നന്ദി പറഞ്ഞു നല്ലവരാകാം
ഫിലോസഫി, ചരിത്രം, ഗ്രാമർ എന്നിങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ച് എഴുതിയിട്ടുള്ള റോമൻ ഗ്രന്ഥകാരനാണ് ആവുളൂസ് ഗേല്ലിയൂസ്. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഗ്രന്ഥമാണ് ’ആറ്റിക്ക നൈറ്റ്സ്’. ഗ്രീസിലെ ആറ്റിക്ക പ്രദേശത്തെ കൊടുംതണുപ്പുകാലത്ത് അവിടെവച്ചാണ് ഗേല്ലിയൂസ് ഈ ഗ്രന്ഥം തയാറാക്കാൻ തുടങ്ങിയതെന്നു കരുതപ്പെടുന്നു. ഇരുപതു ഭാഗങ്ങളായി തയാറാക്കപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥത്തിൽ കൊടുത്തിരിക്കുന്ന പ്രസിദ്ധമായ ഒരു കഥയാണ് ആൻഡ്രോക്സിസും സിംഹവും. ഈ നാടോടിക്കഥ അനുസരിച്ച് ആഫ്രിക്കയിൽ സേവനമനുഷ്ഠിച്ചിരുന്ന ഒരു റോമൻ കോൺസുളിന്റെ അടിമയായിരുന്നു ആൻഡ്രോക്ലിസ്. കോൺസുളിനു ദാസ്യവൃത്തി ചെയ്യാൻ ഇഷ്ടപ്പെടാതിരുന്ന അയാൾ ഒരുദിവസം കാട്ടിലേക്ക് ഒളിച്ചോടി ഒരു ഗുഹയിൽ അഭയം പ്രാപിച്ചു.

അപ്പോൾ ആൻഡ്രോക്ലിസ് അവിടെ കണ്ടതു നാലുകാലിൽ എണീറ്റ് നിൽക്കാൻ വിഷമിക്കുന്ന ഒരു സിംഹത്തെയാണ്. സിംഹത്തെ കണ്ടയുടനെ തിരിഞ്ഞോടാൻ അയാൾക്കു തോന്നിയെങ്കിലും സിംഹത്തിന് എന്തോ പരിക്കു പറ്റിയതാണെന്നു മനസിലാക്കി അവിടെത്തന്നെ കുറേ സമയം നിന്നു. സിംഹം ഉപദ്രവിക്കില്ലെന്നു മനസിലായപ്പോൾ അയാൾ സാവധാനം സിംഹത്തെ സമീപിച്ചു. സിംഹത്തിന്റെ മുൻകാലുകളിലൊന്ന് നീരു വന്നു വീർത്തിരിക്കുകയായിരുന്നു. ആൻഡ്രോക്ലിസ് സിംഹത്തെ സമീപിച്ചപ്പോൾ സിംഹം അതിന്റെ നീരുവന്ന മുൻകാൽ അയാളുടെ നേരേ നീട്ടി. അയാൾ ആ കാൽ പരിശോധിച്ചപ്പോൾ വലിയ ഒരു മുള്ള് കാലിൽ തറച്ചിരിക്കുന്നതായി കണ്ടെത്തി. ഉടനെ അയാൾ ആ മുള്ള് പുറത്തെടുത്തു സിംഹത്തിന്റെ കാലിൽ മയമായി തടവിക്കൊടുത്തു. അപ്പോൾ ഒരു നായ്ക്കുട്ടിയെപ്പോലെ സിംഹം ആൻഡ്രോക്ലിസിനെ നക്കാൻ തുടങ്ങി.

