കൈവിടരുത്, സത്യസന്ധത
ഭാരതത്തിന്റെ യശസ് ആഗോളതലത്തിൽ വാനോളം ഉയർത്തിയ കവിയും സാഹിത്യത്തിനുള്ള നൊബേൽ സമ്മാന ജേതാവുമാണു രവീന്ദ്രനാഥ് ടാഗോർ (1861–1941). അദ്ദേഹത്തിന്റെ പിതാവായ ദിബേന്ദ്രനാഥിനെക്കുറിച്ച് ഒരു സംഭവകഥയുണ്ട്. ആ കഥ ശരിക്കും മനസിലാകണമെങ്കിൽ ദിബേന്ദ്രനാഥിന്റെ പിതാവായിരുന്ന ദ്വാരകനാഥിന്റെ കഥകൂടി അറിഞ്ഞിരിക്കണം.

സമ്പന്നമായ ഒരു കുടുംബത്തിലാണു ദ്വാരകനാഥ് ജനിച്ചത്. അദ്ദേഹത്തിനു പതിമൂന്നു വയസുള്ളപ്പോൾ തന്റെ പിതാവിനെ അദ്ദേഹത്തിനു നഷ്‌ടപ്പെട്ടു. എങ്കിലും പിതാവിന്റെ വിയോഗം അദ്ദേഹത്തിന്റെ വളർച്ചയ്ക്കു വിഘാതമായി നിന്നില്ല. എന്നുമാത്രമല്ല, അതിസമർഥനായിരുന്ന അദ്ദേഹം ചുരുങ്ങിയ കാലത്തിനുള്ളിൽ വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായി മാറി. ബംഗാളിലും ഒറീസയിലും വലിയ കാർഷിക എസ്റ്റേറ്റുകളുടെ ഉടമയായിരുന്ന അദ്ദേഹം കപ്പൽഗതാഗതത്തിലും കൽക്കരി ഖനനത്തിലുമൊക്കെ ഏർപ്പെട്ട് തന്റെ സമ്പത്ത് പതിന്മടങ്ങ് വർധിപ്പിച്ചു.

ദ്വാരകനാഥ് സ്‌ഥാപിച്ച യൂണിയൻ ബാങ്ക് ഇന്ത്യക്കാരാൽ സ്‌ഥാപിതമായ ആദ്യത്തെ ബാങ്കുകളിലൊന്നായിരുന്നു. ബിസിനസിലെന്നപോലെ വിദ്യാഭ്യാസ രംഗത്തും താത്പര്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെകൂടി പരിശ്രമഫലമായിട്ടായിരുന്നു 1816–ൽ ഹിന്ദു കോളജ് കൽക്കട്ടയിൽ സ്‌ഥാപിതമായത്. ഈ സ്‌ഥാപനമാണു പിൽക്കാലത്തു പ്രസിഡൻസി കോളജ് എന്ന പേരിൽ പ്രിസദ്ധമായിത്തീർന്നത്. സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കു വൻതുകകൾ സംഭാവന ചെയ്തിരുന്ന ദ്വാരകനാഥിന്റെ പരിശ്രമഫലമായിട്ടുകൂടിയായിരുന്നു കൽക്കട്ടയിലെ ആദ്യത്തെ മെഡിക്കൽ കോളജ് 1835–ൽ സ്‌ഥാപിതമായത്. അക്കാലത്തു സാമൂഹിക നവോത്ഥാനത്തിനു നേതൃത്വം നൽകിയിരുന്ന രാജാറാം മോഹൻ റോയിയുടെ ഉറ്റസുഹൃത്തും സഹായിയുമായിരുന്നു ദ്വാരകനാഥ്.

