ഫോട്ടോൺ 2016 സമാപിച്ചു
Tuesday, November 15, 2016 9:06 AM IST
ജിദ്ദ: വിദ്യാർഥികളുടെ ശാസ്ത്രാഭിരുചികളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി മഹദ് അൽ ഉലൂം ഇന്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ച 2016–17 വർഷത്തെ ശാസ്ത പ്രദർശനം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കൗതുകമായി. ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും നടന്ന പ്രദർശനം വീക്ഷിക്കുന്നതിന് നൂറു കണക്കിനാളുകളാണ് എത്തിച്ചേർന്നത്. കിംഗ് അബ്ദുൽഅസീസ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസറും ബയോ ഇൻഫോർമാറ്റിക്സ് വിഭാഗം മേധാവിയുമായ ഡോ. സജ്‌ജാദ് കരീം ഉദ്ഘാടനം ചെയ്തു. വിത്യസ്ത ശാസ്ത്ര വിഷയങ്ങൾ തമ്മിലുള്ള ബന്ധം ഊന്നിപ്പറഞ്ഞ അദ്ദേഹം ശാസ്ത്ര കൗതുകികളായ വിദ്യാർഥികളുമായി സംവദിച്ചു. സ്കൂൾ ഡയറക്ടർമാരായ അബ്ദുറൗഫ് പൂനൂർ, അബ്ദുറബ് ചെമ്മാട്, അബ്ദുറഹീം വണ്ടൂർ, മുജീബുറഹ്മാൻ എആർ നഗർ, സ്കൂൾ ഓപ്പറേഷൻസ് മാനേജർ യഹ്യ ഖലീൽ നൂറാനി, പ്രിൻസിപ്പൽ ഡോ. ഫിറോസ് മുല്ല, സ്കൂൾ സൂപ്രണ്ട് മൻസൂർ അലി മണ്ണാർക്കാട് തുടങ്ങിയവർ സംസാരിച്ചു. അക്കാഡമിക് എക്സിക്യൂട്ടീവ് ഓഫീസർ മരക്കാർ പുളിക്കൽ, സിസിഎ കൺവീനർ മുഹമ്മദ് റമീസ്, സയിദ് ശിഹാബ്, ശശിധരൻ, സി.കെ. മൻസൂർ, അദ്നാൻ അൻവർ, ശിഹാബ്, ശൗക്കത്ത് അലി, ഹംസ, മുഹമ്മദ് അൻസിഫ് തുടങ്ങിയവർ നേതൃത്വം നൽകി. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, ശുദ്ധ ജല ലഭ്യത, മലിനീകരണ നിയന്ത്രണം, സുനാമി അലാറം, പൊട്ടാറ്റോ ലോഞ്ചർ, അദൃശ്യ മനുഷ്യൻ , ചിരിക്കുന്ന തല തുടങ്ങി കൗതുകവും ആശ്ചര്യവുമുണർത്തിയ വിവിധ പ്രദർശനങ്ങൾ സന്ദർശകരിലുളവാക്കിയ വിവിധ ചോദ്യങ്ങൾക്ക് വിദ്യാർഥികൾ വിശദീകരണം നൽകി. ന്യൂ അൽ വുറൂദ് ഇന്റർനാഷണൽ സ്കൂൾ, അൽ നൂർ ഇന്റർനാഷണൽ സ്കൂൾ, തലാൽ ഇന്റർനാഷണൽ സ്കൂൾ തുടങ്ങി വിവിധ സിബിഎസ്ഇ സ്കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ, വിശിഷ്‌ട വ്യക്‌തികൾ, രക്ഷിതാക്കൾ തുടങ്ങിയവർ വിദ്യാർഥികളുടെ പ്രദർശനങ്ങൾ സന്ദർക്കാനെത്തിയിരുന്നു .

പെൺകുട്ടികളുടെ വിഭാഗത്തിൽ നടന്ന ശാസ്ത്ര മേള കിംഗ് അബ്ദുൽഅസീസ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസർ ഡോ. ഷാഹിദ അസീസ് ഖാൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സൽമ ഷെയ്ഖ് അധ്യക്ഷത വഹിച്ചു. കെജി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ വിവിധ ഇനം പ്രദർശനങ്ങൾ സന്ദർകരിൽ ഏറെ കൗതുകമുണർത്തി. ഹരിതോർജം, ജൈവ വൈവിധ്യം, ഗതാഗത വാർത്ത വിനിമയ രംഗത്തെ മാറ്റങ്ങൾ, ആരോഗ്യ പരിപാലനം തുടങ്ങി വിവിധ പ്രമേയങ്ങളെ ആധാരമാക്കി തയാർ ചെയ്ത പ്രദർശനങ്ങൾ വിദ്യാർഥികളുടെ ശാസ്ത്ര അഭിരുചികളെ വിളിച്ചോതുന്നതായിരുന്നു. എക്സ്പോ കൺവീനർ സൈഫുന്നിസ, കോഓർഡിനേറ്റർമാരായ അഫ്ഷാൻ ജബീൻ, നിഷ ശശിധരൻ, സമീറ, തെരേസ ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ ഹൗസുകളിലായി നടന്ന മത്സരങ്ങളിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ സഫയർ ഹൗസും പെൺകുട്ടികളുടെ വിഭാഗത്തിൽ റൂബി ഹൗസും ജേതാക്കളായി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