അമീറ ബിൻ കറത്തിന്റെ മരണത്തിൽ ഷാർജ പോലീസ് അന്വേഷണം ആരംഭിച്ചു
Monday, October 24, 2016 4:21 AM IST
ഷാർജ: ബിസിനസ് വിമൻ കൗൺസിൽ ചെയർപഴ്സൻ അമീറ ബിൻ കറത്തിന്റെ മരണത്തിനിടയാക്കിയ സംഭവത്തെക്കുറിച്ച് ഷാർജ പോലീസ് അന്വേഷണം ആരംഭിച്ചു. ഒക്ടോബർ 22ന് അൽ ക്വാദിസിയ ഏരിയായിലുള്ള ഇവർ താമസിച്ചിരുന്ന വില്ലക്ക് തീപിടിച്ചായിരുന്നു മരണം. സംഭവത്തിൽ ഇവരുടെ അമ്മ ബദരിയ അബ്ദുൾ റഹ് മാൻ (58), സഹോദരി സാമ ബിൻ കറം എന്നിവരും മരിച്ചു. സഹോദരൻ ഖാലിദ് ഗുരുതരമായ പരിക്കുകളോടെ അൽ കുവൈത്തി ആശുപത്രിയിൽ ചികിത്സയിലാണ്.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണത്തിന്റെ ഭാഗമായി വില്ലയിലുണ്ടായിരുന്ന രണ്ട് വീട്ടുജോലിക്കാരേയും ഡ്രൈവറേയും ചോദ്യം ചെയ്തു.

പുലർച്ചെ 4.20നാണ് തീപിടിത്തം സംബന്ധിച്ച് പോലീസിന് അറിയിപ്പു ലഭിക്കുന്നത്. നാലുമിനിട്ടിനകം സുരക്ഷാ വിഭാഗവും ഫോറൻസിക് വിഭാഗവും സ്‌ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.