കടൽകടന്നുള്ള വിദേശയാത്ര നിഷിദ്ധമായിരുന്ന ഒരു കാലഘട്ടത്തിലാണു ദ്വാരകനാഥ് രണ്ടുതവണ യൂറോപ്യൻ യാത്ര നടത്തിയത്. എന്നാൽ, രണ്ടാം യാത്ര കഴിഞ്ഞ് അദ്ദേഹത്തിന് ഇന്ത്യയിൽ മടങ്ങിയെത്താനായില്ല. 1846 ഓഗസ്റ്റ് ഒന്നിന് അമ്പത്തിരണ്ടാം വയസിൽ ലണ്ടനിൽ അദ്ദേഹം നിര്യാതനായി. ദ്വാരകനാഥിന്റെ നിര്യാണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ബിസിനസുകൾ മുഴുവൻ നിയന്ത്രിച്ചിരുന്ന കാർ ടാഗോർ ആൻഡ് കമ്പനി വലിയ കടക്കെണിയിലായി. ബിസിനസിൽ എന്തും സംഭവിക്കാമെന്ന തിരിച്ചറിവുണ്ടായിരുന്ന ദ്വാരകനാഥ് തന്റെ അകാലനിര്യാണത്തിനു വളരെ വർഷങ്ങൾക്കു മുമ്പുതന്നെ തന്റെ ഭൂസ്വത്ത് മുഴുവനും മക്കൾക്കു ലഭിക്കത്തക്ക രീതിയിലുള്ള ഒരു ട്രസ്റ്റിനു രൂപം നൽകിയിരുന്നു.

ഈ ട്രസ്റ്റിന്റെ മറയിൽ ടാഗോർ കുടുംബത്തിനു തങ്ങളുടെ ഭൂസ്വത്ത് മുഴുവൻ കടക്കാരിൽനിന്നു സംരക്ഷിക്കാമായിരുന്നു. എന്നാൽ, ദ്വാരകനാഥിന്റെ പുത്രനും രവീന്ദ്രനാഥ് ടാഗോറിന്റെ പിതാവുമായിരുന്ന ദിബേന്ദ്രനാഥ് അങ്ങനെയല്ല ചെയ്തത്. അദ്ദേഹം തന്റെ പിതാവിനു കടം നൽകിയിരുന്നവരെയെല്ലാം വിളിച്ചുകൂട്ടി താനും തന്റെ സഹോദരങ്ങളും തങ്ങളുടെ ട്രസ്റ്റ് വഴി എല്ലാ കടങ്ങളും വീട്ടിയതിനു ശേഷമേ ട്രസ്റ്റിൽനിന്ന് എന്തെങ്കിലും ആനുകൂല്യങ്ങൾ കൈപ്പറ്റുകയുള്ളു എന്ന് അറിയിച്ചു. ദ്വാരകനാഥിന്റെ കടക്കാർ ഇതു കേട്ടപ്പോൾ അദ്ഭുതപരതന്ത്രരായി. വലിയ ത്യാഗംസഹിച്ച് പിതാവിന്റെ കടം വീട്ടുവാൻ സന്നദ്ധത പ്രകടിപ്പിച്ച ദിബേന്ദ്രനാഥിനെയും സഹോദരങ്ങളെയും അവർ അഭിനന്ദിച്ചു. എന്നുമാത്രമല്ല, ടാഗോർ കുടുംബത്തിന്റെ അനുദിന ചെലവുകൾ നടന്നുപോകുന്നതിനുവേണ്ടി കുറേ തുക ഓരോ മാസവും മാറ്റിവച്ചതിനു ശേഷമായിരുന്നു കടക്കാർ അവർക്കു മടക്കിക്കിട്ടുവാനുള്ള തുക ട്രസ്റ്റിൽനിന്നു സ്വീകരിച്ചത്.

