രാജ്യം വൈകാതെ സെൻസസ് നടത്തുമെന്ന വാർത്ത ശരിയാകട്ടെ. ഇരുട്ടിൽ നിന്നുകൊണ്ട് വെളിച്ചത്തെക്കുറിച്ചു നടത്തുന്ന അവകാശവാദങ്ങൾ ഇനിയാവശ്യമില്ല. ജാതി യാഥാർഥ്യമായ രാജ്യത്ത് അതിന്റെയും കണക്കെടുക്കട്ടെ.
പതിമൂന്നു വർഷങ്ങൾക്കുശേഷം ഇന്ത്യ കാനേഷുമാരി അഥവാ ജനസംഖ്യാ കണക്കെടുപ്പ് നടത്താൻ പോകുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു; സ്വാഗതാർഹം. സർക്കാരുകളുടെ അവകാശവാദങ്ങൾക്കപ്പുറം രാജ്യത്തിന്റെ യഥാർഥ സ്ഥിതി അറിയാനും ഭാവി കെട്ടിപ്പടുക്കാനുമുള്ള കണക്കെടുപ്പാണത്.
പുതിയ കണക്കുകളുടെ വരികൾക്കിടയിൽ വായിച്ചാൽ സർക്കാരുകൾക്കെതിരേയുള്ള കുറ്റപത്രം കണ്ടെത്തിയേക്കുമെങ്കിലും അതു ഭാവി തീരുമാനങ്ങൾക്കു ദിശാബോധം നൽകും. അർഹരെയും അനർഹരെയും അക്കമിട്ടു നിരത്തുകയും ബജറ്റുകൾക്കു പുതിയ മാനദണ്ഡങ്ങൾ നൽകുകയും രാഷ്ട്രീയ മാനിഫെസ്റ്റോകളെ പുതുക്കിയെഴുതിക്കുകയും ചെയ്യും.
അടുത്ത മാസം ആരംഭിച്ചേക്കുമെന്നു കരുതുന്ന സെൻസസ് പൂർത്തിയാക്കാൻ ഒന്നര വർഷം വേണ്ടിവന്നേക്കുമെന്നാണു സൂചന. 2026 മാർച്ചിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കാനാകും. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്റ്റാറ്റിസ്റ്റിക്സ് ആന്ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന് മന്ത്രാലയവും ഇതിനോടകം തയാറാക്കിയ സമയക്രമത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അംഗീകാരമായാൽ പ്രഖ്യാപനമുണ്ടാകും.
ജനങ്ങൾക്ക് സ്വയം വിവരങ്ങൾ നൽകാനാകുന്ന ഡിജിറ്റൽ സെൻസസ് ആയിരിക്കും നടപ്പാക്കുന്നത്. പ്രതിപക്ഷം നിരന്തരം ആവശ്യപ്പെടുന്ന ജാതി സെൻസസ് ഉണ്ടാകുമോയെന്നു വ്യക്തമല്ല. പിന്നാക്ക വിഭാഗങ്ങളുടെ സാന്പത്തിക-സാമൂഹിക സ്ഥിതി മെച്ചപ്പെടുത്താനുള്ള ക്ഷേമപദ്ധതികൾ നടപ്പാക്കണമെങ്കിൽ ജാതി തിരിച്ചുള്ള സെൻസസ് നടപ്പാക്കേണ്ടിവരും. പക്ഷേ, ആർഎസ്എസ് എതിരായതിനാൽ ബിജെപി സർക്കാർ മടിച്ചുനിൽക്കുകയാണ്.
ഇന്ത്യയിലെ ജനവിഭാഗങ്ങളെ ഒന്നിച്ചു നിർത്തിയതും പരന്പരാഗത തൊഴിൽ വൈദഗ്ധ്യങ്ങളെ നിലനിർത്തിയതും ജാതിവ്യവസ്ഥയാണെന്ന പിന്തിരിപ്പൻ വാദമാണ് കഴിഞ്ഞദിവസം ആർഎസ്എസിന്റെ ഹിന്ദി പ്രസിദ്ധീകരണമായ പാഞ്ചജന്യം മുഖപ്രസംഗത്തിൽ അവതരിപ്പിച്ചത്. ഇന്ത്യയുടെ ആത്മാഭിമാനം തകർക്കാനാണ് ക്രൈസ്തവ മിഷനറിമാർ ഇന്ത്യയെ ഒന്നിപ്പിക്കുന്ന ജാതിവ്യവസ്ഥ തകർക്കാൻ ശ്രമിച്ചതെന്ന വിചിത്രവാദവും അതിലുണ്ടായിരുന്നു.
