നേതാക്കൾ സത്യസന്ധരാകണം, നമ്മളും
1909 മുതൽ 1934 വരെ ബൽജിയം ഭരിച്ച രാജാവായിരുന്നു ആൽബർട്ട് ഒന്നാമൻ (1875–1934). ആൽബർട്ടിന്റെ പിതൃസഹോദരനായ ലെയോപോൾഡ് രണ്ടാമൻ രാജാവിന്റെ കാലശേഷമായിരുന്നു ആൽബർട്ട് രാജാവായി സ്‌ഥാനമേറ്റത്. ലെയോപോൾഡ് രണ്ടാമന്റെ കിരീടാവകാശിയായിരുന്ന ലെയോപോൾഡ് രാജകുമാരൻ രാജാവിന്റെ ഏകമകനായിരുന്നു. ആ രാജകുമാരൻ പത്താംവയസിൽ ന്യൂമോണിയ മൂലം മൃതിയടഞ്ഞപ്പോൾ ലെയോപോൾഡിന്റെ സഹോദരനും ആൽബർട്ടിന്റെ പിതാവുമായ ഫിലിപ് രാജകുമാരൻ കിരീടാവകാശിയായി. എന്നാൽ അദ്ദേഹവും മൃതിയടഞ്ഞതുകൊണ്ട് പതിനാറാം വയസിൽ ആൽബർട്ട് കിരീടാവകാശിയായി.

കിരീടാവകാശിയായിത്തീർന്ന ആൽബർട്ട് രാജകുമാരൻ താൻ ഏറ്റെടുക്കാൻപോകുന്ന സ്‌ഥാനത്തിനുവേണ്ടി വലിയ ഒരുക്കങ്ങൾ നടത്തുകയുണ്ടായി. ആ ഒരുക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു ആൽബർട്ട് രാജകുമാരൻ രാജ്യം മുഴുവൻ സഞ്ചരിക്കുകയും ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടു മനസിലാക്കുകയും ചെയ്തത്. ലെയോപോൾഡ് രണ്ടാമന്റെ മരണശേഷം മുപ്പത്തിനാലാം വയസിൽ ആൽബർട്ട് സ്‌ഥാനമേറ്റെടുത്തപ്പോൾ എല്ലാവിധത്തിലും ആ സ്‌ഥാനത്തിന് അദ്ദേഹം അർഹനായിരുന്നു.

ആൽബർട്ട് രാജാവും അദ്ദേഹത്തിന്റെ പത്നി എലിസബത്ത് രാജ്‌ഞിയും അതിവേഗം ജനങ്ങൾക്കു പ്രിയപ്പെട്ടവരായി മാറി. അതിന്റെ പ്രധാനകാരണം അവരുടെ ലളിതജീവിതവും മാതൃകാപരമായ കുടുംബജീവിതവുമായിരുന്നു. അതുപോലെതന്നെ അവരുടെ മതജീവിതവും ജനങ്ങൾക്കു പ്രിയങ്കരമായിരുന്നു. 1913 നവംബറിൽ ആൽബർട്ട് രാജാവ് തന്റെ കസിനും ജർമൻ ചക്രവർത്തിയുമായിരുന്ന കൈസർ വില്യം രണ്ടാമനെ സന്ദർശിക്കാൻ ജർമനിയിലെത്തി. അപ്പോൾ അപ്രതീക്ഷിതമായി ഫ്രാൻസിനെതിരേ യുദ്ധം ചെയ്യാനുള്ള സഹായം ജർമൻ ചക്രവർത്തി ആൽബർട്ട് രാജാവിനോട് അഭ്യർഥിച്ചു. ഫ്രാൻസ് ജർമനിയുമായി യുദ്ധം ആരംഭിക്കുന്നതിനു മുൻപ്ഫ്രാൻസിനെ ആക്രമിക്കുന്നതിനായി തന്റെ പടയാളികളെ ബൽജിയത്തിലൂടെ കടത്തിവിടണമെന്നുമായിരുന്നു ചക്രവർത്തിയുടെ അഭ്യർഥന. ഈ അഭ്യർഥന കേട്ട രാജാവിന് അതു വിശ്വസിക്കാൻ സാധിച്ചില്ല.

