കേരളത്തിൽ നിക്ഷേപം നടത്താൻ അബുദാബി ചേംബർ ഓഫ് കൊമേഴ്സ്
Tuesday, October 25, 2016 8:16 AM IST
അബുദാബി: കേരളത്തിൽ മികച്ച പദ്ധതികൾ ആസൂത്രണം ചെയ്താൽ അബുദാബി ചേംബർ ഓഫ് കൊമേഴ്സ് കേരളത്തിൽ നിക്ഷേപം നടത്താൻ തയാറാണെന്ന് ബോർഡ് അംഗം യൂസഫ് അലി മുസല്യം. യുഎഇ സന്ദർശനത്തിനെത്തിയ തൃശൂർ ചേംബർ പ്രതിനിധികളുമായി അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആസ്‌ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വിശദമാക്കിയത്.

കേരളത്തിലെ വിവിധ നിക്ഷേപ സാധ്യതകളെക്കുറിച്ച് പ്രതിനിധി സംഘം വിശദീകരിച്ചു. ആയൂർവേദം, ടെക്സ്റ്റൈൽ, ടൂറിസം, ഐടി തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകളാണ് സംഘം ചർച്ച ചെയ്തത്. തൃശൂരിലെ വിവിധ വ്യവസായ മേഖലകളിൽ നിന്നുള്ള ഇരുപത്തഞ്ചോളം പ്രമുഖരാണ് യോഗത്തിൽ സംബന്ധിച്ചത്. യുഎഇയിലെ വ്യവസായ പ്രമുഖരുമായി തുറന്ന ചർച്ചകൾക്ക് അവസരം ലഭിച്ചത് വലിയ പ്രതീക്ഷകൾ നൽകുന്നതായി തൃശൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. കേരളത്തിൽ നിക്ഷേപത്തിന് മികച്ച സന്ദർഭമാണിപ്പോൾ. കേരള ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും നിക്ഷേപസൗഹാർദപരമായ സമീപനമാണ് ഉണ്ടായിട്ടുള്ളത്. നാടിന്റെ സംസ്കാരത്തിനും പാരമ്പര്യ വ്യവസായത്തിനും അനുക്രമമായ പദ്ധതികൾ ആവിഷ്കരിച്ചാൽ വിദേശനിക്ഷേപം ലഭിക്കുമെന്നും പട്ടാഭിരാമൻ പറഞ്ഞു.

തൃശൂരിലെ വ്യവസായികൾ കേരളത്തിലും വിദേശത്തും വലിയ നിക്ഷേപം നടത്തുന്നവരാണെന്ന് ചർച്ചകൾക്ക് നേതൃത്വം നൽകിയ അബുദാബി ചേംബർ ബോർഡ് അംഗം എം.എ. യൂസഫലി പറഞ്ഞു. കേരളത്തിന്റെ വ്യവസായ മേഖലയിൽ ആകർഷകമായ പദ്ധതികൾ വരേണ്ടതുണ്ട്. സാമ്പത്തികമായി ഏറെ മുൻപന്തിയിൽ നിൽക്കുന്ന അബുദാബിയും മാനവവിഭവശേഷിയിൽ മുന്നിൽ നിൽക്കുന്ന കേരളവും ചേർന്ന് പ്രവർത്തിച്ചാൽ ഇരുനാടുകൾക്കും ഗുണകരമായ പദ്ധതികൾ നടപ്പാക്കാൻ കഴിയുമെന്ന് യൂസഫലി പറഞ്ഞു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള