‘നിലാപക്ഷികൾ’ പുസ്തക പ്രകാശനം 29ന്
Wednesday, October 26, 2016 8:20 AM IST
ദമാം: പ്രവാസി എഴുത്തുകാരി ഡോ. ടെസി റോണിയുടെ മൂന്നാമത് പുസ്തകം നിലാപക്ഷികൾ കവിതാ സമാഹാരം ഒക്ടോബർ 29ന് (ശനി) പ്രകാശനം ചെയ്യും.

രാത്രി എട്ടിന് സൗദി മലയാളീ സമാജം ദമാം ദാർ അസിഹ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സംഗമം മൻസൂർ പള്ളൂർ ഉദ്ഘാടനം ചെയ്യും. പ്രശസ്ത കഥാകൃത്ത് കെ.പി. രാമനുണ്ണി എഴുത്തുകാരിയും വിദ്യാഭ്യാസ പ്രവർത്തകയുമായ ശ്രീദേവി മേനോനു നൽകി പ്രകാശനം നിർവഹിക്കും. സാജിദ് ആറാട്ടുപുഴ പുസ്തകം പരിചയപ്പെടുത്തും. ചടങ്ങിൽ പ്രവിശ്യയിലെ സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു.

മാറുന്ന പ്രപഞ്ചം, നെഹീമിയ അലയുകയാണ് എന്നിവയാണ് 18 വർഷമായി സൗദിയിൽ ആതുര സേവന രംഗത്ത് സേവനമനുഷ്ഠിക്കുന്ന ഡോ. ടെസിയുടെ ആദ്യ പുസ്തകങ്ങൾ. ഡെസ്റ്റിനി ബുക്സാണ് പ്രസിദ്ധീകരണം നിർവഹിച്ചത്.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം