‘ലീഡേഴ്സ് ലീഡർ ഡേ’: കെ. മുരളീധരൻ 11, 12 തീയതികളിൽ ദമാമിൽ
Tuesday, November 8, 2016 7:37 AM IST
ദമാം: ഒഐസിസി ദമാം റീജണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ലീഡേഴ്സ് ലീഡർ ഡേ’ യിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ലീഡർ കെ. കരുണാകരന്റെ സ്മരണാർഥം നടത്തുന്ന ‘ഓർമകളിലെ ലീഡർ’ എന്ന പരിപാടിയിൽ മുൻ കെപിസിസി പ്രസിഡന്റ് കെ.മുരളീധരൻ എംഎൽഎ മുഖ്യാതിഥിയായി പങ്കെടുക്കും.

നവംബർ 11ന് (വെള്ളി) വൈകുന്നേരം നാലു മുതൽ ദമാം ടൊയോട്ട ക്രിസ്റ്റൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ കെപിസിസി സെക്രട്ടറി അഡ്വ. കെ. പ്രവീൺ കുമാർ മുഖ്യ പ്രഭാഷണം നടത്തും. ഒഐസിസി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അഹമ്മദ് പുളിക്കൽ, സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് പി.എം.നജീബ് ഉൾപ്പെടെയുള്ള ഗ്ലോബൽ, നാഷണൽ, റീജണൽ കമ്മിറ്റി നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും.

നവംബർ 12ന് (ശനി) രാവിലെ 10ന് ദമാം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘മീറ്റ് വിത്ത് കെഎം’ പരിപാടിയിൽ കെ. മുരളീധരൻ പങ്കെടുക്കും. തുടർന്ന് ഉച്ചക്ക് ദമാമിലെ മലയാളി വ്യവസായ സംരംഭകരുമായി ബിസിനസ് മീറ്റിലും അദ്ദേഹം വൈകുന്നേരം വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ വോട്ടർമാരുമായി കൂടിക്കാഴ്ച നടത്തുമെന്നും ദമാം റീജണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല വ്യക്‌തമാക്കി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം