റൂണ ലൈല എന്ന ആശാലത!
അവൾ വന്നു, പാടി, കീഴടക്കി!!
ഒരു ഇരുപത്തിരണ്ടുകാരിയുടെ പാട്ട് 1974ലെ ബോംബെ നഗരത്തെ അക്ഷരാർഥത്തിൽ കോരിത്തരിപ്പിച്ചതിനെ വേറെ ഏതു വാക്കുകൾകൊണ്ടാണ് വിവരിക്കുക.
ബോംബെ ചൗപട്ടിയിലെ ഭാരതീയ വിദ്യാഭവൻ ഹാൾ. ബംഗ്ലാദേശിൽ ജനിച്ച് പാക്കിസ്‌ഥാനി സിനിമകളിലൂടെ സംഗീതരംഗത്തെത്തിയ ഒരു ഗായികയുടെ ഇന്ത്യയിലെ ആദ്യത്തെ സംഗീതപരിപാടിയായിരുന്നു അത്. ഹിന്ദി സിനിമകളിൽ ലതാ മങ്കേഷ്കറും ആഷാ ഭോസ്ലേയും സംഗീതറാണിമാരായി തിളങ്ങുന്ന കാലം. ആ പരിപാടിക്ക് ലതാ മങ്കേഷ്കറെയും ക്ഷണിച്ചിരുന്നു– ഗായികയെ അനുഗ്രഹിക്കാൻ. പുതിയ ഗായികയുടെ പാട്ടുകൾ അല്പനേരം കേട്ട്, അവൾ തനിക്കൊരു വെല്ലുവിളിയാകില്ലെന്നു മനസിലുറപ്പിച്ച്, ആശംസകൾ നേർന്ന് ലതാ മങ്കേഷ്കർ മടങ്ങി. എന്നാൽ ലത കേൾക്കാതെ പോയത് എന്താണെന്ന് അവർ മനസിലാക്കിയില്ല എന്ന് ഉറപ്പിച്ചു പറയുന്നു അന്ന് ആ സംഗീതപരിപാടി കേട്ടവർ. ലത മടങ്ങിയശേഷമാണത്രേ ആ പെൺകുട്ടി പാട്ടുകളുമായി കത്തിക്കയറിയത്. തിങ്ങിനിറഞ്ഞ ഭവൻസ് ഹാളിനെ ഒരുമണിക്കൂറിലേറെ നേരം അവൾ സ്വരങ്ങളാൽ ത്രസിപ്പിച്ചുനിർത്തി, ആ മുഴുവൻ ഹൃദയങ്ങളും കവർന്നു. പാട്ടിൽ മുങ്ങിനിവർന്നവർ ആവേശത്തോടെ പറഞ്ഞത്രേ– ഇതാ ‘ബംഗ്ലാ ആഷ’! എന്നാൽ നാട്ടുകാർ അവളെ വിശേഷിപ്പിച്ചിരുന്നത് വേറൊരു പേരിട്ടാണ്– ‘ബംഗ്ലാ ലത’!!
ലതയുടെയും ആഷയുടെയും കഴിവുകൾ സമ്മേളിച്ച ഒരാശാലത! ആ ഗായികയുടെ പേരാണ് റൂണ ലൈല.

പേരു പറഞ്ഞാൽ അധികമാരും ഇവിടെ അവരെ ഓർക്കണമെന്നില്ല. എന്നാൽ ഒരൊറ്റ പാട്ടിന് അവർ നൽകിയ ജീവനെക്കുറിച്ച് അറിവുള്ളവർ അവരെ മറക്കുകയുമില്ല. അത് ദമാ ദം മസ്ത് കലന്തർ അല്ലാതെ വേറൊന്നല്ല. ആശാലതയെന്നു ഭംഗിക്കു പറഞ്ഞെങ്കിലും ആഷയോ ലതയോ അല്ല റൂണ. പാട്ടിൽ റൂണ പ്രചോദനമായി കണ്ടിരുന്നത് പാക്കിസ്‌ഥാനി ഗായകൻ അഹമ്മദ് റുഷ്ദിയെയാണ്. അദ്ദേഹത്തോടൊപ്പം ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ പിന്നീട് റൂണ ആലപിക്കുകയും ചെയ്തു.
ബംഗ്ലാദേശിൽ 1952ൽ ജനിച്ച റൂണയെ നർത്തകിയാക്കാനായിരുന്നു മാതാപിതാക്കളുടെ മോഹം. കഥക്കും ഭരതനാട്യവും പഠിപ്പിക്കാൻ വിടുകയും ചെയ്തു. ചേച്ചി ദിനാ ലൈലയെ ശാസ്ത്രീയസംഗീതം പഠിപ്പിക്കാൻ വന്ന അധ്യാപികയാണ് റൂണയിലെ കഴിവു കണ്ടെത്തിയത്. അങ്ങനെ റൂണയും പഠിച്ചുതുടങ്ങി. പാക് സിനിമാരംഗത്ത് ഹിപ്–ഹോപും റോക്ക്–ൻ റോളും ഡിസ്കോയുമായി അഹമ്മദ് റുഷ്ദി തകർക്കുന്ന കാലമായിരുന്നു. അദ്ദേഹത്തെ മാനസഗുരുവായി കണ്ടു റൂണ. പാടുന്ന ശൈലി മാത്രമല്ല സ്റ്റേജിൽ പെർഫോം ചെയ്യുന്ന രീതിയും റൂണ അനുകരിച്ചു. അത് ജനപ്രിയമാകുകയും ചെയ്തു. പന്ത്രണ്ടാം വയസിലാണ് റൂണ പാക് സിനിമകളിൽ പാടിത്തുടങ്ങിയത്. പതിനാലാം വയസിൽ ആദ്യ ഹിറ്റു ഗാനവും പിറന്നു. പാക്ക് ടെലിവിഷനിൽ ഒട്ടേറെ പരിപാടികളിൽ റൂണ പങ്കെടുത്തിരുന്നു. റുഷ്ദിയുടെ ശൈലിയുമായി 74ൽ ബോംബെയിൽ എത്തിയപ്പോഴത്തെ കഥയാണ് തുടക്കത്തിൽ വായിച്ചത്. ഇന്ത്യയിൽ ടെലിവിഷൻ പ്രചാരത്തിലാവുന്ന സമയമായിരുന്നു. റൂണയുടെ ടിവി പരിപാടികൾ ഇവിടെയും ശ്രദ്ധിക്കപ്പെട്ടു. വെറുതെ ടിവി പരിപാടികൾ എന്നു പറഞ്ഞാൽ പോരാ. ദൂരദർശന്റെ ഉദ്ഘാടന പരിപാടിയിൽ പാടാൻ റൂണയ്ക്ക് അവസരം കിട്ടി. ഡൽഹിയിൽവച്ച് ഡയറക്ടർ ജയ്ദേവിനെ പരിചയപ്പെട്ടതാണ് റൂണയ്ക്ക് അതിലേക്കുള്ള വഴിയൊരുക്കിയത്. എക് സേ ബഡ്കർ എക് എന്ന ചിത്രത്തിന്റെ ടൈറ്റിൽ സോംഗ് റൂണയുടെ ശബ്ദത്തിലായിരുന്നു. കല്യാൺജി–ആനന്ദ്ജിയായിരുന്നു സംഗീതസംവിധായകർ. ദമാ ദം മസ്ത് കലന്തറിനു പുറമേ ഓ മേരാ ബാബു ഛേൽ ഛബീലാ എന്ന പാട്ടും റൂണയെ ഹിന്ദിയിൽ പ്രശസ്തയാക്കി. ആൽബങ്ങളും ടിവി ഷോകളുമായി റൂണ അടുത്തകാലം വരെ സജീവമായിരുന്നു.
എന്തുകൊണ്ടായിരിക്കാം റൂണ ലൈലയ്ക്ക് ഹിന്ദിയിൽ അർഹിച്ച അവസരങ്ങൾ ലഭിക്കാതെപോയത്? അതെന്തായാലും കഴിവില്ലായ്മയല്ല. കാരണം തെരഞ്ഞുചെല്ലുമ്പോൾ ഒന്നുരണ്ടു കാര്യങ്ങൾ കാണാം. റൂണ ഹിന്ദിയിലേക്കു വന്ന സമയത്ത് ആർ.ഡി. ബർമൻ സർവപ്രതാപിയായി വാഴുകയാണ്. അദ്ദേഹം അക്കാലത്ത് ആഷാ ഭോസ്ലേക്കു മാത്രമേ പാട്ടുകൾ നൽകാറുള്ളൂ. പണ്ഡിറ്റ് ജസ്രാജിന്റെ മരുമകളായ സുലക്ഷണ പണ്ഡിറ്റിനുപോലും പഞ്ചം അവസരം നൽകിയിരുന്നില്ല. അങ്ങനെയിരിക്കെ റൂണ അദ്ദേഹത്തിൽനിന്ന് എന്തു പ്രതീക്ഷിക്കാനാണ്– സ്വന്തം നാട്ടുകാരിയായിട്ടുപോലും! (ആർ.ഡി ബർമന്റെ പിതാവ് എസ്.ഡി ബർമൻ നെഞ്ചുനിറയെ നാടൻ ഈണങ്ങളുമായി ബോംബെയിൽ എത്തിയത് ബംഗ്ലാദേശിൽനിന്നാണ്). ആഷയെക്കൊണ്ടുമാത്രം കൂടുതൽ പാട്ടുകളും പഞ്ചം പാടിച്ചപ്പോൾ അന്നത്തെ മറ്റു മുൻനിരക്കാരായ ലക്ഷ്മികാന്ത്–പ്യാരേലാലും കല്യാൺജി–ആനന്ദ്ജിയും എന്തു ചെയ്തു? ലക്ഷ്മി–പ്യാരേയുടെ ആദ്യ ചോയ്സ് എന്നും ലതാ മങ്കേഷ്കറായിരുന്നു. കല്യാൺജി– ആനന്ദ്ജി ലതയ്ക്കും ആഷയ്ക്കും തുല്യ പരിഗണന നൽകി. റൂണ ലൈല ചിത്രത്തിൽനിന്ന് മെല്ലെ മെല്ലെ പുറത്തായി. അല്ലെങ്കിൽ വേണ്ടത്ര അകത്തുവന്നതേയില്ല.

