ഗിഫ യുടെ ഹ്യുമാനിറ്റി സർവീസ് അവാർഡ് ജിഫ്ബിക്ക് സമ്മാനിച്ചു
Thursday, November 3, 2016 7:36 AM IST
ദോഹ: ഇന്തോ ഗൾഫ് ബന്ധം ഊഷ്മളമാക്കുന്നതിനും സാഹിത്യ സാംസ്കാരിക ജീവകാരുണ്യ പരിപാടികൾ പ്രോത്സാഹിപ്പിക്കുന്നതിനും രൂപീകൃതമായ ഗൾഫ് ഇന്ത്യ ഫ്രണ്ട്ഷിപ് അസോസിയേഷന്റെ പ്രഥമ ഹ്യുമാനിറ്റി സർവീസ് അവാർഡ് മലപ്പുറം ജില്ലയിലെ പുളിക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇസ്ലാമിക് ഫൗണ്ടേഷൻ ഫോർ ദ ബ്ളൈൻഡ്സിന് ( ജിഫ്ബിക്ക് ) സമ്മാനിച്ചു.

ജിഫ്ബി കാമ്പസിൽ നടന്ന കാഴ്ചയില്ലാത്തവരുടെ അഖിലേന്ത്യാ സംഗമത്തിൽ കാഷ് അവാർഡ് ഗിഫ ചെയർമാൻ പ്രഫ. എം. അബ്ദുൽ അലിയും ഫലകം അവാർഡ് കമ്മിറ്റി ചെയർമാൻ മുഹമ്മദുണ്ണി ഒളകരയും വിതരണം ചെയ്തു.

കേരള നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ടി.വി. ഇബ്രാഹിം എംഎൽഎ, മുനവറലി ശിഹാബ് തങ്ങൾ, പി.എ. ഇബ്രാഹിം ഹാജി, ഡോ. ഹുസൈൻ മടവൂർ, ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന്, അബ്ദുസമദ് സമദാനി, സൗദി അറേബ്യയിലെ വ്യവസായിക പ്രമുഖനായ അബ്ദുള്ള മുനീഫ് നഹ്ദി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

ജിഫ്ബിക്കുവേണ്ടി ചെയർമാൻ ഇ.ടി. മുഹമ്മദ് ബഷീർ എംപി അവാർഡ്
ഏറ്റുവാങ്ങി. ഗിഫ ചീഫ് കോഓർഡിനേറ്റർ അമാനുള്ള വടക്കാങ്ങര, ട്രഷറർ ജൗഹറലി തങ്കയത്തിൽ, ഉപദേശക സമിതിഅംഗം അഡ്വ. മുഹമ്മദ് ഇഖ്ബാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.