മെൽബൺ ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ മിഷൻ ഞായർ ആചരിച്ചു
Wednesday, November 2, 2016 9:19 AM IST
മെൽബൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിൽ ചെറുപുഷ്പ മിഷൻ ലീഗിലെ കുട്ടികളുടെയും കോഓർഡിനേറ്റേഴ്സിന്റെയും നേതൃത്വത്തിൽ മിഷൻ ഞായർ ആചരിച്ചു. ഒക്ടോബർ 30ന് വിശുദ്ധ കുർബാനയോടെ ആരംഭിച്ച പരിപാടികൾ രണ്ടു സെന്ററുകളിലായിട്ടാണ് അരങ്ങേറിയത്.

സെന്റ് പീറ്റേഴ്സ് ചർച്ച് ക്ലെയ്റ്റനിൽ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിയും സെന്റ് മാത്യൂസ് ചർച്ച് ഫൊക്കാനറിൽ ഫാ. തോമസ് കുമ്പുക്കലും വിശുദ്ധ കുർബാന അർപ്പിച്ച് മിഷ്യൻ ഞായറിന്റെ സന്ദേശം നൽകി. തുടർന്ന് എട്ടു മുതൽ പതിനഞ്ചു വയസ് വരെയുള്ള കുട്ടികളുടെ നേതൃത്വത്തിൽ വിവിധ തരത്തിലുള്ള സ്റ്റാളുകൾ തയാറാക്കി പാവപ്പെട്ടവരെ സഹായിക്കാൻ ധനശേഖരണം നടത്തി.

മിഷൻ ലീഗ് ഡയറക്ടർമാരായ സജിമോൾ അനിൽ, മെജു അജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സോളമൻ പാലാക്കാട്ട്