ഒരു സംഭവകഥകൂടി കേൾക്കണം: 1976 മാർച്ച് 28. ഫിലിംഫെയർ അവാർഡ്ദാന ചടങ്ങാണ് വേദി. അവിടെയും റൂണ ലൈലയുടെ സംഗീത പരിപാടിയുണ്ടായിരുന്നു. ശ്രോതാക്കൾ മതിമറക്കുകയും ചെയ്തു. പരിപാടിക്കുശേഷം റൂണ സദസ്സിന്റെ മുൻനിരയിലുണ്ടായിരുന്ന സാക്ഷാൽ ഒ.പി. നയ്യാരുടെ മുന്നിലേക്ക് ഓടിയെത്തി ഇങ്ങനെ പറഞ്ഞു: ‘നയ്യാർ സാബ്, താങ്കളുടെ സംഗീതം എന്നെ ഭ്രാന്തമായി മോഹിപ്പിച്ചുകളയുന്നു’. അദ്ദേഹമൊന്നമ്പരന്നു പോയത്രേ.

പിന്നീട് അദ്ദേഹം അതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: ‘റൂണയുടേത് മികച്ച ശബ്ദമാണെന്ന് എനിക്കറിയാം. എന്നാൽ അവരുടെ സ്റ്റേജ് പ്രസൻസ് ഒഴികെയുള്ള സ്വരം കേൾക്കാനാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. എന്നാലേ റൂണയിലെ യഥാർഥ ഗായികയെ തിരിച്ചറിയാൻ പറ്റുമായിരുന്നുള്ളൂ. ലതയും ആഷയും സ്റ്റേജിൽ അത്ര ഗംഭീരപ്രകടനമൊന്നും നടത്തിയിട്ടില്ല. എന്നാൽ റെക്കോർഡിംഗ് സ്റ്റുഡിയോയിൽ മൈക്കിനു മുന്നിൽ നിന്നാൽ അവരുടേതായിരുന്നു മികച്ച പ്രകടനം’.

റൂണയുടെ സ്റ്റേജ് പ്രസൻസ് അവർക്കുതന്നെ ദോഷമായെന്നു സാരം. അതേസമയം ലതയും ആഷയും റൂണയുടെ അതേ പെർഫോമൻസ് കണ്ടുപഠിച്ചിട്ടുണ്ട്. നിന്നിടത്തുനിന്ന് അനങ്ങാതെ പാടിയിരുന്നവർ ആ ശൈലിയിൽ അല്പം മാറ്റംവരുത്തിത്തുടങ്ങി– ആഷ താരതമ്യേന വേഗത്തിലും ലത അല്പം സമയമെടുത്തും.

പാട്ടുജീവിതത്തിന്റെ സുവർണജൂബിലി കഴിഞ്ഞവർഷമാണ് റൂണ ആഘോഷിച്ചത്– ഒരുഗ്രൻ സംഗീതപരിപാടിയോടെ. ബംഗാളി, ഹിന്ദി, ഉറുദു, പഞ്ചാബി, സിന്ധി, ഗുജറാത്തി, ബലൂചി, അറബിക്, പേർഷ്യൻ, മലയ്, നേപ്പാളീസ്, ജാപ്പനീസ്, സ്പാനിഷ്, ഫ്രഞ്ച്, ഇംഗ്ലീഷ് എന്നിവയടക്കം 18 ഭാഷകളിൽ പാടിയ ആ ഗായികയുടെ ശബ്ദം ഞാനിവിടെയുണ്ട് എന്ന പ്രഖ്യാപനംകൂടി ആയിരുന്നിരിക്കണം.

ഹരിപ്രസാദ്