ആൻഡ്രോക്ലിസിന്റെ പരിചരണം ലഭിച്ചതിനെത്തുടർന്ന് സിംഹത്തിന്റെ കാൽ വേഗം സുഖമായി. അതിനുശേഷം വേട്ടയാടാൻ പോയ സിംഹം തനിക്കു കിട്ടിയ വേട്ടമൃഗത്തിന്റെ ഒരുഭാഗം ഗുഹയിൽ കൊണ്ടുവന്ന് ആൻഡ്രോക്ലിസിനു കൊടുത്തു. അന്നുമുതൽ സിംഹമായിരുന്നു ആൻഡ്രോക്ലിസിന് ആവശ്യമുള്ള കാട്ടിറച്ചി എത്തിച്ചിരുന്നത്. ആൻഡ്രോക്ലിസ് മൂന്നുവർഷം ആ സിംഹത്തോടൊപ്പം ഗുഹയിൽ താമസിച്ചു. ഒരുദിവസം മറ്റു മനുഷ്യരെ കാണാനുള്ള മോഹംമൂലം അയാൾ കാട്ടിൽനിന്ന് തന്റെ പഴയ വാസസ്‌ഥലത്തേക്കു മടങ്ങി. അയാൾ അവിടെ എത്തിയയുടനെ അറസ്റ്റുചെയ്യപ്പെട്ടു റോമിലേക്ക് അയയ്ക്കപ്പെട്ടു. കുറേനാൾ കഴിഞ്ഞപ്പോൾ വധശിക്ഷയ്ക്കായി അയാൾ വിധിക്കപ്പെട്ടു. സിംഹത്തിന്റെ മുൻപിൽ എറിയപ്പെട്ടു വധിക്കപ്പെടാനായിരുന്നു ചക്രവർത്തിയുടെ തീരുമാനം.

ചക്രവർത്തിയുടെയും ജനങ്ങളുടെയും സാന്നിധ്യത്തിൽ ആൻഡ്രോക്ലിസിനെ റോമിലെ കൊളോസിയത്തിലേക്കു കൊണ്ടുവന്നു. അതിനുശേഷം ഭീമാകാരനായ ഒരു സിംഹത്തെ അവിടേക്ക് അഴിച്ചുവിട്ടു. നിരവധി ദിവസം പട്ടിണി കിടത്തിയശേഷം അഴിച്ചുവിടപ്പെട്ട സിംഹമായിരുന്നു അത്. ആൻഡ്രോക്ലിസിനെ കണ്ടയുടനെ പാഞ്ഞെത്തിയ സിംഹം അയാളെ അതിവേഗം കടിച്ചുകീറുമെന്നായിരുന്നു ചക്രവർത്തിയും ജനങ്ങളും കരുതിയത്. എന്നാൽ സംഭവിച്ചത് അങ്ങനെയല്ലായിരുന്നു. ആൻഡ്രോക്ലിസിന്റെ അരികിൽ പാഞ്ഞെത്തിയ സിംഹം അയാളെ ആശ്ലേഷിക്കുകയും അയാളുടെ മുഖവും കൈകളുമൊക്കെ നക്കിത്തുടയ്ക്കുകയും ചെയ്തു. ഇതു കാണാനിടയായ ചക്രവർത്തി അദ്ഭുതപ്പെട്ട് ആൻഡ്രോക്ലിസിനോട് കാര്യം തിരക്കി. അപ്പോൾ കാട്ടിൽവച്ചു താൻ സിംഹത്തെ ശുശ്രൂഷിച്ച കഥയും മറ്റും അയാൾ വിവരിച്ചു. ഉടനെതന്നെ ചക്രവർത്തി അയാളെ മോചിപ്പിക്കുകയും സിംഹത്തെ അയാൾക്കു വിട്ടുകൊടുക്കുകയും ചെയ്തു. സിംഹമാകട്ടെ ഒരു നായക്കുട്ടിയെപ്പോലെ അനുസരണയുള്ളവനായി അയാളെ അനുഗമിച്ചു.

ഒരു വന്യമൃഗമായ സിംഹത്തിന്റെ നന്ദിപ്രകടനത്തിന്റെ ഈ കഥ ഈസോപ്പുകഥകൾ ഉൾപ്പെടെയുള്ള പല കഥാസമാഹാരങ്ങളിലും പിൽക്കാലത്ത് ചുരുക്കം ചില വ്യത്യാസങ്ങളോടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചരിത്രകാരനും ദൈവശാസ്ത്രജ്‌ഞനും അസാധാരണ പണ്ഡിതനുമായിരുന്ന വിശുദ്ധ ജെറോമിന്റെ (347–420) ജീവിതത്തിലും ഇതുപോലൊരു സിംഹത്തിന്റെ കഥ നാം വായിക്കുന്നുണ്ട്. ആൻഡ്രോക്ലിസിന്റെയും സിംഹത്തിന്റെയും കഥയെ ആധാരമാക്കി ഐറിഷ് നാടകകൃത്തായിരുന്ന ബർണാർഡ് ഷാ 1912–ൽ ഒരു നാടകം അവതരിപ്പിക്കുകയുണ്ടായി. അതിനു പിന്നാലെ ഈ കഥയെ ആധാരമാക്കി 1912–ൽതന്നെ ഒരു സിനിമയും പുറത്തിറങ്ങുകയുണ്ടായി. ഈ നാടോടിക്കഥയെ ആധാരമാക്കി 2010–ലും ഒരു സിനിമ നിർമിക്കപ്പെട്ടു എന്നു കേൾക്കുമ്പോൾ ഈ കഥ മനുഷ്യഹൃദയങ്ങളെ എത്രമാത്രം ഇന്നും ആകർഷിക്കുന്നു എന്നു വ്യക്‌തമാണല്ലോ.