സത്യസന്ധനും നീതിനിഷ്ഠനുമായിരുന്ന ആൽബർട്ട് രാജാവിനു ജർമനിയുടെ യുദ്ധക്കൊതി അൽപംപോലും ഇഷ്ടപ്പെട്ടില്ല. എന്നു മാത്രമല്ല, 1839–ലെ ലണ്ടൻ ഉടമ്പടി അനുസരിച്ച് ബൽജിയം സമ്പൂർണ നിഷ്പക്ഷത പുലർത്താൻ ബാധ്യസ്‌ഥവുമായിരുന്നു. അക്കാര്യം ചൂണ്ടിക്കാണിച്ച് ചക്രവർത്തിയുടെ അഭ്യർഥന മാനിക്കാൻ സാധ്യമല്ലെന്നു രാജാവ് ചക്രവർത്തിയെ അറിയിച്ചു. എന്നാൽ ആൽബർട്ട് രാജാവ് ബൽജിയത്തിൽ മടങ്ങിയെത്തിയ ഉടനെ ജർമൻ ചക്രവർത്തി ബൽജിയത്തിന് അന്ത്യശാസനം കൊടുത്തു. ഫ്രാൻസിലൂടെ കടന്നുപോകാൻ ജർമൻ പട്ടാളത്തെ അനുവദിക്കണമെന്നും അല്ലാത്തപക്ഷം ജർമനി ബൽജിയത്തെ ആക്രമിക്കുമെന്നുമായിരുന്നു അന്ത്യശാസനം. ആൽബർട്ട് രാജാവ് ആ അന്ത്യശാസനം വകവച്ചില്ല. ജർമനിയുടെ ആവശ്യം രാജാവ് നിഷേധിച്ചു.

1914 ഓഗസ്റ്റ് രണ്ടിനായിരുന്നു കത്തുമൂലം ജർമനി അന്ത്യശാസനം നൽകിയത്. അതനുസരിച്ചു പ്രവർത്തിക്കാൻ ബൽജിയം തയാറാകാതിരുന്നതുമൂലം 1914 ഓഗസ്റ്റ് നാലിന് ജർമൻ പട്ടാളം ബൽജിയത്തിലേക്ക് ഇരച്ചുകയറി. ആൽബർട്ട് രാജാവ് തന്റെ പട്ടാളക്കാരോടൊപ്പം വീറോടെ പൊരുതി. ബൽജിയത്തിന് എതിർത്തുനിൽക്കാൻ സാധിക്കുന്നതായിരുന്നില്ല ജർമൻ ആക്രമണം. ബൽജിയത്തിന്റെ തലസ്‌ഥാനമായ ബ്രസൽസ് ഉൾപ്പെടെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ജർമനിയുടെ അധീനതയിലായി. 1914 നവംബർ ആയപ്പോഴേക്കും ബൽജിയത്തിന്റെ വടക്കുഭാഗത്തെ കുറേ സ്‌ഥലം മാത്രമേ ആൽബർട്ട് രാജാവിന്റെ അധീനതയിലുണ്ടായിരുന്നുള്ളൂ. ബ്രിട്ടന്റെയും മറ്റും സഹായംകൊണ്ടായിരുന്നു അവിടെ പിടിച്ചുനിൽക്കാൻ ആൽബർട്ട് രാജാവിനു സാധിച്ചത്.

ബൽജിയത്തിന്റെ 90 ശതമാനം പ്രദേശങ്ങളും ജർമനിയുടെ അധീനതയിലായപ്പോൾ ലണ്ടനിൽനിന്നു പ്രസിദ്ധീകരിച്ചിരുന്ന പഞ്ച് മാസികയിൽ ഒരു കാർട്ടൂൺ പ്രത്യക്ഷപ്പെട്ടു. ആൽബർട്ട് രാജാവും ജർമൻ ചക്രവർത്തിയും പരസ്പരം സംസാരിക്കുന്ന ഒരു കാർട്ടൂൺ ആയിരുന്നു അത്. അന്താരാഷ്ട്ര പ്രസിദ്ധി പിടിച്ചുപറ്റിയ ആ കാർട്ടൂണിന്റെ അടിക്കുറിപ്പ് ഇപ്രകാരമായിരുന്നു.
കൈസർ: ‘ഇപ്പോൾ കണ്ടില്ലേ നിനക്ക് എല്ലാം നഷ്ടപ്പെട്ടു.‘
ആൽബർട്ട് രാജാവ്: ‘ഇല്ല, എന്റെ ആത്മാവ് നഷ്ടപ്പെട്ടിട്ടില്ല.‘