ജനസംഖ്യ, സ്ത്രീ-പുരുഷ അനുപാതം, ആരോഗ്യം, സാന്പത്തികസ്ഥിതി, പണപ്പെരുപ്പം, തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയ സർവേകളെല്ലാം 2011-ലെ അടിസ്ഥാനവിവരങ്ങൾ വച്ചാണ് തയാറാക്കിക്കൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരിയാണ് സെൻസസ് വൈകാനുള്ള കാരണമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും പിന്നീടുണ്ടായ കാലതാമസത്തിൽ രാഷ്ട്രീയ താത്പര്യങ്ങൾ തള്ളിക്കളയാനാകില്ല.
അമേരിക്ക, ബ്രിട്ടൻ, ചൈന തുടങ്ങിയ പ്രമുഖ രാജ്യങ്ങളൊന്നും കോവിഡിന്റെ കാരണം പറഞ്ഞ് സെൻസസ് ഒഴിവാക്കിയില്ല. കഴിഞ്ഞ വർഷം പുറത്തിറക്കിയ ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യ ചൈനയെ പിന്തള്ളി ജനസംഖ്യയിൽ ഒന്നാമതായിരുന്നു. ഇന്ത്യക്കു സ്വന്തം കണക്കില്ലാത്തതിനാൽ, യുഎൻ കണക്കുകളെയാണ് ഗവേഷകർ ആശ്രയിക്കുന്നത്.
ബിസി 3800ൽ ബാബിലോണിയയിൽ നടത്തിയതാണ് ആദ്യ സെൻസസായി അറിയപ്പെടുന്നത്.
ഇന്ത്യയിൽ ബിസി മൂന്നാം നൂറ്റാണ്ടിൽ മൗര്യ ചക്രവർത്തിയായ അശോകൻ കണക്കെടുപ്പു നടത്തി. 2000 വർഷങ്ങൾക്കു മുന്പ്, അഗസ്റ്റസ് സീസർ നടത്തിയ സെൻസസിനെക്കുറിച്ച് ബൈബിൾ പുതിയനിയമത്തിന്റെ തുടക്കത്തിൽ പറയുന്നുണ്ട്. ഗലീലിയയിലെ പട്ടണമായ നസ്രത്തിൽനിന്നു ദാവീദിന്റെ പട്ടണമായ ബെത്ലഹേമിലേക്ക് ഗർഭിണിയായ മറിയത്തെയും കൂട്ടിയുള്ള ജോസഫിന്റെ യാത്രയ്ക്കിടെയാണ് ക്രിസ്തുവിന്റെ ജനനം.
സർക്കാരിന്റെ രേഖകളിൽ പേരെഴുതിക്കാനുള്ള അത്തരം ത്യാഗങ്ങളൊക്കെ സെൻസസിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ്. 1881ലാണ് ഇന്ത്യയിൽ 10 വർഷത്തിലൊരിക്കലുള്ള സെൻസസ് ആദ്യമായി നടത്തിയത്. 2011-ൽ യുപിഎ സർക്കാരിന്റെ കാലത്തു നടത്തിയതാണ് അവസാനത്തേത്. ജാതിയും മതവും സമൂഹമാധ്യമങ്ങളും രാഷ്ട്രീയത്തെയും രാഷ്ട്രത്തെയും നിർവചിക്കുന്ന കാലമാണ്.
ജനങ്ങൾക്കിടയിലെ സാന്പത്തിക അന്തരം വർധിക്കുന്പോഴും നാം വികസനത്തിന്റെ കുതിപ്പിലാണെന്ന് അവകാശപ്പെടുന്നു. മദ്യവും മയക്കുമരുന്നും കുറ്റകൃത്യങ്ങളും ശിഥിലമാകുന്ന കുടുംബബന്ധങ്ങളും മനുഷ്യവംശത്തിനു സമ്മാനിച്ചത് എന്താണെന്നു തിരിച്ചറിയണം. കുടിയേറ്റത്തിന്റെ കൃത്യമായ കണക്കുകളറിഞ്ഞാൽ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ചു മാറ്റിവരയ്ക്കുന്ന അതിരുകൾ കാണാം.
ശരിയായ കണക്കുകളില്ലാതെ ശരിയായ രാഷ്ട്രീയ നയങ്ങളോ തീരുമാനങ്ങളോ ഉണ്ടാകില്ല. അതായത്, സെൻസസ് ഒഴിവാക്കുക എന്നു പറഞ്ഞാൽ തെറ്റായ കണക്കുകളെ അവലംബിച്ച് തെറ്റായ അവകാശവാദങ്ങൾക്കുള്ള കളമൊരുക്കുക എന്നാണ്. അതുകൊണ്ടുതന്നെ കാലാനുസൃതമായ വിവരശേഖരണങ്ങൾ ഉൾപ്പെടുത്തി എത്രയും വേഗം സെൻസസ് പ്രഖ്യാപനം ഉണ്ടാകട്ടെ.