽ അംഗത്വം ലഭിച്ച ഇന്ത്യൻ സഭയായ സിഡ്നി ബഥേൽ മാർത്തോമ ഇടവക എക്യുമെനിക്കൽ കൗൺസിൽ ഓഫ് ന്യൂസൗത്ത് വെയിൽസിന്റെ പ്രവർത്തനങ്ങളിൽ സജീവമാണ്. ഇന്ത്യയുടെ വിവിധഭാഗങ്ങൾ, യൂറോപ്പ്, യുകെ, നോർത്ത് അമേരിക്ക, കാനഡ, ആഫ്രിക്ക, ഏഷ്യ–പസഫിക്ക് പ്രദേശങ്ങളിൽ നിന്നുള്ള കടിയേറ്റ് വർധനവിന്റെ ഫലമായി ഇന്ന് ഇടവകയിൽ 260 കുടുംബങ്ങളും ആയിരത്തിലധികം അംഗങ്ങളും ഉണ്ട്. ചെറിയ കുട്ടികൾ മുതൽ മുതിർന്ന പൗരന്മാർ വരെ ഉൾപ്പെട്ട വിവിധ കർമ പരിപാടികൾക്ക് കാലാകാലങ്ങളായി പ്രവർത്തിക്കുന്ന പട്ടക്കാരും മേല്പട്ടക്കാരും നേതൃത്വം നൽകിവരുന്നു. ഇടവകയുടെ വളർച്ചയിൽ വിവിധ സംഘടനകളായ യുവജന സഖ്യം, സേവികാസംഘം, സൺഡേസ്കൂൾ, ഇടവകമിഷൻ, യംഗ് കപ്പിൾസ് ഫെലോഷിപ്പ്, സീനിയർ സിറ്റിസൺ ഫെലോഷിപ്പ്, ഗായകസംഘം, ബൈബിൾ സ്റ്റഡി ഗ്രുപ്പുകൾ, സിഡ്നിയുടെ വിവിധ ഭാഗങ്ങളിലായുള്ള ഏരിയ പ്രയർ ഗ്രൂപ്പുകൾ എന്നിവയുടെ പ്രവർത്തനം പ്രധാന പങ്കുവഹിക്കുന്നു.

മലങ്കര മാർത്തോമ സുറിയാനി സഭയുടെ ‘പ്രകാശനായ പ്രകാശിതം’ എന്ന ആപ്ത വാക്യത്തിൽ അധിഷ്ടിതമായി പ്രവർത്തിക്കുന്ന ഇടവക സഭയുടെ പാരമ്പര്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് കാലോചിതവും പ്രാദേശികവുമായ മാറ്റങ്ങളുമായി ഓസ്ട്രേലിയ്ക്കകത്തും പുറത്തുമായി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നു.

ഇടവകയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നവംബർ അഞ്ചിന് മലങ്കര മാർത്തോമ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപോലീത്ത നിർവഹിക്കും. പാർക്ക്സൈഡ് ബാപ്റ്റിസ് ദേവാലയ ഹാളിൽ വൈകുന്നേരം നാലിനു നടക്കുന്ന പരിപാടിയിൽ ഓസ്ട്രേലിയയിലെ വിവിധ സഭാ മേലധ്യക്ഷന്മാർ, വൈദികർ, രാഷ്ടീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

പരിപാടിയുടെ വിജയത്തിനായി റവ. തോമസ് കോശി (വികാരി), ജോർജ് പണിക്കർ (കൺവീനർ), ഏബ്രഹാം കെ. ജോർജ് (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.

റിപ്പോർട്ട്: ജയിംസ് ചാക്കോ