ഇനിയും നേരം വെളുക്കാത്ത ചില രാഷ്ട്രീയ, തൊഴിലാളി പ്രസ്ഥാനങ്ങളും ഉദ്യോഗസ്ഥ സംവിധാനങ്ങളും ഇവിടെയുണ്ട് എന്നതും വിസ്മരിക്കാനാവില്ല. കിടപ്പാടം പണയംവച്ചും ബാങ്ക് വായ്പയെടുത്തുമൊക്കെ ഒരാൾ സംരംഭകനാകാൻ ഇറങ്ങിത്തിരിച്ചാൽ അയാളെ മുതലാളിയായി മുദ്രകുത്തി ഇത്തരക്കാർ കൈകാര്യം ചെയ്യുന്ന രീതികൾ ഇതിനകം പലവട്ടം മാധ്യമങ്ങളിൽ വാർത്തയായിട്ടുണ്ട്
മിക്ക ആളുകളും ചെയ്യാത്തതുപോലെ നിങ്ങളുടെ ജീവിതത്തിന്റെ കുറച്ചു വർഷങ്ങൾ ജീവിക്കുന്നതാണ് സംരംഭകത്വം; അതിനാൽ മിക്ക ആളുകൾക്കും കഴിയാത്തതുപോലെ നിങ്ങളുടെ ജീവിതകാലം മുഴുവൻ ചെലവഴിക്കാനാകും-സംരംഭകത്വത്തെക്കുറിച്ചുള്ള ഏറെ പ്രശസ്തമായ വാചകങ്ങളിലൊന്നാണിത്.
ഇന്നു രാജ്യത്ത് പ്രത്യേകിച്ചു നമ്മുടെ സംസ്ഥാനത്ത് സംരംഭകത്വം ചൂടുപിടിച്ച ചർച്ചാവിഷയമാണ്. സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും പതിറ്റാണ്ടുകളായി നമ്മുടെ രാജ്യത്തു നിലവിലുണ്ട്. 2006ൽ നിലവിൽ വന്നതാണ് മൈക്രോ സ്മോൾ മീഡിയം എന്റർപ്രൈസസ് ഡെവലപ്മെന്റ് ആക്ട്.
എന്നാൽ, ഇത്തരം പദ്ധതികൾ സംബന്ധിച്ച ആശയങ്ങൾ ആളുകളിലേക്ക് എത്തിക്കാനോ വ്യവസായമോ സംരംഭമോ തുടങ്ങാനുള്ള അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനോ നമ്മുടെ ഭരണകൂടങ്ങളും ജനസേവകരെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ നേതൃത്വങ്ങളും ഇച്ഛാശക്തി കാണിച്ചില്ല എന്നതാണ് യാഥാർഥ്യം.
അതിന്റെ ഫലമോ? ഈ നാട്ടിൽ നിന്നാൽ ഒരു ഗതിയും ഉണ്ടാവില്ല, ഉണ്ടാവാൻ സമ്മതിക്കില്ല, ഇവിടെ ഇനി സാധ്യതകളില്ല എന്ന ചിന്ത യുവതലമുറയെ കീഴടക്കി. ഉള്ളതെല്ലാം വിറ്റുപെറുക്കിയും കടം വാങ്ങിയും വിദ്യാഭ്യാസവും തൊഴിലും തേടി യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റമായിരുന്നു ഇതിന്റെ പരിണതഫലം.
കാലിനടിയിലെ മണ്ണു ചോരുന്നതിനേക്കാൾ ഭയാനകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതാണ് ഈ തലച്ചോറുകളുടെ ചോർച്ചയെന്ന് ഇപ്പോൾ അധികാരികൾക്കും വിദഗ്ധർക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുമൊക്കെ തോന്നിത്തുടങ്ങിയിട്ടുണ്ട്.
അതിന്റെ ഭാഗമായാണ് സംരംഭകത്വ വർഷാചരണവും സ്റ്റാർട്ടപ് പ്രഖ്യാപനങ്ങളുമൊക്കെ ചർച്ചകളിലും പ്രഖ്യാപനങ്ങളിലും ഇടംപിടിച്ചു തുടങ്ങിയിരിക്കുന്നത്. എന്നാൽ, ഇനിയും നേരം വെളുക്കാത്ത ചില രാഷ്ട്രീയ, തൊഴിലാളി പ്രസ്ഥാനങ്ങളും ഉദ്യോഗസ്ഥ സംവിധാനങ്ങളും ഇവിടെയുണ്ട് എന്നതും വിസ്മരിക്കാനാവില്ല.
