ഓട്ടത്തിൽ ഓർക്കേണ്ടത്
പഠിക്കാൻ അതിമിടുക്കരായ ബിരുദാനന്തര വിദ്യാർഥികളായിരുന്നു അവർ. ഒരു ദിവസം അവർ ഒരുമിച്ചു തങ്ങളുടെ ഒരു മുൻ കോളജ് പ്രഫസറെ സന്ദർശിക്കുവാനെത്തി. അവരുടെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകനായിരുന്നു അദ്ദേഹം. മുൻകൂട്ടി അറിയിച്ചതിനുശേഷമായിരുന്നു അവർ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. തന്റെ പൂർവ വിദ്യാർഥികളെ കണ്ടപ്പോൾ അദ്ദേഹത്തിനു വലിയ സന്തോഷമായി. അവർ ഓരോരുത്തരുടെയും വ്യക്‌തിപരമായ വിശേഷങ്ങൾ തിരക്കുവാൻ അദ്ദേഹം മറന്നില്ല. അവരുടെ വിജയകഥകൾ അദ്ദേഹം താത്പര്യപൂർവം കേട്ടിരുന്നു. അവർ പറഞ്ഞ കാര്യങ്ങളെക്കുറിച്ചു ചിലപ്പോൾ അദ്ദേഹം വിശദീകരണം ചോദിച്ചു. അങ്ങനെയാണ് അവർ തങ്ങളുടെ ജീവിതപ്രശ്നങ്ങളെക്കുറിച്ചു പരാമർശിക്കാനിടയായത്.

സ്നേഹധനനായ ഒരു മുത്തച്ഛനെപ്പോലെ അദ്ദേഹം കേട്ടിരുന്നതുകൊണ്ട് അവർ തങ്ങളുടെ നേട്ടങ്ങൾക്കൊപ്പം ജീവിതത്തിലെ ബുദ്ധിമുട്ടുകളും അദ്ദേഹത്തിന്റെ മുൻപിൽ അവതരിപ്പിച്ചു. അപ്പോൾ വലിയ ഒരു ഭാരം ഇറക്കിവച്ച പ്രതീതിയായിരുന്നു അവർക്ക്. അവരുടെ ആദ്യറൗണ്ട് സംഭാഷണം കഴിഞ്ഞപ്പോൾ അവർക്ക് കാപ്പി ഒരുക്കുവാനായി അദ്ദേഹം ഡൈനിംഗ് റൂമിലേക്ക് പോയി. അല്പം കഴിഞ്ഞ് അദ്ദേഹം മടങ്ങിയെത്തി അവരെ കാപ്പിക്കു ക്ഷണിച്ചു. അവർ ഡൈനിംഗ് റൂമിലെത്തിയപ്പോൾ കാപ്പിയും പലഹാരങ്ങളും ഡൈനിംഗ് ടേബിളിൽ റെഡിയായിരുന്നു.

അവർക്കു കാപ്പിയെടുക്കുവാൻവേണ്ടി അദ്ദേഹം ടേബിളിൽ വച്ചിരുന്ന കപ്പുകൾ പലതരത്തിലുള്ളവയായിരുന്നു. അവയിൽ ചിലതു സ്വർണനിറം പൂശിയതും വലിയ വിലയുള്ളതുമായിരുന്നു. എന്നാൽ, മറ്റു ചിലതാകട്ടെ വിലകുറഞ്ഞ സാധാരണ കപ്പുകളുമായിരുന്നു. ആ കപ്പുകളിൽ ചിലതു പോർസ്ലെയനും മറ്റു ചിലതു ഗ്ലാസ് കൊണ്ടു നിർമിച്ചവയുമായിരുന്നു. എല്ലാവരും ഓരോ കപ്പ് എടുത്തു കാപ്പിയൊഴിച്ച് അതു കുടിക്കുവാൻ തുടങ്ങി. അപ്പോൾ പ്രഫസർ അവരോടു പറഞ്ഞു: ‘കാപ്പിയൊഴിക്കുവാൻ വേണ്ടി നിങ്ങൾ തെരഞ്ഞെടുത്തതു മനോഹരവും വിലപിടിപ്പുമുള്ള കപ്പുകളാണ്. ആരും തന്നെ വില കുറഞ്ഞ കപ്പുകൾ എടുത്തതായി കണ്ടില്ല. നിങ്ങൾ അങ്ങനെ ചെയ്തതു ശരിയായില്ല എന്നല്ല ഞാൻ പറയുന്നത്.’

