അംബാനി വീണ്ടും 100 ബില്യണ്‍ ഡോളർ ക്ലബ്ബിൽ
Thursday, May 1, 2025 12:34 AM IST
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനി വീണ്ടും 100 ബില്യണ്‍ ഡോളർ ക്ലബ്ബിൽ. രണ്ട് മാസത്തിനുള്ളിൽ ഏകദേശം 20 ബില്യണ്‍ ഡോളറായാണ് അംബാനിയുടെ ആസ്തി വർധിച്ചത്. ഇതോടെ മുകേഷ് അംബാനി ലോകത്തെ അതിസന്പന്നരുടെ ആദ്യ പതിനാറുപേരുടെ പട്ടികയിൽ ഇടം പിടിച്ചു. നിലവിൽ 14-ാം സ്ഥാനത്താണ്.
മാർച്ച് പകുതി മുതൽ ഇന്ത്യൻ ഓഹരിവിപണിയിലുണ്ടായ ശക്തമായ കുതിപ്പും വിദേശ നിക്ഷേപകരുടെ തിരിച്ചുവരവുമാണ് ഇന്ത്യയിലെ മുൻനിര ശതകോടീശ്വരന്മരുടെ ആസ്തിയിൽ വർധനയ്ക്കു കാരണമായത്.
ഫോർബ്സിന്റെ റിയൽ-ടൈം ബില്യണേഴ്സ് റാങ്കിംഗ് അനുസരിച്ച്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തി 106.1 ബില്യണ്‍ ഡോളറാണ്. മാർച്ച് തുടക്കത്തില അംബാനിയുടെ ആസ്തി 81 ബില്യണ്‍ ഡോളറായി താഴ്ന്നിരുന്നു.
അടുത്തകാലത്തുണ്ടായ തകർച്ചയിൽനിന്ന് റിലയൻസ് ഇൻഡസ്ട്രീസിന്റെയും ജിയോ ഫിനാൻഷൽ സർവീസസിന്റെ ശക്തമായി തിരിച്ചുവരാണ് അംബാനിക്കു നേട്ടമായത്. ഇവയുടെ ഓഹരികൾ യഥാക്രമം 25 ശതമാനവും 29 ശതമാനവും ഉയർന്നു.
ഉയർച്ചയുണ്ടായിട്ടും, അംബാനിയുടെ ആസ്തി ഇപ്പോഴും 2024 ജൂലൈ എട്ടിന് സ്ഥാപിച്ച 120.8 ബില്യണ്‍ ഡോളറിന്റെ റിക്കാർഡിനേക്കാൾ ഏകദേശം 20 ശതമാനം താഴെയാണ്.
ഗൗതം അദാനിക്കും നേട്ടം
അദാനി ഗ്രൂപ്പ് ചെയർമാനും ഇന്ത്യയിലെ രണ്ടാമത്തെ സന്പന്നനുമായ ഗൗതം അദാനിയും ഓഹരിവിപണിയിലുണ്ടായ കുതിപ്പിൽ നേട്ടമുണ്ടാക്കി. അദ്ദേഹത്തിന്റെ ആസ്തി 61.8 ബില്യണ്‍ ഡോളറിലെത്തി. എന്നാൽ ഇപ്പോഴും 2024 ജൂണ്‍ മൂന്നിനു രേഖപ്പെടുത്തിയ 120.8 ബില്യണ്‍ ഡോളറിന്റെ എക്കാലത്തെയും ഉയർന്ന ആസ്തിയേക്കാൾ 57 ശതമാനം താഴെയാണ്.
സണ്‍ ഫാർമസ്യൂട്ടിക്കലിന്റെ ദിലീപ് സാങ്വിയും ഭാരതി എയർടെല്ലിന്റെ സുനിൽ മിത്തലും 4.9 ബില്യണ്‍ ഡോളറിലധികം നേട്ടം കൈവരിച്ചു. ഇതോടെ ഇരുവരുടെയും ആസ്തി യഥാക്രമം 28.8 ബില്യണ്‍ ഡോളറും 27.4 ബില്യണ്‍ ഡോളറുമായി ഉയർത്തി. സാങ്വി ഇപ്പോൾ തന്റെ മുൻ ഉയർന്ന നിലയേക്കാൾ 10 ശതമാനം താഴെയും മിത്തൽ 2024 സെപ്റ്റംബറിലെ തന്റെ വ്യക്തിഗത റിക്കാർഡിൽനിന്ന് ഒരു ശതമാനം മാത്രം താഴെയാണ്.
രാധാകൃഷ്ണൻ ദമാനി (അവന്യു സൂപ്പർമാർട്സ്), സാവിത്രി ജിൻഡാൽ (ഇന്ത്യയിലെ ഏറ്റവും വലിയ ധനിക), ശിവ് നാടാർ (എച്ച്സിഎൽ ടെക്നോളജീസ്) എന്നിവരുടെ ആസ്തികളും വർധിച്ചു.
ലക്ഷ്മി മിത്തലും ഉദയ് കൊടക്കും മികച്ച നിലയിൽ
ആർസെലർ മിത്തലിന്റെ ചെയർമാനായ ലക്ഷ്മി മിത്തലും കൊടക് മഹീന്ദ്ര ബാങ്കിന്റെ മുൻ എംഡി ഉദയ് കൊടക്കും നേരത്തെയുണ്ടായ നഷ്ടങ്ങളിൽ നിന്ന് പൂർണമായും കരകയറി. ഇവരുടെ ആസ്തികൾ എക്കാലത്തെയും ഉയർന്ന നിലയിലെത്തി. മിത്തലിന്റെ ആസ്തി 22.8 ബില്യണ്‍ ഡോളറും കൊട്ടക്കിന്റെ ആസ്തി 16.6 ബില്യണ്‍ ഡോളറുമായി. 2025 ജനുവരി മുതൽ യഥാക്രമം 3.7 ബില്യണ്‍ ഡോളറും 3.1 ബില്യണ്‍ ഡോളറുമാണ് നേടിയത്.
ഓഹരിവിപണിയിലെ കുതിപ്പ് നിരവധി ശതകോടീശ്വരന്മാരുടെ സന്പത്തിൽ റിക്കാർഡ് വർധനയുണ്ടാക്കിയെങ്കിലും എക്കാലത്തെയും ഉയർന്ന ആസ്തിയിൽനിന്ന് വളരെ പിന്നിലുള്ള ശതകോടീശ്വരന്മാരുമുണ്ട്. സൈഡസ് ലൈഫ്സയൻസസിലെ പങ്കജ് പട്ടേലിന്റെയും ഡിഎൽഎഫിന്റെ കെ.പി. സിംഗിന്റെയും ആസ്തികൾ 45 ശതമാനം കുറഞ്ഞു.
2024ൽ ഇവരുടെ ആസ്തികൾ ഉയർന്ന് യഥാക്രമം 12.3 ബില്യണും 20.9 ബില്യണുമായിരുന്നു.സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയർമാൻ സൈറസ് പൂനവാലയുടെ ആസ്തി ഉയർന്ന നിലയേക്കാൾ 27 ശതമാനം താഴെയാണ്. മാർക്രോടെക് ഡെവലപ്പേഴ്സിന്റെ മംഗൾ പ്രഭാത് ലോധ, ബ്രിട്ടാനിയ ഇൻഡസ്ട്രീസിന്റെ നുസ്ലി വാഡിയ എന്നിവരുടെ ആസ്തിയും ഏകദേശം 22 ശതമാനം കുറഞ്ഞു.