കിടപ്പാടം പണയംവച്ചും ബാങ്ക് വായ്പയെടുത്തുമൊക്കെ ഒരാൾ സംരംഭകനാകാൻ ഇറങ്ങിത്തിരിച്ചാൽ അയാളെ മുതലാളിയായി മുദ്രകുത്തി ഇത്തരക്കാർ കൈകാര്യം ചെയ്യുന്ന രീതികൾ ഇതിനകം പലവട്ടം മാധ്യമങ്ങളിൽ വാർത്തയായിട്ടുണ്ട്. ഇത്തരക്കാർക്കു മൂക്കുകയറിടുകയെന്ന ഭാരിച്ച ഉത്തരവാദിത്തംകൂടി ഭരണകൂടങ്ങൾ നിറവേറ്റിയെങ്കിൽ മാത്രമേ സംരംഭകത്വത്തെക്കുറിച്ചു പറയാൻ നിങ്ങൾക്കു യോഗ്യതയുള്ളൂ എന്ന് ഓർമിച്ചാൽ നന്ന്.
സംരംഭകത്വം വളരുന്പോൾ രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയാണ് വളരുന്നത്. അതോടൊപ്പം ജീവിതനിലവാരവും സൗകര്യങ്ങളും തൊഴിലും വളരും. അതുകൊണ്ടുതന്നെ ഭരണകൂടങ്ങൾക്കു മാത്രമല്ല, രാഷ്ട്രീയ-സാമൂഹിക-സാമുദായിക പ്രസ്ഥാനങ്ങൾക്കും ഈ രംഗത്തു വലിയ സംഭാവനകൾ നൽകാനുണ്ട്. കേരളത്തിലെ ക്രൈസ്തവസമൂഹം നല്ലൊരു ഉദാഹരണമാണ്.
ഏതാനും പതിറ്റാണ്ടുകൾ മുന്പുവരെ കേരളത്തിലെ എണ്ണം പറഞ്ഞ പല സംരംഭങ്ങളുടെയും പിന്നിൽ-അത് കൃഷിയാകട്ടെ, വ്യാപാരമാകട്ടെ, വ്യവസായമാകട്ടെ-ക്രൈസ്തവരുടെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. പല രംഗത്തും പ്രമുഖ തൊഴിൽദാതാക്കളായിരുന്നു അവർ.
ഇതു കേരളത്തിലെ മാത്രം പ്രതിഭാസമായിരുന്നില്ല, യൂറോപ്പിലെയൊക്കെ വ്യവസായ ചരിത്രംതന്നെ പരിശോധിച്ചാൽ ക്രൈസ്തവ സന്യാസ ആശ്രമങ്ങളിൽനിന്നായിരുന്നു പല സംരംഭങ്ങളുടെയും തുടക്കം.
കൃഷിയും ചെറുകിട സംരംഭങ്ങളുമൊക്കെ വളർത്തിയെടുക്കുന്നതിലും തൊഴിൽ നൽകുന്നതിലും ഇത്തരം ആശ്രമങ്ങളും പള്ളികളുമൊക്കെ വഹിച്ച പങ്ക് ചരിത്രംതന്നെ സാക്ഷ്യപ്പെടുത്തുന്നു.
ആളുകളെ വിദ്യാഭ്യാസം നൽകിയും ബോധവത്കരിച്ചും സഹായം നൽകിയുമൊക്കെ പല സ്വയം സംരംഭങ്ങളിലേക്കും വഴികാട്ടിയതിൽ മിഷനറിമാർക്കുമുണ്ട് നിർണായക പങ്ക്. ഇതു ക്രൈസ്തവരുടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമാണെന്ന് കത്തോലിക്കാസഭ ഔദ്യോഗികമായി നിഷ്കർഷിച്ചിട്ടുണ്ട്.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖയിൽത്തന്നെ സമൂഹത്തോടു ക്രൈസ്തവർക്ക് ഉണ്ടായിരിക്കേണ്ട മനോഭാവത്തിന്റെയും സമീപനത്തിന്റെയും നയപ്രഖ്യാപനം ചരിത്രത്തിൽ തങ്കലിപികളാൽ വിരചിതമായ ഒന്നാണ്. ഇക്കാലത്തെ മനുഷ്യരുടെ, വിശിഷ്യ പാവങ്ങളുടെയും പീഡിതരുടെയും സന്തോഷവും പ്രതീക്ഷകളും സങ്കടവും ഉത്കണ്ഠയുമെല്ലാം ക്രിസ്തുവിന്റെ അനുയായികളുടേതു കൂടിയാണെന്ന് ‘സഭ ആധുനിക ലോകത്തിൽ’ എന്ന പ്രമാണരേഖയിലൂടെ കത്തോലിക്കാസഭ അടിവരയിട്ടു പറഞ്ഞു.
