അബദ്ധങ്ങൾ ക്ഷമിക്കാം വീണ്ടും വീണ്ടും
കാലുകൾകൊണ്ട് എന്നതിനേക്കാൾ തടിമിടുക്കിന്റെ പിൻബലത്തോടെ കൈകൾ ഉപയോഗിച്ച് ഒരു കളിയാണ് അമേരിക്കൻ ഫുട്ബോൾ. കളി ആരംഭിക്കാനും ഫീൽഡ്ഗോൾ നേടാനുമൊക്കെ പന്ത് കാലുകൾകൊണ്ട് കിക്ക് ചെയ്യുമെങ്കിലും കൈകൾക്കും എതിർ ടീമിനെ നേരിടാനുള്ള മെയ്ബലത്തിനുമാണ് ഈ കളിയിൽ പ്രാധാന്യം. സ്‌ഥിതിവിവരക്കണക്കുകളനുസരിച്ച് അമേരിക്കയിലെ ഏറ്റവും പോപ്പുലറായ ഗെയിമാണ് അമേരിക്കൻ ഫുട്ബോൾ.

നാഷണൽ ഫുട്ബോൾ ലീഗിന്റെ കീഴിൽ മുപ്പത്തിരണ്ട് ടീമുകളാണ് എല്ലാവർഷവും ചാമ്പ്യൻഷിപ്പിനായി രംഗത്തുള്ളത്.എന്നാൽ യൂണിവേഴ്സിറ്റി തലത്തിൽ പ്രധാന ടീമുകൾ മത്സരിക്കുന്ന ഡിവിഷൻ 1–ൽ മാത്രം 128 ടീമുകൾ മത്സരരംഗത്തുണ്ട്. നാഷണൽ ഫുട്ബോൾ ലീഗിലെ മത്സരങ്ങളും യൂണിവേഴ്സിറ്റി ടീമുകൾ പങ്കെടുക്കുന്ന കോളജ് ഫുട്ബോൾ മത്സരങ്ങളും വലിയ ജനശ്രദ്ധ ആകർഷിക്കുന്ന സംഭവങ്ങളാണ്.
ജനങ്ങളുടെയിടയിൽ അമേരിക്കൻ കോളജ് ഫുട്ബോളിനുള്ള പ്രാധാന്യം കണക്കിലെടുത്ത് ഇരുപതാം നൂറ്റാണ്ടിലെ കോളജ് ഫുട്ബോൾ മത്സരങ്ങളിൽനിന്ന് ആറ് അവിസ്മരണീയ നിമിഷങ്ങൾ ഒരു വിദഗ്ധ പാനൽ തെരഞ്ഞെടുക്കുകയുണ്ടായി. കോളജ് ഫുട്ബോൾ ഹാൾ ഓഫ് ഫെയിമും സിബിഎസ് ടെലിവിഷന്റെ സ്പോർട്സ് ഡിവിഷനും ചേർന്നു രൂപം നൽകിയ ഈ വിദഗ്ധ പാനലിന്റെ തീരുമാനമനുസരിച്ച് റോയി റീഗൽസ് എന്ന കളിക്കാരൻ കളിക്കിടയിൽ എതിർദിശയിലേക്ക് ഓടിയതായിരുന്നു ആ ആറ് അവിസ്മരണീയ നിമിഷങ്ങളിൽ ഒരെണ്ണം.

സംഭവം ഇതാണ്. 1929–ൽ കലിഫോർണിയയിലെ പാസഡീനയിൽ റോസ്ബോൾ ഫുട്ബോൾ മത്സരം നടക്കുകയാണ്. യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയും ജോർജിയ ടെക്കും തമ്മിലായിരുന്നു മത്സരം. മത്സരത്തിനിടെ ജോർജിയ ടെക്കിന്റെ കളിക്കാരന്റെ കൈയിൽനിന്നു പന്ത് താഴെവീണപ്പോൾ അതു ലഭിച്ചത് കലിഫോർണിയ ടീമിന്റെ റോയി റീഗൽസിനായിരുന്നു. ആ പന്തുമായി ജോർജിയ ടെക്കിന്റെ ഗോൾമുഖത്തേക്ക് റീഗൽസ് ഓടി എത്തിയിരുന്നുവെങ്കിൽ കലിഫോർണിയ ടീമിന് ആറുപോയിന്റ് ലഭിക്കുമായിരുന്നു.

എന്നാൽ, അതിനു പകരം എതിർദിശയിലേക്കുള്ള സ്വന്തം ഗോൾമുഖത്തേക്കാണ് റീഗൽസ് ഓടിയത്. തന്റെ ടീമിനുവേണ്ടി ടച്ച് ഡൗൺ സ്കോർ ചെയ്ത് ആറുപോയിന്റുകൾ നേടാമെന്ന ചിന്തയോടെയായിരുന്നു റീഗൽസ് ഓടിയത്. റീഗൽസിന്റെ തെറ്റ് മനസിലാക്കിയ ഒരു ടീമംഗം പിന്നിലൂടെ പാഞ്ഞെത്തി എതിർ ടീമിനുവേണ്ടി സ്കോർ ചെയ്യുന്നതിൽനിന്നു റീഗൽസിനെ ഇടിച്ചുവീഴ്ത്തിയതുകൊണ്ട് ആ ദുരന്തം ഒഴിവായി. എന്നാൽ അടുത്ത കളിയിൽ എതിർ ടീമിനു രണ്ടു പോയിന്റ് നേടാൻ സാധിച്ചതു റീഗൽസിന്റെ ഈ അബദ്ധം മൂലമായിരുന്നു.

കളിക്കളത്തിൽ എതിർദിശയിലേക്ക് റീഗൽസ് നടത്തിയ ഈ ഓട്ടത്തെക്കുറിച്ച് അമേരിക്കയിലെമ്പാടുമായി മൊത്തം 4500 ലേഖനങ്ങൾ വിവിധ പത്രമാസികകളിലായി അക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു എന്ന് കേൾക്കുമ്പോൾ ഈ സംഭവത്തിന്റെ പ്രാധാന്യം ഏറെക്കുറെ നമുക്ക് മനസിലാക്കാനാകും.
കളിയുടെ ആദ്യപകുതിയിലായിരുന്നു ഈ സംഭവം നടന്നത്. അപ്പോൾ ദേശീയതലത്തിൽ റേഡിയോ വഴി ഈ കളിയുടെ ദൃക്സാക്ഷിവിവരണം പ്രക്ഷേപണം ചെയ്യുന്നുണ്ടായിരുന്നു. തനിക്കും തന്റെ ടീമിനും യൂണിവേഴ്സിറ്റിക്കുമൊക്കെ ദേശീയതലത്തിൽ താൻ നാണക്കേടുണ്ടാക്കിയതുമൂലം രണ്ടാം പകുതിയിൽ കളിക്കാൻ കോച്ച് അനുവദിക്കുകയില്ലെന്നായിരുന്നു റീഗൽസ് കരുതിയത്. എന്നു മാത്രമല്ല, താൻ ഇനി കളിക്കുന്നില്ല എന്നു റീഗൽസ് തന്റെ കോച്ചിനോടു പറയുകയും ചെയ്തു. തനിക്ക് ഇനി ജനങ്ങളുടെ മുഖത്ത് നോക്കാനാവില്ലെന്ന ചിന്തയായിരുന്നു ആ കളിക്കാരന്റേത്.

അപ്പോൾ റീഗൽസിനെയും മറ്റു കളിക്കാരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് കോച്ച് നിബ്സ് പ്രൈസ് പറഞ്ഞു, ‘റോയി, വേഗം എണീറ്റ് കളിക്കാനിറങ്ങൂ. കളി പകുതി മാത്രമേ കഴിഞ്ഞിട്ടുള്ളൂ.‘ രണ്ടാം പകുതിയിൽ ഏറ്റവും നന്നായി കളിച്ചവരിലൊരാൾ റീഗൽസായിരുന്നു. എന്നാൽ, ദൗർഭാഗ്യം മൂലം ഒരു പോയിന്റിന് റീഗൽസിന്റെ ടീം പരാജയപ്പെട്ടു.

അടുത്തവർഷം റീഗൽസ് ടീമിലുണ്ടായിരുന്നുവെന്നു മാത്രമല്ല ടീമിനു വൻവിജയങ്ങൾ നേടിക്കൊടുത്ത ടീമിന്റെ ക്യാപ്റ്റന്മാരിലൊരാളും ഓൾ അമേരിക്കൻ താരവുമായിരുന്നു. റീഗൽസിന്റെ ഈ കഥ ഇവിടെ അവതരിപ്പിച്ചത് പ്രധാനമായും റീഗൽസിന്റെ കോച്ചിന്റെ മനോഭാവം ചൂണ്ടിക്കാണിക്കാനായിരുന്നു. കളിയുടെ ഇടയിൽ ഒരു പമ്പരവിഡ്ഢിയെപ്പോലെയായിരുന്നു റീഗൽസ് പ്രവർത്തിച്ചത്. എന്നാൽ മനഃപൂർവമല്ലാതെ ആ കളിക്കാരൻ ചെയ്ത തെറ്റ് ഹൃദയവിശാലതയോടെ കോച്ച് ക്ഷമിക്കുകയാണു ചെയ്തത്. എന്നു മാത്രമല്ല, റീഗൽസിനു തന്റെ കഴിവ് തെളിയിക്കാൻ കോച്ച് ഒരു അവസരംകൂടി നൽകുകയും ചെയ്തു.

നമ്മോടൊപ്പമുള്ളവരോ നമ്മുടെ കീഴിൽ പ്രവർത്തിക്കുന്നവരോ നമുക്ക് നാണക്കേടു വരുത്തിവയ്ക്കുന്ന ഒരു അബദ്ധം കാണിക്കുകയാണെന്നു കരുതുക. അപ്പോൾ നാം അവരോടു ക്ഷമിക്കുമോ? തങ്ങളുടെ കഴിവ് തെളിയിക്കാൻ അവർക്ക് നാം വീണ്ടും അവസരം നൽകുമോ? അങ്ങനെ നാം ചെയ്യുന്നവരാണെങ്കിൽ നമുക്ക് നമ്മെക്കുറിച്ച് അഭിമാനിക്കാൻ വകയുണ്ട്. എന്നാൽ മറിച്ചാണ് നാം ചെയ്യുന്നതെങ്കിലോ? അപ്പോൾ നമുക്ക് രണ്ടാമതൊരു അവസരം നൽകുന്നവരെയും നമ്മുടെ ജീവിതത്തിൽ വീണ്ടും വീണ്ടും അവസരങ്ങൾ നൽകുകയും ചെയ്യുന്ന ദൈവത്തെയും നാം മറക്കുകയല്ലേ ചെയ്യുന്നത്?

റീഗൽസ് ചെയ്ത അബദ്ധംമൂലം രണ്ടാം പകുതിയിൽ റീഗൽസിന് കളിക്കാൻ അനുവദിച്ചിരുന്നില്ലെങ്കിൽ അതേക്കുറിച്ച് കോച്ചിനെ ആരും കുറ്റം പറയില്ലായിരുന്നു. എന്നാൽ റീഗൽസ് അറിയാതെ ചെയ്ത ആ കുറ്റം കോച്ച് ഹൃദയപൂർവം ക്ഷമിക്കുകയായിരുന്നു. അതോടൊപ്പം റീഗൽസിനു വീണ്ടും ഒരു അവസരംകൂടി നൽകുകയും ചെയ്തു.

റീഗൽസിന്റെ കോച്ചിനെപ്പോലെ മറ്റുള്ളവരോട് അവരുടെ അബദ്ധങ്ങളും കുറ്റങ്ങളും നമുക്ക് ക്ഷമിക്കാം. അതുപോലെ, അവരുടെ തെറ്റുകൾ തിരുത്താൻ വീണ്ടും വീണ്ടും നമുക്ക് അവസരങ്ങൾ നൽകാം. അപ്പോൾ നമ്മുടെ ജീവിതത്തിൽ തെറ്റുകൾ തിരുത്താൻ നമുക്ക് വീണ്ടും വീണ്ടും അവസരങ്ങൾ നൽകുന്ന ദൈവത്തിന്റെ യഥാർഥ മക്കൾ ആയിത്തീരാനുള്ള ഭാഗ്യം നമുക്കുണ്ടാകും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