പ്രഫസർ എന്താണ് ഇപ്രകാരം സംസാരിക്കുന്നതെന്ന് അമ്പരപ്പോടെ അവർ കേട്ടുനിൽക്കുമ്പോൾ അദ്ദേഹം തുടർന്നു: ‘ജീവിതത്തിൽ ഏറ്റവും നല്ലത് ആഗ്രഹിക്കുക എന്നതു നിങ്ങളെ സംബന്ധിച്ചിടത്തോളം സ്വാഭാവികമാണ്. അതിൽ തെറ്റൊന്നുമില്ല. എന്നാൽ, നിങ്ങൾ ഒരു കാര്യം ഓർമിക്കണം. നിങ്ങളുടെ ജീവിതത്തിലെ പല പ്രശ്നങ്ങളുടെയും കാരണം നിങ്ങൾ നല്ലത് എന്നു കരുതുന്ന പലതിന്റെയും പിന്നാലെയുള്ള നെട്ടോട്ടമാണ്.

‘നിങ്ങൾക്കു വേണ്ടിയിരുന്നതു കാപ്പിയായിരുന്നല്ലോ. അല്ലാതെ കപ്പ് ആയിരുന്നില്ല. എങ്കിലും കാപ്പി കുടിക്കുവാൻ വേണ്ടി ഏറ്റവും നല്ല കപ്പുകൾ നിങ്ങൾ തെരഞ്ഞെടുത്തു. അതുപോലെ മറ്റുള്ളവർ ഏതു കപ്പാണു തെരഞ്ഞെടുത്തതെന്നും നിങ്ങൾ ശ്രദ്ധിച്ചു.’ ഇത്രയും പറഞ്ഞതിനുശേഷം അദ്ദേഹം അവരുടെ മുഖങ്ങളിൽ മാറിമാറി നോക്കി. അവർ ആരും ഒന്നും പറഞ്ഞില്ല. അപ്പോൾ അദ്ദേഹം തുടർന്നു: ‘നിങ്ങൾ കുടിക്കുന്ന കാപ്പി നിങ്ങളുടെ ജീവിതമാണെന്നു കരുതുക. കാപ്പി കുടിക്കുവാൻ നിങ്ങൾ ഉപയോഗിച്ച കപ്പ് നിങ്ങളുടെ ജോലിയും സമൂഹത്തിലെ നിങ്ങളുടെ സ്‌ഥാനവുമൊക്കെയാണെന്നു കുരുതുക. അങ്ങനെയെങ്കിൽ കാപ്പിയാണോ അതോ കപ്പാണോ പ്രധാനപ്പെട്ടത്?’

‘കാപ്പി’, അവർ ഒന്നടങ്കം പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു: ‘നാം ഏതു കപ്പിൽനിന്നു കുടിക്കുന്നു എന്നതല്ല പ്രധാനപ്പെട്ട കാര്യം. പ്രത്യുത നാം കുടിക്കുന്നത് എത്ര നല്ല കാപ്പിയാണെന്നുള്ളതാണ്. എന്നാൽ, ചിലപ്പോഴെങ്കിലും നാം കുടിക്കുന്ന കാപ്പിയെക്കാളേറെ നാം പ്രാധാന്യം നൽകുന്നത് അതു കുടിക്കുവാൻ വേണ്ടി നാം ഉപയോഗിക്കുന്ന കപ്പുകൾക്കാണ്.

അദ്ദേഹം പറയുന്നതിന്റെ യുക്‌തി അംഗീകരിച്ചുകൊണ്ട് അവർ കേട്ടുനിൽക്കുമ്പോൾ അദ്ദേഹം തുടർന്നു: ’കാപ്പിയുടെ ഗുണമേന്മയെക്കാളേറെ കപ്പിന്റെ പ്രൗഢിയുടെ പിന്നാലെ നാം പോയാൽ അതു വലിയ അബദ്ധമായിരിക്കും. ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം അനുഭവിക്കുന്നവർ എല്ലാം ഉള്ളവരല്ല. നേരേമറിച്ച് എല്ലാം ഇല്ലെങ്കിലും എന്തൊക്കെയുണ്ടോ അവയിൽ സംതൃപ്തി കണ്ടെത്തുന്നവരാണ്. ഇന്റർനെറ്റിൽ വായിക്കാനിടയായ ഒരു കഥയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഈ കഥയിലെ പ്രഫസർ ചോദിക്കുന്ന ഒരു ചോദ്യമുണ്ടല്ലോ. നാം കുടിക്കുന്ന കാപ്പിയാണോ അതോ നാം കാപ്പി കുടിക്കുവാൻ ഉപയോഗിക്കുന്ന കപ്പാണോ പ്രധാനപ്പെട്ടത് എന്ന ചോദ്യം. ഈ ചോദ്യത്തിനു നാം തെരഞ്ഞെടുക്കുന്ന ഉത്തരത്തിനു നമ്മുടെ ജീവിതത്തിൽ വളരെ പ്രസക്‌തി ഉണ്ടെന്നതാണു യാഥാർഥ്യം.