വളരെ അർഥസമ്പന്നമായിരുന്നു ഈ അടിക്കുറിപ്പ്. ജർമനി വളരെ എളുപ്പത്തിൽ തന്റെ രാജ്യത്തെ പരാജയപ്പെടുത്തുമെന്ന് അറിഞ്ഞിട്ടും സത്യത്തിനും നീതിക്കും വിരുദ്ധമായി പ്രവർത്തിക്കാൻ ആൽബർട്ട് രാജാവ് തയാറായില്ല. ജർമൻ ചക്രവർത്തി തന്റെ കസിനായിരുന്നെങ്കിലും ബന്ധം ഓർത്ത് ചക്രവർത്തിയെ പിന്തുണയ്ക്കാൻ രാജാവിന്റെ ധാർമികത അനുവദിച്ചില്ല. അതായത് തന്റെ ആത്മാവ് പണയപ്പെടുത്തി ഭൗതികനേട്ടങ്ങൾ നേടാൻ ആൽബർട്ട് രാജാവ് തയാറായില്ല എന്നു വ്യക്‌തം. തന്മൂലമാണല്ലോ പഞ്ച് മാസിക ആൽബർട്ട് രാജാവിനെ മുക്‌തകണ്ഠം പ്രശംസിക്കുന്ന തരത്തിലുള്ള ഈ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്.

ആൽബർട്ട് രാജാവിന്റെ ഈ കഥ കേൾക്കുമ്പോൾ അദ്ദേഹത്തെപ്പോലെ നീതിബോധവും ധാർമികനിഷ്ഠയുമുള്ള നേതാക്കൾ നമ്മുടെ വിവിധ ജീവിതരംഗങ്ങളിൽ ഉണ്ടായിരുന്നെങ്കിൽ എന്നു നാം സ്വാഭാവികമായും ആശിച്ചുപോയേക്കാം. തീർച്ചയായും അങ്ങനെയുള്ള നേതാക്കളെ ലഭിക്കുന്നതിനുള്ള ആഗ്രഹത്തിൽ തെറ്റൊന്നുമില്ല. എന്നാൽ, സത്യസന്ധതയും ധാർമികതയും നീതിബോധവുമുള്ള നേതാക്കൾ നമുക്കുണ്ടായിരിക്കണമെന്നു നാം ശാഠ്യംപിടിക്കുമ്പോൾ നാം എപ്രകാരമുള്ളവരാണെന്നു സ്വയം ആലോചിക്കുന്നതു നല്ലതാണ്.
സമ്പത്തിനും സ്‌ഥാനമാനങ്ങൾക്കും മറ്റു ഭൗതിക നേട്ടങ്ങൾക്കുമായി നാം നമ്മുടെ ആത്മാവിനെ പണയപ്പെടുത്തുന്നവരാണോ? എങ്കിൽ നമ്മുടെ സ്‌ഥിതി ഏറെ ദയനീയമെന്നേ പറയേണ്ടൂ. എന്നാൽ സമ്പത്തും സ്‌ഥാനമാനങ്ങളും മറ്റു ഭൗതികനേട്ടങ്ങളും നഷ്ടപ്പെടുമെന്നു വരുമ്പോഴും നമ്മുടെ ആത്മാവിനെ പണയപ്പെടുത്താതെ തന്റേടത്തോടെ നെഞ്ചുയർത്തി നിൽക്കുന്നവരാണോ നമ്മൾ? എങ്കിൽ നമുക്ക് അഭിമാനിക്കാൻ ഏറെ വകയുണ്ട്.

ആൽബർട്ട് രാജാവിന്റെ കഥയിലേക്ക് ഇനി മടങ്ങിവരട്ടെ. സത്യത്തിനും നീതിക്കുംവേണ്ടി ആത്മാവ് നഷ്ടപ്പെടുത്താതെ നിലകൊണ്ട അദ്ദേഹത്തിനു നാലുവർഷത്തെ ജർമൻ ഭരണത്തിനു ശേഷം ബൽജിയം തിരികെ ലഭിച്ചു. അമേരിക്കയുടെയും ബ്രിട്ടന്റെയും ഫ്രാൻസിന്റെയുമൊക്കെ സഹായത്തോടെ ജർമനിക്കെതിരായി യുദ്ധംചെയ്തു വിജയശ്രീലാളിതനായി അദ്ദേഹം തലസ്‌ഥാനത്ത് മടങ്ങിയെത്തിയപ്പോൾ രാജ്യം കണ്ട ഏറ്റവും വലിയ ഹീറോയുടെ സ്വീകരണമാണ് അദ്ദേഹത്തിനു ലഭിച്ചത്. ജീവിതത്തിൽ എന്തു സംഭവിച്ചാലും നമുക്ക് നമ്മുടെ ആത്മാവ് നഷ്ടപ്പെടുത്തുകയില്ല എന്ന് ഉറപ്പുവരുത്താം. അതായത് എത്രവലിയ വിപൽസന്ധികളിലും നമ്മുടെ സത്യസന്ധതയും നീതിബോധവും ധാർമികനിഷ്ഠയും നാം ബലികഴിക്കരുതെന്നു സാരം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