‘മഴവില്ല് 2016’ നവംബർ 11ന്
Wednesday, November 2, 2016 9:05 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾക്കായി നവംബർ 11 ന് ഖൈത്താൻ കാർമൽ സ്കൂളിൽ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം ‘മഴവില്ല്2016’ ന്റെ രജിസ്ട്രേഷൻ തുടരുന്നു.

കിന്റർ ഗാർഡൻ (എൽകെജി ആൻഡ് യുകെജി), ഒന്നു മുതൽ നാലു വരെ (സബ്ജൂണിയർ), അഞ്ചു മുതൽ എട്ടുവരെ (ജൂണിയേഴ്സ്), ഒമ്പതു മുതൽ 12 വരെ (സീനിയേഴ്സ്) എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. എല്ലാ വിഭാഗങ്ങളിലും ഒന്നാം സമ്മാനം നേടുന്നവർക്ക് സ്വർണ മെഡലുകൾ സമ്മാനമായി ലഭിക്കും. കൂടാതെ രണ്ടും മൂന്നും സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളുമായി ആകർഷകങ്ങളായ സമ്മാനങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കായി ഒരുക്കിയിട്ടുള്ളത്. മത്സരാർഥികൾക്ക് www.kalakuwait.com എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനിൽ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

നവംബർ 11 ന് ഉച്ചകഴിഞ്ഞ് 12.30 ന് കാർമൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന സമ്മേളനം. കേരള ലളിതകലാ അക്കാദമി സെക്രട്ടറിയും പ്രമുഖ ചിത്രകാരനുമായ പൊന്ന്യം ചന്ദ്രൻ പരിപാടിയിൽ മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ രക്ഷകർത്താക്കൾക്കും കുവൈത്തിലെ ചിത്രകാരന്മാർക്കുമായി സംഘടിപ്പിക്കുന്ന ഓപ്പൺ ക്യാൻവാസിൽ നിന്നും തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് സമ്മാനങ്ങൾ നൽകും.

നവംബർ 10ന് വൈകുന്നേരം ആറു മുതൽ എട്ടു വരെ മഴവില്ല് 2016 ൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കായി ചിത്രരചനയിലെ പുതിയ സങ്കേതങ്ങളെ കുറിച്ചുള്ള വർക്ഷോപ്പ് അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിക്കും. തുടർന്ന് കുവൈത്തിലെ ചിത്രകാരന്മാരെ ഉൾപ്പെടുത്തി ‘പുരാതന കലകളും ആധുനിക ചിത്രകലയും’ എന്ന വിഷയത്തിൽ മംഗഫ് കല ഓഡിറ്റോറിയത്തിൽ രാത്രി 8.30 ന് മുഖാമുഖം പരിപാടിയും ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: 97262978, 97683397, 66407670, 66174811.

റിപ്പോർട്ട്: സലിം കോട്ടയിൽ