ചർച്ചകളില്ലാതെ പുറത്തിറങ്ങുന്ന ഓർഡിനൻസ് ഒരു കൂട്ടരെ സംരക്ഷിക്കുന്പോൾ ദുർബലമായ മറ്റൊരു വിഭാഗത്തെ ഇരകളാക്കരുത്.
കുറ്റവാളിയായ രോഗിയുടെ കുത്തേറ്റു വന്ദനയെന്ന യുവഡോക്ടർ മരിക്കാനിടയായ ദാരുണ സംഭവത്തിന്റെ ആഘാതവും വേദനയും ഇനിയുമടങ്ങിയിട്ടില്ല. അതിനെ തുടർന്ന് സർക്കാർ പുറത്തിറക്കിയ ആശുപത്രി സംരക്ഷണ ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിടുകയും ചെയ്തു. ആരോഗ്യപ്രവർത്തകരെ ആക്രമിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്നവർക്ക് 10 വർഷംവരെ ശിക്ഷ ലഭിക്കാവുന്നവിധമാണ് ഭേദഗതി. നല്ലത്. ഇനി ചിന്തിക്കേണ്ടത് രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ഒരു ഭേദഗതിയെക്കുറിച്ചാണ്. സാധാരണക്കാർ മാത്രമല്ല, ഡോക്ടർമാരും നഴ്സുമാരും ജഡ്ജിമാരും മന്ത്രിമാരുമുൾപ്പെടെ രോഗികളായി മാറുന്ന ഏവരുടെയും ജീവനും അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ്. പ്രത്യേകിച്ച്, മുന്തിയ സ്വകാര്യ ആശുപത്രികളിൽ പോകാൻ പാങ്ങില്ലാത്ത നിർധനരുടേത്. രോഗികൾക്കു സംഘടനകൾ ഇല്ലാത്തതിനാൽ സർക്കാരും മനുഷ്യാവകാശത്തെക്കുറിച്ചു ബോധ്യമുള്ളവരും അതിനായി ശബ്ദിക്കേണ്ടതാണ്.
പുതിയ നിയമഭേദഗതിയനുസരിച്ച്, ആരോഗ്യപ്രവർത്തകരെ ആക്രമിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്നവർക്ക് ഏഴു വർഷംവരെ തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. കുറ്റകൃത്യം ഗുരുതരമാണെങ്കിൽ 10 വർഷംവരെ ശിക്ഷയും ഉയർന്ന പിഴയും ലഭിക്കും. മഹാമാരിയുടെ കാലത്തുൾപ്പെടെ ജീവന്റെ കാവൽക്കാരായ ആരോഗ്യപ്രവർത്തകർക്കു ഭയമേതുമില്ലാതെ പ്രവർത്തിക്കാനാകണം. അതേസമയം, ആരോഗ്യരംഗത്തെ ഏറ്റവും പ്രധാനപ്പെട്ടതും ദുർബലവുമായ വിഭാഗം രോഗികളാണെന്നതും മറക്കരുത്. ഏതൊരു അക്രമത്തിനുമെതിരേ ഇന്ത്യൻ പീനൽകോഡിലെ നിയമങ്ങൾ ഉള്ളപ്പോൾ ഡോക്ടർമാർക്ക് പ്രത്യേക സംരക്ഷണ നിയമം നിർമിക്കുന്നുണ്ടെങ്കിൽ രോഗികളുടെ അവകാശ സംരക്ഷണത്തിനും നിയമം വേണ്ടേ? ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ അവഗണനയാലോ അശ്രദ്ധയാലോ രോഗി മരിക്കാനിടയായാൽപോലും പ്രതികരിക്കാൻ രോഗികളുടെ ബന്ധുക്കളല്ലാതെ ആരുമുണ്ടാകാറില്ല. അതുസംബന്ധിച്ച ഏതൊരന്വേഷണവും നടത്തുന്നതിൽ മുഖ്യപങ്കുവഹിക്കുന്നത് പ്രതിസ്ഥാനത്തുള്ള ഡോക്ടർമാരുടെ പ്രതിനിധികളാണ്. അതുകൊണ്ടുതന്നെ രോഗികളുടെ ബന്ധുക്കൾ പലപ്പോഴും പരാതിപോലും നൽകാറില്ല.
ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം രൂപീകൃതമായ നാഷണൽ കൺസ്യൂമർ ഡിസ്പ്യൂട്സ് റിഡ്രസൽ കമ്മീഷൻ (എൻസിഡിആർസി) 2015 മുതൽ 2019 വരെ നാലു വർഷത്തിനിടെ ചികിത്സാരംഗത്തെ അപകടങ്ങളും പിഴവുകളും മൂലമുണ്ടായ 253 ഗുരുതര കേസുകളിലാണ് നഷ്ടപരിഹാരം വിധിച്ചത്. 80 ശതമാനത്തിലും നഷ്ടപരിഹാരം നൽകിയത് ഡോക്ടർമാരുടെയും നഴ്സുമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരുടെയും പിഴവുകൾകൊണ്ട് ഉണ്ടായ ഗുരുതര വീഴ്ചകൾക്കാണ്. ശസ്ത്രക്രിയകളെ തുടർന്നുള്ള ഗുരുതര വീഴ്ചകളായിരുന്നു പ്രധാനം. തങ്ങൾക്കെതിരേയുണ്ടാകുന്ന ഏതൊരു പ്രതികരണത്തിനുമെതിരേ ആഞ്ഞടിക്കുന്ന ഡോക്ടർമാരുടെയോ നഴ്സുമാരുടെയോ ഒരു സംഘടനയും ഇതിനെതിരേ പ്രതികരിക്കാറില്ല. കേരളം കൈക്കൂലിയെക്കുറിച്ച് ചർച്ച ചെയ്യുന്ന ദിവസങ്ങളാണിത്. ഡോക്ടർമാരുടെ കൈക്കൂലിയെക്കുറിച്ച് അവരുടെ സംഘടനകൾ പ്രതികരിക്കാറുണ്ടോ? അവരുടെ അധാർമികമായ തൊഴിൽ ശൈലികളെക്കുറിച്ച് അവർക്ക് എന്തെങ്കിലും ധാർമിക രോഷമുണ്ടായതായി ആരെങ്കിലും കേട്ടിട്ടുണ്ടോ? മരുന്നു കന്പനികളിൽനിന്ന് അവർ വാങ്ങിക്കൂട്ടുന്ന ലക്ഷങ്ങളെക്കുറിച്ചും കോടികളെക്കുറിച്ചും ഈ ഡോക്ടർമാരുടെ സംഘടനകൾക്ക് എന്തെങ്കിലും വേവലാതിയുണ്ടോ? സ്കാനിംഗ് സെന്ററുകളിൽനിന്നും ലാബുകളിൽനിന്നും അവർക്കു ലഭിക്കുന്ന കമ്മീഷനുകളെക്കുറിച്ചും ആ കമ്മീഷനുവേണ്ടി അനിവാര്യമല്ലെങ്കിലും രോഗികളെ അവിടേക്കു പറഞ്ഞയക്കുന്ന ഡോക്ടർമാരെക്കുറിച്ചും അന്വേഷണം നടക്കാറുണ്ടോ? മനുഷ്യസ്നേഹികളായ അനേകം ഡോക്ടർമാരെ നോക്കുകുത്തികളാക്കി കോടികൾ സന്പാദിക്കുന്ന ഷൈലോക്കുമാരായ ഡോക്ടർ മുതലാളിമാരും അന്വേഷണത്തിന്റെ പരിധിയിൽ വരേണ്ടതല്ലേ?
സർക്കാർ ആശുപത്രികളിൽ ചെന്നാൽ ഒ.പി. ടിക്കറ്റെടുക്കുന്നിടം മുതൽ വരിനിൽക്കുന്ന ക്ഷീണിതരായ മനുഷ്യരുടെ കാഴ്ച ഇന്നും പതിവാണ്. പ്രായാധിക്യമുള്ളവർക്കുപോലും ഇരിപ്പിടമുണ്ടാകില്ല. ഡോക്ടറെ കണ്ടുകഴിഞ്ഞാൽ മരുന്നു വാങ്ങാനുള്ള, മുറിവ് വച്ചുകെട്ടാനുള്ള, കുത്തിവയ്പ് എടുക്കാനുള്ള, എക്സ്റേ എടുക്കാനുള്ള... നിരകളാണ് എങ്ങുമുള്ളത്. പലരും ഗതികേടുകൊണ്ട് ഒന്നും മിണ്ടാറില്ല. ക്ഷീണമോ വേദനയോ സഹിക്കാനാവാതെ വരുന്പോഴാണ് പലരും പൊട്ടിത്തെറിക്കുന്നത്; മറ്റു ചിലപ്പോൾ പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിതമായ വേർപാടിൽ.
ഒരു കട്ടിലുപോലും കിട്ടാതെ ആശുപത്രി വാർഡുകളിലെ തറയിലും വരാന്തയിലും കിടക്കുന്നവരെ മര്യാദ പഠിപ്പിക്കുന്നത്ര എളുപ്പമല്ല, ആരോഗ്യരംഗത്തെ മറ്റ് അനാശാസ്യ പ്രവണതകൾ നിയന്തിക്കുന്നത്. ആരോഗ്യപ്രവർത്തകരെ അധിക്ഷേപിക്കുന്നവർക്കുപോലും ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമഭേദഗതി ദുരുപയോഗിക്കാൻ ഏറെ സാധ്യതയുണ്ട്. ചർച്ചകളില്ലാതെ പുറത്തിറങ്ങുന്ന ഓർഡിനൻസ് ഒരു കൂട്ടരെ സംരക്ഷിക്കുന്പോൾ ദുർബലമായ മറ്റൊരു വിഭാഗത്തെ ഇരകളാക്കരുത്. ഡോക്ടർ വന്ദനയുടെ മുറിവുകൾ സ്വന്തം ശരീരത്തിലാണെന്നു കരുതി വേദനിച്ച കേരളം, മനുഷ്യർക്കു വായിക്കാവുന്ന രീതിയിൽ മരുന്നിന്റെ കുറിപ്പെഴുതാൻപോലും സൗകര്യമില്ലാത്ത അഹങ്കാരികളെയും തിരിച്ചറിയുന്നുണ്ട്. 99 ശതമാനത്തിലേറെ ആളുകൾ ഡോക്ടർമാരെയും നഴ്സുമാരെയും ദൈവത്തെപ്പോലെ കാണുന്ന ഒരു സമൂഹത്തിൽ വെളുക്കാൻ തേച്ച നിയമം ആരോഗ്യരംഗത്തെ കറുത്ത പാടായി മാറരുത്.