അധികം താമസിയാതെ കടക്കാർ മറ്റൊരു കാര്യവുംകൂടി ചെയ്തു. ട്രസ്റ്റിന്റെ സകല ഭൂസ്വത്തുക്കളുടെയും നിയന്ത്രണവും അവയുടെ നടത്തിപ്പും ദിബേന്ദ്രനാഥിനെ അവർ തിരികെ ഏൽപ്പിച്ചു. കാരണം, അദ്ദേഹത്തിന്റെ സത്യസന്ധതയേയും സ്വഭാവ വൈശിഷ്‌ട്യത്തെയുംകുറിച്ച് അവർക്ക് അത്രമാത്രം ബഹുമാനമായിരുന്നു. ഇത്രയും ഉത്കൃഷ്ടമായ സ്വഭാവത്തിന്റെ ഉടമയാണു രവീന്ദ്രനാഥ് ടാഗോർ എന്ന മഹാനായ മനുഷ്യനു ജന്മം നൽകിയത് എന്ന് അറിയുമ്പോൾ നാം ദിബേന്ദ്രനാഥിന്റെ മുമ്പിൽ തലകുനിക്കുകതന്നെ ചെയ്യും.

മഹാറിഷി എന്ന് അറിയപ്പെട്ടിരുന്ന ദിബേന്ദ്രനാഥ് വളരെ ഉത്കൃഷ്ടമായ സ്വഭാവത്തിന്റെ ഉടമയായിരുന്നു. അദ്ദേഹത്തിന്റെ പതിനാലാമത്തെ പുത്രനായിരുന്ന രവീന്ദ്രനാഥ് ടാഗോറും തന്റെ പിതാവിന്റേതുപോലെയുള്ള ഔന്നത്യമേറിയ സ്വഭാവത്തിന്റെ ഉടമയായിരുന്നു. ഇവരെപ്പോലെ ഉത്കൃഷ്‌ടമായ സ്വഭാവമുള്ള അധികമാളുകളെ നമ്മുടെയിടയിൽ ഇന്ന് നാം കണ്ടെത്തുമോ?

നാം എന്തിനു മറ്റുള്ളവരെക്കുറിച്ചു പറയുന്നു? നമുക്കു നമ്മുടെ കാര്യം തന്നെ എടുക്കാം. നാം സത്യസന്ധരാണോ? സമഗ്രമായ വ്യക്‌തിത്വവും ഉത്കൃഷ്‌ടമായ സ്വഭാവവുമുള്ളവരാണോ നമ്മൾ? എങ്കിൽ നമുക്ക് അഭിമാനിക്കാൻ വകയുണ്ട്. എന്നാൽ, സത്യസന്ധതയുടെ കാര്യത്തിൽ നാം പിന്നിലാണോ? സ്വഭാവവൈശിഷ്‌ട്യം എന്നതു നമുക്ക് അന്യമാണോ? എങ്കിൽ നമുക്കു ലജ്‌ജിക്കേണ്ടതായി വരും.

തങ്ങളുടെ പിതാവ് സ്‌ഥാപിച്ച ട്രസ്റ്റിന്റെ മറയിൽ കടക്കാരിൽനിന്നു ദിബേന്ദ്രനാഥിനും സഹോദരങ്ങൾക്കും രക്ഷപ്പെടാമായിരുന്നു. എന്നാൽ, അവർ അങ്ങനെ ചെയ്തില്ല. അതിനു പകരം സത്യസന്ധതയോടെയും നീതിയോടെയും അവർ പ്രവർത്തിച്ചു. അതാണവരെ വലിയ മനുഷ്യരാക്കി മാറ്റിയത്. സ്വാർഥലാഭത്തിനുവേണ്ടി സത്യസന്ധതയും നീതിബോധവും ഉപേക്ഷിക്കാനുള്ള പ്രലോഭനം എപ്പോഴും നമുക്കുണ്ടാകും. അങ്ങനെയുള്ള പ്രലോഭനങ്ങളെ സധൈര്യം എതിർത്തു തോൽപ്പിച്ചാൽ മാത്രമേ നമ്മുടെ സ്വഭാവ വൈശിഷ്‌ട്യം നമുക്ക് ഉറപ്പുവരുത്താനാകൂ. അപ്പോൾ മാത്രമേ ഉത്കൃഷ്ടമായ വ്യക്‌തിത്വത്തിന്റെ ഉടമകളായി നമുക്കു മാറുവാൻ സാധിക്കൂ.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