മതേതര ഭരണഘടനയല്ല, മാറ്റാം മതരാഷ്ട്രചിന്ത
Wednesday, July 2, 2025 12:00 AM IST
ഭരണഘടനയുടെ മതേതരത്വ, സോഷ്യലിസ്റ്റ് ഉള്ളടക്കമല്ല, അതിനെ വെറുക്കുന്നവരുടെ ഉള്ളിലിരിപ്പാണ് മാറ്റേണ്ടത്.
ഭരണകൂടത്തിന്റെ മതവിവേചന നീക്കങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്പോഴൊക്കെ, ശക്തമായൊരു മതേതര-ജനാധിപത്യ രാജ്യത്തല്ലേ ജീവിക്കുന്നതെന്നു കോടിക്കണക്കിന് ഇന്ത്യക്കാരെ ധൈര്യപ്പെടുത്തുന്നത് ഭരണഘടനയാണ്.
അത്തരമൊരു ധൈര്യത്തിന്റെ ആവശ്യം തങ്ങൾക്കില്ലെന്നോ അധികാരത്തിലും രാജ്യത്തിന്റെ ഉടമസ്ഥതയിലും മേൽക്കൈ ഉണ്ടെന്നോ കരുതുന്ന മറ്റൊരു കൂട്ടരാകട്ടെ, ഭരണഘടനയിൽ മാറ്റം വേണമെന്ന് ഇടയ്ക്കൊക്കെ വിളിച്ചുപറയുന്നു.
അവർക്ക് ഭരണഘടനയുടെ ആമുഖത്തിൽനിന്നു മതേതരത്വത്തെയും സോഷ്യലിസത്തെയും എടുത്തു കളയണം! പ്രധാന ഉന്നം മതേതരത്വമായിരിക്കാം. അതാണല്ലോ എല്ലാ പൗരന്മാരെയും മതഭേദമില്ലാതെ ഒന്നിച്ചു നിർത്തുന്നത്. മതേതരത്വം മാറ്റിയാൽ ഇന്ത്യ മതരാഷ്ട്രമാകുമെന്ന് അവർ കരുതുകയാവാം. അവർക്കു പരിമിതികളുണ്ട്. പക്ഷേ, ഭരണഘടനയിലെ മതേതര തടസം മാറ്റാൻ മുറവിളി കൂട്ടുന്നവരെ ഭരണകൂടം തടയുന്നില്ല!
ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ, കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ബിജെപി രാജ്യസഭാ എംപി സുധാൻഷു ത്രിവേദി തുടങ്ങിയവരാണ് അടുത്തടുത്ത ദിവസങ്ങളിൽ ഭരണഘടനയിലെ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾക്കെതിരേ രംഗത്തെത്തിയത്.
ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിൽ തയാറാക്കിയ ഭരണഘടനയുടെ ആമുഖത്തിൽ ‘മതേതരത്വവും’ ‘സോഷ്യലിസവും’ ഉൾപ്പെടുത്തിയിരുന്നില്ലെന്നും അടിയന്തരാവസ്ഥക്കാലത്ത് കൂട്ടിച്ചേർത്തതാണെന്നും അതു മാറ്റുന്നതിനെക്കുറിച്ചു ചർച്ച ചെയ്യണമെന്നുമാണ് ദത്താത്രേയ ഹൊസബാളെ പറഞ്ഞത്.
പിന്നാലെ എത്തിയത് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ്. ഈ രണ്ട് വാക്കുകളും ഇന്ത്യന്‍ നാഗരികതയ്ക്ക് എതിരാണന്നും മതേതരത്വം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. അടിയന്തരാവസ്ഥക്കാലത്ത് ആ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ ഒരു ‘പുണ്ണ്’ ആയി ചേർത്തത് ‘സനാതന ചൈതന്യ’ത്തോടുള്ള അവഹേളനമാണെന്നായിരുന്നു ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ നിരീക്ഷണം.
തൊട്ടുപിന്നാലെ ഹിമന്ത് ബിശ്വ ശർമയെത്തി. രണ്ടു വാക്കുകളും ഭരണഘടനയിൽനിന്നു നീക്കം ചെയ്യാനുള്ള സുവർണാവസരമാണിതത്രേ. ഇന്ത്യൻ സംസ്കാരം മതേതരത്വത്തെ പിന്തുണയ്ക്കുന്നില്ലെന്നും മതേതരത്വത്തിന്റെ പേരിൽ രാജ്യത്ത് വിശ്വാസവും സംസ്കാരവും ഭീഷണി നേരിടുന്നുവെന്നും രണ്ടു ദിവസം മുന്‍പാണ് ബിജെപി ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സുധാൻഷു ത്രിവേദി പറഞ്ഞത്.
ഇവരുടെയൊക്കെ വർത്തമാനം കേട്ടാൽ തോന്നും, നമ്മെ ഒന്നിപ്പിക്കുന്ന മതേതരത്വവും തുല്യതയെ ലക്ഷ്യമാക്കുന്ന സോഷ്യലിസവും ഇത്ര വെറുക്കപ്പെടേണ്ട വാക്കുകളാണോയെന്ന്. ഭരണഘടനയുടെ ആമുഖത്തിലുള്ളതല്ല, ഇവരുടെയൊക്കെ ഉള്ളിലിരിപ്പാണ് മാറ്റേണ്ടത്.
മതേതരത്വം, സോഷ്യസിസം വാക്കുകളുടെ ഉന്മൂലനത്തിനിറങ്ങിയവരുടെ വാദങ്ങളെ സുപ്രീംകോടതി പലതവണ തള്ളിക്കളഞ്ഞതാണ്. അടിയന്തരാവസ്ഥയ്ക്കിടെ കാലാവധി നീട്ടിയ ഇന്ദിര സർക്കാർ 1976ൽ 42-ാം ഭേദഗതിയിലൂടെ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ കൂട്ടിച്ചേർത്തത് ജനഹിതമല്ലെന്ന ഹർജിയും കഴിഞ്ഞ നവംബറിൽ സുപ്രീംകോടതി തള്ളി.
അടിയന്തരാവസ്ഥയ്ക്കുശേഷം തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ലോക്സഭ, കൂട്ടിച്ചേർക്കപ്പെട്ട വാക്കുകളെക്കുറിച്ച് 1978ൽ വിശദമായ ചർച്ചയും പരിശോധനയും നടത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ മറ്റു കണ്ടെത്തലുകളുടെ ചുരുക്കം ഇതായിരുന്നു: “ഭരണഘടനയുടെ അടിസ്ഥാനസ്വഭാവത്തെ മാറ്റാത്ത ഭേദഗതികൾ വരുത്താനുള്ള സർക്കാരുകളുടെ അധികാരം ചോദ്യം ചെയ്യാനാകാത്തതാണ്.
സമത്വം എന്ന അവകാശത്തിന്റെ ഭാഗമാണു മതനിരപേക്ഷത. 1949 നവംബർ 26നു ഭരണഘടന അംഗീകരിച്ചപ്പോൾതന്നെ മതനിരപേക്ഷത വ്യക്തമാക്കിയിരുന്നു. അതുപോലെ സ്വകാര്യസംരംഭങ്ങളെ നിയന്ത്രിക്കുകയല്ല, സാമൂഹിക- സാമ്പത്തിക പുരോഗതിയാണ് സോഷ്യലിസത്തിന്റെ ലക്ഷ്യം. പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തെ സഹായിച്ചുകൊണ്ട് സ്വകാര്യമേഖല ഇതിനോടകം വളർന്നിട്ടുമുണ്ട്.’’
ഭരണഘടനയുടെ ആമുഖത്തിനെതിരേ ആർഎസ്എസ് ജനറൽ സെക്രട്ടറി ഡൽഹിയിൽപറഞ്ഞപ്പോൾ തന്നെ മഹാരാഷ്ട്രയിലെ അമരാവതിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് ഇങ്ങനെ പറഞ്ഞു: “പാർലമെന്റാണ് പരമോന്നതമെന്നാണ് പലരുടെയും പക്ഷം. എന്നാൽ, എന്റെ അഭിപ്രായത്തിൽ ഭരണഘടനയാണ്.
എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചർ, ജുഡീഷറി എന്നീ ജനാധിപത്യത്തിന്റെ മൂന്നു തൂണുകളും ഭരണഘടനയ്ക്കു കീഴിലാണ്. ഭേദഗതിവരുത്താന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെങ്കിലും ഭരണഘടനയുടെ അടിസ്ഥാനഘടനയില്‍ മാറ്റംവരുത്താന്‍ കഴിയില്ല.’’ ഇതൊക്കെ കേട്ടിട്ടും ഭരണഘടനയെക്കുറിച്ചോ മതേതരത്വത്തെക്കുറിച്ചോ സംശയിക്കുന്നവരുടേത് സംശയമല്ല, അജൻഡയാണ്. കോടതികൾക്ക് അതിലൊന്നും ചെയ്യാനില്ല.
തെറ്റിദ്ധരിക്കപ്പെട്ടവരുണ്ടെങ്കിൽ ചിന്തിക്കണം. എന്തൊക്കെ പരിമിതികളുണ്ടെങ്കിലും “ഇന്ത്യയിലെ ജനങ്ങളായ നാം, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ളിക്കായി സംവിധാനം ചെയ്യുവാനും... ’’എന്നു തുടങ്ങുന്ന ആമുഖം ഇക്കാലമത്രയും നമ്മെ ചേർത്തു നിർത്തിയതല്ലേ? പഹൽഗാമിൽ ഭ്രാന്തെടുത്ത പാക്കിസ്ഥാനെന്ന മതരാഷ്ട്രത്തെ നേരിട്ടപ്പോഴും നമ്മെ ചേർത്തുനിർത്തിയത് ഈ മതേതര ഭരണഘടനയല്ലേ? ആ വാക്കിനെയോ, അതിലൂടെ സ്ഥാപിതമായ നാനാത്വത്തിലെ ഏകത്വത്തെയോ... ഏതിനെയാണു ചിലർ മാറ്റാനാഗ്രഹിക്കുന്നത്? തിരിച്ചറിയണം.