ഒരു വന്യമൃഗമായ സിംഹത്തിനു നന്ദിപ്രകടിപ്പിക്കാൻ അറിയാമെങ്കിൽ സംസ്കാരസമ്പന്നർ എന്ന് അഭിമാനിക്കുന്ന നമ്മൾ നന്ദിപ്രകടനത്തിൽ എപ്പോഴും മുൻപന്തിയിൽ നിൽക്കേണ്ടതല്ലേ? എന്നാൽ നന്ദിപ്രകടനത്തിന്റെ കാര്യംവരുമ്പോൾ നാം പലപ്പോഴും പിൻപിൽ പോകുന്നില്ലേ എന്നു സംശയിക്കണം. നാം എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ് എന്ന് നമുക്കറിയാം.എന്നാൽ, ദൈവം നമുക്ക് നൽകുന്ന എണ്ണമില്ലാത്ത ദാനങ്ങളെക്കുറിച്ച് നാം എന്നും ദൈവത്തിനു നന്ദിപറയാറുണ്ടോ? എങ്കിൽ അത് അഭിനന്ദനാർഹംതന്നെ. ദൈവം നമുക്ക് പലപ്പോഴും ദാനങ്ങൾ നൽകുന്നതു മറ്റുള്ളവർവഴിയാണല്ലോ. പ്രത്യേകിച്ച് നമ്മുടെ മാതാപിതാക്കളും ബന്ധുക്കളും സ്നേഹിതരുമൊക്കെവഴി. അങ്ങനെ ദൈവം അവരിലൂടെ നമുക്ക് നന്മകൾ ചെയ്യുമ്പോൾ അവരോടും നാം നന്ദിയുള്ളവരാകേണ്ടേ?

നമ്മുടെ വാക്കിലും പ്രവൃത്തിയിലും നാം മറ്റുള്ളവരോട് നന്ദിയുള്ളവരാണെങ്കിൽ അതിൽ തീർച്ചയായും നമുക്ക് അഭിമാനിക്കാം. എന്നാൽ, നമ്മുടെ വാക്കിലും പ്രവൃത്തിയിലും നന്ദിയുടെ ഒരംശംപോലുമില്ലെങ്കിൽ നാം ലജ്‌ജിക്കുകതന്നെ വേണം. കാരണം, ബുദ്ധിശക്‌തിയില്ലാത്ത മൃഗങ്ങൾപോലും നന്ദിപ്രകടനത്തിൽ ഒട്ടും പിൻപിലല്ലല്ലോ. മുകളിൽ കൊടുത്തിരിക്കുന്ന സിംഹത്തിന്റെ കഥ അതാണല്ലോ വ്യക്‌തമാക്കുന്നത്. നമ്മുടെ ഹൃദയത്തിൽ നന്മ ഉണ്ടെങ്കിൽ തീർച്ചയായും നമ്മുടെ ഹൃദയത്തിൽ നന്ദിയും ഉണ്ടാവും. എന്നു മാത്രമല്ല, അതു നമ്മുടെ വാക്കിലും പ്രവൃത്തിയിലും പ്രത്യക്ഷമാവുകയും ചെയ്യും. നമുക്ക് നന്മയുള്ള മനുഷ്യരായി മാറാം. അപ്പോൾ നാം അറിയാതെതന്നെ നന്ദിയാൽ നമ്മുടെ ഹൃദയം നിറയുകയും ചെയ്യും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