കുവൈത്തിൽ ഇന്ദിരാഗാന്ധിയുടെ ജന്മദിനം ആചരിച്ചു
Tuesday, November 22, 2016 9:25 AM IST
കുവൈത്ത്: ഒഐസിസി കുവൈത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ ജന്മദിനം ആചരിച്ചു. ലോക രാഷ്ര്‌ടങ്ങൾക്ക് മുമ്പിൽ ഇന്ത്യയുടെ യശസ് ഉയർത്തിപിടിച്ച പ്രഗൽഭയായ ഭരണാധികാരിയായിരുന്നു ഇന്ദിരാജിയെന്ന് കെപിസിസി സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ്. ഇന്ദിരാഗാന്ധിയുടെ നൂറാമത് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിനുവേണ്ടി ജീവാർപ്പണം നടത്തിയ ദേശീയ നേതാക്കളെ തമസ്കരിക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ നീക്കങ്ങളെ ഗൗരവത്തോടെ കാണണമെന്ന് അദ്ദേഹം പറഞ്ഞു.

ഒഐസിസി കുവൈത്ത് നാഷണൽ കമ്മിറ്റി അബാസിയ പോപ്പിൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഒഐസിസി ദേശീയ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി.എസ്.പിള്ള, റിഷി ജേക്കബ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