ഇരട്ട ആയുസ്
ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ ഇരട്ടകളായ പുരുഷ സഹോദരന്മാർ ബൽജിയത്തിലെ പീറ്ററും പാവ്ലസ് ലാംഗ്റോക്കുമാണ്. 103 വയസ് പിന്നിട്ട ഈ അവിവാഹിത സഹോദരങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിൽ കോടതിയിൽ മജിസ്ട്രേറ്റുമാരായിരുന്നു. കുട്ടികളും പേരക്കുട്ടികളുമില്ലാത്തതിന്റെ ദുഃഖം ഇരുവരെയും അലട്ടുന്നുണ്ടെങ്കിലും ഇവർ ഉറ്റ സുഹൃത്തുക്കളെപ്പോലെ ജീവിക്കുന്നു. എപ്പോഴും വൃത്തിയായി വസ്ത്രധാരണം ചെയ്യുന്ന ഇരുവരും ബൽജിയത്തിലെ ഒരു നഴ്സിംഗ് ഹോമിലാണു വാർധക്യകാലം ചെലവിടുന്നത്. അമേരിക്കക്കാരായിരുന്ന ഇരട്ട സഹോദരങ്ങൾ ഗ്ലന്നിന്റെയും ഡേൽമോയറിന്റെയും 105 വയസിന്റെ റിക്കാർഡ് തകർക്കണമെങ്കിൽ പീറ്റർ പാവ്ലസ് സഹോദരന്മാർക്ക് രണ്ടുവർഷംകൂടി കാത്തിരിക്കേണ്ടിവരും.

ജർമനിയിലെ ബാരോംഗിലുള്ള ആദിവാസികളായ ഷെല്ലയും മരോളയും ഒരു മിനിട്ടിന്റെ വ്യത്യാസത്തിലാണു ജനിച്ചത്. നാടോടി നൃത്തരംഗത്തെ മികച്ച കലാകാരികളായിരുന്നു ഇരുവരും. മരിയ വല്ലിസറും മിഖേല വല്ലിസറും ജർമനിയിലെ പേരെടുത്ത അത്ലറ്റിക് ഇരട്ടകളായിരുന്നു. സ്കേറ്റിംഗ് ചാമ്പ്യന്മാരായിരുന്ന തോമസ് വിസ്ബർഗും ആൽബർട്ട് വിസ്ബർഗും രാജ്യത്തിന്റെ യശസ് ഉയർത്തിയ സഹോദരന്മാരായിരുന്നു. ഓസ്ട്രേലിയയും ഇരട്ടകളുടെ കാര്യത്തിൽ ഒട്ടും തന്നെ പിന്നിലായിരുന്നില്ല. കാത്റിന വിറ്റും വിർജീനിയ വിറ്റും പോപ് മ്യൂസിക് നൃത്തരംഗങ്ങളിൽ ഓസ്ട്രേലിയയുടെ പേര് സുവർണലിപികളിൽ കുറിച്ചവരാണ്. ഉയരംകുറഞ്ഞ ഇരട്ടകളായിരുന്നു ഫ്ളോറിഡയിലെ ജോൺ ഗ്രെഗ്റൈസ് സഹോദരങ്ങൾ. അവരുടെ ഉയരം 34 ഇഞ്ച് ആയിരുന്നു. 38 ജോടി ഇരട്ടകൾ ദക്ഷിണകൊറിയയിലെ ചുങ്ചോൻ ഗ്രാമത്തിൽ താമസിച്ചിരുന്നു. നേറിക്കോയാമാഷിത അഞ്ച് ഇരട്ടക്കുട്ടികളെ പ്രസവിച്ച് റിക്കാർഡിട്ട ആദ്യകാല ഗിന്നസ് വനിതയാണ്.

ഭാരതീയർക്കും പറയാനുണ്ട് ഇരട്ട മാഹാത്മ്യം. കാൺപൂരിലെ ബിർഹാന റോവ്ഡ് കുടുംബത്തിലെ ഇരട്ടകളായ റാമും ലക്ഷ്മണനും വിവാഹം കഴിച്ചതും ഭാര്യമാർ പ്രസവിച്ചതും ഇരട്ടകളെയാണ്. സ്വഭാവത്തിലും രൂപത്തിലും ഒരു കാലത്ത് ഏറ്റവുമധികം ഐക്യം കാത്തുസൂക്ഷിച്ച ഇരട്ട സഹോദരങ്ങളായിരുന്നു ഗോവിന്ദരാമന്മാർ. ഇരുവർക്കുംകൂടി ഒരു ഭാര്യയെ ഉണ്ടായിരുന്നുള്ളു.

ജോർജ് മാത്യു പുതുപ്പള്ളി