"സിംഗ് ഓസ്ട്രേലിയ വിത്ത് ജെറി അമൽദേവ്" സംഗീത നിശയ്ക്കായി മെൽബണ്‍ ഒരുങ്ങി
Sunday, September 17, 2017 2:32 AM IST
മെൽബണ്‍: ഓസ്ട്രേലിയയിൽ ഇദംപ്രഥമമായി മെൽബണിൽ അരങ്ങേറുന്ന "സിംഗ് ഓസ്ട്രേലിയ വിത്ത് ജെറി അമൽദേവ്" സംഗീത നിശയുടെ ടിക്കറ്റ് വിൽപ്പന സംഘാടകരായ മെൽബണ്‍ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ചു സെപ്തംബർ 17-നു കുർബാനാനന്തരം ഉദ്ഘാടനം ചെയ്തു. ഈ ദേവാലയത്തിന്‍റെ നിർമാണപ്രവർത്തനവുമായി ബന്ധപ്പെട്ട ധനശേഖരണാർത്ഥമാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്.

നവംബർ അഞ്ചാം തീയതി വൈകുന്നേരം നാലു മുതൽ മെൽബണിലെ കിംഗ്സ്ടൻ ഹാളിൽ വച്ചാണ് ഈ മാസ്മരസംഗീതവിരുന്ന് നിങ്ങൾക്കായി അരങ്ങേറുന്നത്. മലയാള സിനിമാചരിത്രത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റുകളായ ഒരുപിടി ഗാനങ്ങൾ സമ്മാനിച്ച പ്രതിഭാധനനായ സംഗീത സംവിധായകൻ ജെറി അമൽദേവ് 15-ൽ പരം കലാപ്രതിഭകൾക്കൊപ്പം അവതരിപ്പിക്കുന്ന സ്വരമധുരമായ ഈ സംഗീത വിരുന്നിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ആക്ഷൻ ഹീറോ ബിജു വരെയുള്ള ഇരുപതിൽപ്പരം മലയാള ചലച്ചിത്ര ഗാനങ്ങൾ കൂടാതെ ഹിന്ദി, ഇംഗ്ലീഷ്, ഹിബ്രു എന്നി ഭാഷകളിലുള്ള വൈവിധ്യമാർന്ന ഗാനങ്ങളിലൂടെയും സംഗീതാസ്വാദകർക്കായി ഒരു ഗംഭീര സദ്യയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

വളരെ കുറച്ച് സീറ്റുകൾ മാത്രം ലഭ്യമായ ഈ പരിപാടിയുടെ ടിക്കറ്റ് വിൽപ്പന അതിവേഗം പുരോഗമിക്കുന്നു. ടിക്കറ്റുകൾ ആവശ്യമുള്ളവർ എത്രയും പെട്ടെന്ന് താഴെയുള്ള നന്പരുകളുമായി ബന്ധപ്പെടുക. റവ.ഫാ എൽദോ 0469 660 919, സജി 0455 444 402, ബിജു 0433 559 259, എബി 0433 214 902, എൽദോ 0467 215 471..

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