സർവമനുഷ്യർക്കും നൽകാനുള്ള രക്ഷാസന്ദേശമാണ് അവർ കൈപ്പറ്റിയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് മനുഷ്യവംശത്തോടും അതിന്റെ ചരിത്രത്തോടും ഈ സമൂഹം യഥാർഥമായും അവഗാഢമായും ബന്ധപ്പെട്ടതായി അവർക്ക് അനുഭവപ്പെടുന്നതെന്നും ഈ രേഖയിൽ പറയുന്നു.
സാമൂഹിക സംരംഭകത്വം എന്ന ആശയത്തിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. സാമൂഹിക പ്രശ്നങ്ങൾക്കു പ്രത്യക്ഷമായോ പരോക്ഷമായോ പരിഹാരം കണ്ടെത്താൻ പരിശ്രമിക്കുന്ന സംരംഭങ്ങളെയാണ് സാമൂഹിക സംരംഭം എന്നു വിശേഷിപ്പിക്കുന്നത്.
ക്രൈസ്തവസമൂഹത്തിന് ഈ രംഗത്തുണ്ടായിരുന്ന പങ്കാളിത്തം പല കാരണങ്ങൾകൊണ്ടും ക്ഷയിച്ചു എന്നതിന്റെ തെളിവാണ് ആ സമൂഹത്തിലെ യുവതലമുറ തൊഴിൽ ദാതാക്കൾ എന്നതിൽനിന്ന് തൊഴിൽ അന്വേഷകരായി മാറി ലോകമെന്പാടും അലയുന്നത്.
ഇന്നു നാം നേരിടുന്ന പല സാമൂഹിക പ്രശ്നങ്ങളെയും മറികടക്കാനുള്ള പോംവഴി പഴയ തലമുറയുടെ സംരംഭക സംസ്കൃതി തിരികെ പിടിക്കുക എന്നതാണ്.
അതിനുള്ള ആദ്യ ചുവടുവയ്പായി കാഞ്ഞിരപ്പള്ളിയിൽ നടന്ന ‘നെസ്റ്റ്’ എന്ന സംരംഭക കൂട്ടായ്മയെ വിലയിരുത്താം. സർക്കാർ സംവിധാനങ്ങളോടു ചേർന്നു സംരംഭകസംസ്കാരം രൂപപ്പെടുത്താൻ സമൂഹത്തെ സഹായിക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.
സാധ്യതകൾ, സാങ്കേതികവിദ്യ, മൂലധന സ്വരൂപണം എന്നിങ്ങനെ പല വിഷയങ്ങൾ പഠിക്കുകയും പ്രാവർത്തികമാക്കാൻ സഹായിക്കുകയും ചെയ്യും. നെസ്റ്റ് എന്ന ആശയത്തിന്റെയും തുടക്കം ഒരു ആശ്രമ പശ്ചാത്തലത്തിൽനിന്നാണെന്നത് ശ്രദ്ധേയം.
നല്ലതണ്ണി ആശ്രമത്തോടു ചേർന്നു പ്രവർത്തിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന പ്രഫഷണലുകൾ അടങ്ങുന്ന കൂട്ടായ്മയാണ് ഈ ആശയം നടപ്പാക്കാൻ രംഗത്തു വന്നിരിക്കുന്നത്. സംരംഭകരുടെ ദേശീയ ദിനാചരണത്തിന്റെ പശ്ചാത്തലത്തിൽ ഉറപ്പിച്ചു പറയാം; ഇത് ഒരിടത്തു മാത്രം ഒതുങ്ങേണ്ടതല്ല, കേരളമെന്പാടും പടരേണ്ടതാണ്.