പ്രഫസറെ സന്ദർശിക്കുവാൻ എത്തിയ അദ്ദേഹത്തിന്റെ ശിഷ്യന്മാർക്ക് കാപ്പിയെക്കാൾ പ്രധാനപ്പെട്ടതായിരുന്നു അവർ കാപ്പി കുടിക്കുവാൻ ഉപയോഗിക്കുന്ന കപ്പ്. അവർ ആരും അങ്ങനെ പറഞ്ഞില്ല. എന്നാൽ, അവർ തങ്ങളുടെ ജീവിതപ്രശ്നങ്ങൾ അവതരിപ്പിച്ചപ്പോൾ അവയിൽനിന്നു വ്യക്‌തമായത് അക്കാര്യമായിരുന്നു. തന്മൂലമാണ് കപ്പിനെക്കാൾ പ്രധാനപ്പെട്ടതു കാപ്പിയാണെന്ന് അദ്ദേഹത്തിനു ഓർമിപ്പിക്കേണ്ടി വന്നത്.
നമ്മുടെ സ്‌ഥിതി ഈ ശിഷ്യന്മാരുടേതിൽനിന്നു ഏറെ വിഭിന്നമാകാനിടയില്ല. കാരണം നമ്മിൽ ഏറെപ്പേരും പരക്കംപായുന്നതു ജീവിതത്തിലെ പ്രൗഢിയുടെയും പൊങ്ങച്ചത്തിന്റെയുമൊക്കെ പിന്നാലെയല്ലേ?. നമ്മുടെ ജീവിതത്തിൽ എന്തൊക്കെയുണ്ടെങ്കിലും നമുക്കു തൃപ്തിയാകുമോ? എപ്പോഴും കൂടുതൽ കൂടുതൽ സമ്പാദിക്കുവാനല്ലേ നമ്മുടെ ശ്രമം. അതുപോലെ കൂടുതൽ സ്‌ഥാനങ്ങൾ നേടിയെടുക്കുവാനല്ലേ പലപ്പോഴും നമ്മുടെ തത്രപ്പാടും?

ജീവിതത്തിൽ നല്ല സ്വപ്നങ്ങൾ ഉണ്ടാകരുതെന്നോ അവയുടെ സാക്ഷാത്കാരത്തിനായി നാം കഠിനാധ്വാനം ചെയ്യരുതെന്നോ അല്ല ഇവിടെ വിവക്ഷ. പ്രത്യുത, നാം എന്തൊക്കെ നേട്ടങ്ങളുടെ പിന്നാലെ പോയാലും അവയൊന്നും നമ്മുടെ ജീവിതത്തെ കളഞ്ഞുകുളിച്ചുകൊണ്ടായിരിക്കരുതെന്നുമാത്രം. തീർച്ചയായും ജീവിതത്തിൽ സാധിക്കുന്നിടത്തോളം നേട്ടങ്ങൾ നാം നേടിയെടുക്കണം. എന്നാൽ, അവയൊന്നും നമ്മുടെ ജീവിതത്തിന്റെ കാന്തി നഷ്‌ടപ്പെടുത്തിക്കൊണ്ടാവരുത്. അങ്ങനെയെങ്കിൽ നമുക്കു നമ്മുടെ ജീവിതത്തിൽ സംതൃപ്തി കണ്ടെത്തുവാനാകും. നേരെമറിച്ച് നേട്ടങ്ങൾ മാത്രമാണ് നാം ലക്ഷ്യം വയ്ക്കുന്നതെങ്കിൽ ഓരോ കോട്ടവും നമ്മുടെ സമാധാനം കൂടുതൽ നഷ്‌ടപ്പെടുത്തുകയേ ചെയ്യൂ.

കാപ്പി കുടിക്കുന്ന കപ്പിനെക്കാൾ കുടിക്കുന്ന കാപ്പിക്കു നമുക്കു പ്രാധാന്യം നൽകാം. അതായതു നമ്മുടെ ജീവിതത്തിന്റെ പ്രൗഢിയെക്കാൾ നമ്മുടെ ജീവിതം എത്ര മെച്ചപ്പെടുത്താനാവും എന്നതിൽ നമുക്കു ശ്രദ്ധ വയ്ക്കാം. അപ്പോൾ നാം അറിയാതെതന്നെ നമ്മുടെ ജീവിതം സന്തോഷപ്രദവും സംതൃപ്തി പൂർണവുമായി മാറും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