സൗദിയിൽ നിയമ ലംഘനം അറിയിക്കുന്നവർക്ക് പാരിതോഷികം
Monday, November 7, 2016 8:38 AM IST
ദമാം: രാജ്യത്തെ തൊഴിൽ മേഖലയിൽ നിയമലംഘനം സംബന്ധിച്ച് തൊഴിൽ മന്ത്രാലയം ആരംഭിച്ച സ്മാർട്ട് ഫോൺ അപ്ലിക്കേഷൻ വഴി വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകും. പദ്ധതി നവംബർ ആറു മുതൽ പ്രാബല്യത്തിൽ വന്നതായി സാമൂഹ്യവികസന മന്ത്രാലയ വക്‌താവ് ഖാലിദ് അബാഖൈൽ കഴിഞ്ഞ ദിവസം അറിയിച്ചു.

മആ ലിറസദ് എന്ന പേരിലുള്ള അപ്ലിക്കേഷൻ മുഖേനെയാണ് നിയമ ലംഘനത്തെക്കുറിച്ചു അറിയിക്കേണ്ടത്. നിയമ ലംഘകരിൽ നിന്നും ഈടാക്കുന്ന പിഴയുടെ പത്ത് ശതമാനമാണ് വിവരം നൽകുന്നവർക്ക് പാരിതോഷികമായി നൽകുക. വീസ കച്ചവടം, വീസ കച്ചവടത്തിനു ഇടനിലക്കാരാകുക, തൊഴിലാളികൾക്കു സുരക്ഷാ ക്രമീകരണം ഒരുക്കാതെ തൊഴിലെടുപ്പിക്കൽ, സ്വദേശികൾക്കു മാത്രമായി നിജപ്പെടുത്തിയ ജോലികളിൽ വിദേശികളെകൊണ്ട് ജോലി ചെയ്യിപ്പിക്കൽ, മധ്യാഹ്ന വിശ്രമ നിയമം ലംഘിച്ചു കൊടും ചുടിൽ തുറസായ സ്‌ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കൽ തുടങ്ങിയ നിയമലംഘനങ്ങളെക്കുറിച്ചു വിവരം നൽകുന്നവർക്ക് പാരിതോഷികം ലഭിക്കും. പാരിതോഷികം ലഭിക്കാൻ വ്യവസ്‌ഥകളും മാനദണ്ഡങ്ങളും ബാധകമാണ്.

എന്നാൽ തെറ്റായ വിവരം മൂന്നു തവണ തുടർച്ചയായി നൽകുന്നവർക്ക് ഈ അപ്ലിക്കേഷൻ വഴി പുതിയ പരാതി നൽകുന്നതിന് ആറു മാസത്തിൽ കുറയാത്ത കാലത്തേക്ക് വിലക്കുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.

നിയമ ലംഘനം രേഖപ്പെടുത്തിയ സഥാപന ഉടമക്കെതിരെയുള്ള അന്തിമ നടപടികളിൽ തീരുമാനമായ ശേഷമായിരിക്കും പാരിതോഷികം ലഭിക്കുക.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം