പുല്ലാങ്കുഴലിലേക്കു തിരികേ...
കഷ്‌ടിച്ചു മൂന്നോ നാലോ ഹിറ്റ് ഗാനങ്ങളുടെ ട്യൂൺ വായിക്കാറായാൽ ഏതാണ്ടെല്ലാ ഉപകരണസംഗീത വിദ്യാർഥികൾക്കും തോന്നും– ‘ആ, എല്ലാം പഠിച്ചുകഴിഞ്ഞു’!! ആ ചെറിയ അഹങ്കാരമേ പുല്ലാങ്കുഴൽ പഠിച്ചുതുടങ്ങിയ രാജേഷ് എന്ന അഞ്ചാംക്ലാസുകാരന്റെയും തലയ്ക്കുപിടിച്ചുള്ളൂ.. അതോടെ മൂന്നുമാസം മാത്രമായ പുല്ലാങ്കുഴൽ പഠിപ്പുനിർത്തി. ഒരാവശ്യവുമില്ലാത്ത ഉടക്കുണ്ടാക്കി ഗുരുവിനോടു സലാംപറഞ്ഞു പോന്നു. അറിവില്ലാത്തതിനാൽ ഒരു പേടിയുമില്ലാതെ ഗാനമേളകൾക്കു സ്റ്റേജിൽ കയറി. ധൈര്യമായി പുല്ലാങ്കുഴൽ വായിച്ചു. ആളുകൾ കൈയടിക്കുകയും ചെയ്തു. ഒരിക്കൽ ആ കൂട്ടത്തിൽ പഴയ ഗുരുവുമുണ്ടായിരുന്നു. വായനകേട്ട് അദ്ദേഹം പറഞ്ഞു, ‘നീയൊന്നു വീട്ടിലേക്കു വാ’ എന്ന്. പേടിയോടെയാണ് പോയതെങ്കിലും അദ്ദേഹം ഏതാനും വർണങ്ങൾകൂടി പഠിപ്പിച്ചു.

വർഷങ്ങൾക്കു ശേഷമാണ് പുല്ലാങ്കുഴൽ കൂടുതൽ ഗൗരവമായി പഠിക്കണമെന്നു വീണ്ടും രാജേഷിനു തോന്നുന്നത്. ഏറെ ആഗ്രഹിച്ച പ്രശസ്തനായൊരു ഗുരുവിനെ സമീപിച്ച് കാര്യം പറഞ്ഞു. അദ്ദേഹം സമ്മതംമൂളി. സിംഹത്തിന്റെ മടയിൽ എന്നൊക്കെ പറയുംപോലെ ഉത്തരേന്ത്യയിൽ ചെന്നുകണ്ട് ദക്ഷിണവച്ചു. അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് ആദ്യ ക്ലാസുകൾ എടുത്തത്. അവർ പറഞ്ഞുകൊടുത്ത പാഠങ്ങൾ വായിക്കാൻ ആവതും ശ്രമിച്ചുനോക്കി. ഒരു രക്ഷയുമില്ല.., ഒട്ടും വഴങ്ങുന്നില്ല പാഠങ്ങൾ. പിന്നെ ആ ഗുരുസന്നിധിയിൽ നിൽക്കാനുള്ള മാനസികാവസ്‌ഥയുണ്ടായിരുന്നില്ല. ബുക്ക് ചെയ്ത ട്രെയിനിനു കാത്തുനിൽക്കാതെ മൂന്നാംനാൾ കിട്ടിയ വണ്ടികയറി നാട്ടിലേക്കു മടങ്ങി. പുല്ലാങ്കുഴൽ വായന നിർത്താം., വേറെ എന്തെങ്കിലും പണി നോക്കാം എന്നായിരുന്നു രാജേഷിന്റെ മനസിലപ്പോൾ.
എന്നാൽ അധികം വൈകാതെ രാജേഷ് വീണ്ടും ആ ഗുരുവിന്റെ മുന്നിലെത്തി. ദൈവാനുഗ്രഹത്താലെന്നവണ്ണം പഠനം തുടർന്നു. ഒരുദിവസം രാജേഷിന്റെ വായനകേട്ട് ആ ഗുരുനാഥൻ പറഞ്ഞു– ‘നീ നല്ലൊരു കലാകാരനാണ്., ആത്മാർപ്പണമുണ്ട്. നന്നായിവരും’... രാജേഷ് അദ്ദേഹത്തിന്റെ കാൽക്കൽവീണു വണങ്ങി.

ഈ രണ്ടു ഗുരുനാഥന്മാരാണ് രാജേഷ് ചേർത്തല എന്ന യുവ പുല്ലാങ്കുഴൽ വാദകന്റെ ജീവിതത്തിൽ വഴിത്തിരിവുകളുണ്ടാക്കിയത്. ആദ്യത്തെയാൾ കൊച്ചിൻ ക്ലാസ് എന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിച്ചിരുന്ന ബ്രൈറ്റ് മാഷായിരുന്നു. ആദ്യം കൈപിടിച്ചു നടത്തിയ ഗുരു. അദ്ദേഹം ഇന്നില്ല. രണ്ടാമത്തെ ഗുരുനാഥനെ ലോകമറിയും– സാക്ഷാൽ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ!. രാജേഷിനെ കൈപിടിച്ചുയർത്തിയ ഗുരുജി.

ഗുരുപ്രസാദം

എറണാകുളത്ത് ഒരു പരിപാടിക്കെത്തിയപ്പോഴാണ് പണ്ഡിറ്റ് ചൗരസ്യയെ പുല്ലാങ്കുഴൽ പഠിക്കാനുള്ള ആഗ്രഹവുമായി രാജേഷ് ചെന്നുകണ്ടത്. മുംബൈയിൽ താമസിക്കാൻ ഇടമുണ്ടെങ്കിൽ മുൻകൂട്ടി അറിയിച്ച് ഗുരുകുലത്തിലേക്കു വരൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആവേശം തലയ്ക്കുപിടിച്ചതോടെ വിളിക്കാനൊന്നും നിന്നില്ല, നേരേ മുംബൈയ്ക്കു വച്ചുപിടിച്ചു. ചെന്നപ്പോൾ പണ്ഡിറ്റ്ജി വിദേശപര്യടനത്തിലാണ്. കാത്തുനിന്നു ദക്ഷിണവച്ച് പഠനംതുടങ്ങിയപ്പോഴാണ് ‘നമ്മളൊന്നും ഒന്നുമല്ല’ എന്ന യാഥാർഥ്യം മനസിൽ തെളിഞ്ഞത്. മടങ്ങിപ്പോരുകയും ചെയ്തു.

പണ്ഡിറ്റ് ചൗരസ്യയുടെതന്നെ ശിഷ്യനായ വിനീത് എന്ന മലയാളി യുവാവിന്റെ സഹായത്തോടെ പിന്നീട് രാജേഷ് ഭുവനേശ്വറിലെ വൃന്ദാവൻ ഗുരുകുലത്തിലാണ് പഠനം തുടർന്നത്.

മുംബൈയിലേതുപോലെത്തന്നെ കാര്യങ്ങളെല്ലാം പണ്ഡിറ്റ്ജിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ്. പഴയ ഗുരുകുലശൈലിയിൽ അവിടെ താമസിച്ചു പഠിക്കാം. പഠനത്തിനു പ്രത്യേക ഫീസ് ഒന്നുമില്ല. താമസത്തിനും ഭക്ഷണത്തിനുമായി കൈയിലുള്ളതു കൊടുക്കാം. അതിരാവിലെ യോഗയോടെ ദിവസം തുടങ്ങും. ഭക്ഷണം ഉണ്ടാക്കാൻ ഇതിനിടയ്ക്കു സമയം കണ്ടെത്തണം. ആറുമുതൽ എട്ടുവരെ തനിയെ ഉള്ള പ്രാക്ടീസ്. പിന്നെ പ്രാതൽ. പത്തുമണിക്ക് ഗുരുജിയുടെ ക്ലാസ്. അത് ഉച്ചവരെ നീളും. ഏറ്റവും സൗഹാർദത്തോടെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. എന്തും പറയാം. രാഷ്ര്‌ടീയംപോലും ചർച്ച ചെയ്യാം.
ക്ലാസ് തുടങ്ങുന്നതിനു മുമ്പ് അദ്ദേഹം ചോദിക്കും– ഏതു രാഗം വേണം? പഠിക്കാനിഷ്‌ടമുള്ളതു പറയാം. സമയത്തിന് അനുസരിച്ചുള്ള രാഗമായിരിക്കണമെന്നേയുള്ളൂ. വായന തുടങ്ങിയാൽ സ്വയം മറക്കും. എവിടെയിരുന്നാണ് വായിക്കുന്നതെന്നുപോലും അറിയില്ല. എന്നാൽ ഒരു കാര്യത്തിൽ നിർബന്ധമുണ്ട്– ശിഷ്യന്മാർ വായിക്കുന്നത് ശ്രുതിശുദ്ധമായിരിക്കണം. എവിടെയെങ്കിലും നൂലിട തെറ്റിയാൽ അദ്ദേഹം വായന നിർത്തും. മിണ്ടാതിരിക്കും. തെറ്റുമായി മുന്നോട്ടുപോകാൻ സാധിക്കില്ല എന്നുതന്നെ. അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടാതെ ഒരു സ്വരവും അവിടെ ഉയരില്ല.

അങ്ങനെ ഒരു പഠനകാലംകഴിഞ്ഞ് ഇടവേളയ്ക്കു മടങ്ങുമ്പോഴാണ് പണ്ഡിറ്റ്ജി പറഞ്ഞത്– നിനക്ക് സിദ്ധിയുണ്ട് എന്ന്. അതൊരു ഓസ്കർ പുരസ്കാരത്തിനു തുല്യമാണെന്ന് രാജേഷ് പറയുന്നു.

20 രൂപയുടെ ഫ്ളൂട്ട്

ജാസി ഗിഫ്റ്റിന്റെ റെയ്ൻ റെയ്ൻ കം എഗെയ്ൻ എന്ന ചിത്രത്തിലൂടെയാണ് രാജേഷ് ചേർത്തല സിനിമാരംഗത്ത് എത്തിയത്. ആദ്യ റെക്കോർഡിംഗിനു പോയപ്പോൾ കൈയിലുള്ളത് കുട്ടികൾ കളിക്കുന്നതുപോലുള്ള പുല്ലാങ്കുഴൽ– നാട്ടിലെ കടയിൽനിന്ന് 20 രൂപയ്ക്കു വാങ്ങിയത്. ‘അതുവച്ച് എങ്ങനെ ശ്രുതിചേർത്തു വായിച്ചു എന്ന് ഇപ്പോഴും എനിക്കറിയില്ല. അതു ഞാൻ ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്’–രാജേഷ് പറയുന്നു. മുമ്പ് ആലപ്പി വിധു മാസ്റ്ററുടെ സംഗീതത്തിൽ ആദ്യമായി സ്റ്റുഡിയോ റെക്കോർഡിംഗിനു പോയപ്പോഴും സ്വന്തമായി നല്ല പുല്ലാങ്കുഴൽ ഇല്ലായിരുന്നു. വയലിനിസ്റ്റ് തിരുവിഴ ഉല്ലാസിന്റെ ക്ഷണമനുസരിച്ച് കൊച്ചിയിൽ ആബേലച്ചന്റെ സ്റ്റുഡിയോയിൽ റെക്കോർഡിംഗിനു പോകണം. ഇടക്കാലത്ത് അധ്യാപകനായിരുന്ന വാരനാട് സുഭാഷാണ് അന്ന് സഹായവുമായെത്തിയത്. സ്വന്തം പരിപാടിക്കു വേറെ ഉപകരണം സംഘടിപ്പിക്കാമെന്നു പറഞ്ഞ് വിവിധ സ്കെയിലുകളിലുള്ള 25 ഫ്ളൂട്ടുകളുടെ സെറ്റാണ് അന്ന് സുഭാഷ് രാജേഷിനു കൊടുത്തത്.

ഇപ്പോൾ ഏതാണ്ട് ഒരു ലക്ഷം രൂപയുള്ള പുല്ലാങ്കുഴൽ സെറ്റുണ്ട് രാജേഷിന്റെ കൈവശം. ഒപ്പം സാക്സഫോൺ, വിൻഡ് മിഡി കൺട്രോളർ തുടങ്ങിയ ഉപകരണങ്ങളും. സംഗീതസംവിധായകരുടെ പ്രിയതാരമാണ് രാജേഷ് ഇന്ന്. ഇരുനൂറിലേറെ സിനിമാഗാനങ്ങളുടെ പിന്നണിയിൽ വായിച്ചു. പ്രേമത്തിലെ ആലുവാപ്പുഴയുടെ തീരത്ത്, അറബിക്കഥയിലെ തിരികേ ഞാൻ വരുമെന്ന... തുടങ്ങിയ പാട്ടുകളോടാണ് വ്യക്‌തിപരമായി കൂടുതൽ ഇഷ്‌ടം. തിരികേവന്ന ഒരോർമ!

സോളോ സ്റ്റേജ് പ്രോഗ്രാമുകളും ഫ്യൂഷൻ സംഗീതവിരുന്നും യുട്യൂബ് ചാനലുമൊക്കെയായി തിരക്കിന്റെ ലോകത്താണിപ്പോൾ. തണ്ണീർമുക്കം മുട്ടത്തിപ്പറമ്പിൽ ദാസപ്പൻ– നിർമല ദമ്പതികളുടെ മകനായ രാജേഷ് ഭാര്യ രാജിക്കും മക്കളായ അമല, അമൃത എന്നിവർക്കുമൊപ്പം കൊച്ചി കലൂരിലാണ് താമസം.

കുഞ്ഞുനാളിൽ വായ്പ്പാട്ടു പഠിപ്പിച്ച കരുവാ മോഹനൻ, പുല്ലാങ്കുഴൽ പഠിപ്പിച്ച മായിത്തറ പത്മനാഭൻ ഭാഗവതർ, ഹാർമോണിയം പഠിപ്പിച്ച തിരുവിഴ സേവിയർ എന്നീ ഗുരുക്കന്മാരെയും കണ്ണങ്കര സെന്റ് മാത്യൂസ് ഹൈസ്കൂൾ, ചേർത്തല എസ്.എൻ കോളജ് എന്നിവിടങ്ങളിലെ അധ്യാപകരെയും സഹപാഠികളെയും രാജേഷ് സ്നേഹപൂർവം ഓർമിക്കുന്നു.

ഗുരുക്കന്മാരില്ലെങ്കിൽ ഞാൻ ആരുമല്ല എന്ന വിനയംനിറഞ്ഞ തിരിച്ചറിവാണ് ആ ഓർമയുടെ കായലോളം.

ഹരിപ്രസാദ്