ഗോൾവഴി... മാർകസ് റാഷ്ഫോർഡ് (50’)
ഫിൽ ഫോഡനെ ബോക്സിനു സമീപം വെയ്ത്സ് പ്രതിരോധക്കാരൻ വീഴ്ത്തുന്നു. ബോക്സിനു തൊട്ടുപുറത്തുനിന്ന് ഇംഗ്ലണ്ടിന് അനുകൂലമായി ഫ്രീകിക്ക്. ഷോട്ടെടുത്തതു മാർകസ് റാഷ്ഫോർഡ്. 20 വാര അകലെനിന്നുള്ള റാഷ്ഫോർഡിന്റെ ഫ്രീകിക്ക് ഗോളിക്കു പ്രതികരിക്കാൻപോലും അവസരം ലഭിക്കുംമുന്‍പ് വലയിൽ.
ഫിൽ ഫോഡൻ (51’)
വലതുവിംഗിൽ ഡേവിസിന്റെ പിഴവു മുതലെടുത്തു പോസ്റ്റിനു സമാന്തരമായി ഹാരി കെയ്ന്റെ ക്രോസ്. പന്ത് കൊരുത്തെടുത്ത്, വെയ്ത്സ് ഗോളി ഡാനി വാർഡിന് ഒരവസരവും നൽകാതെ ഫിൽ ഫോഡന്റെ ക്ലിനിക്കൽ ഫിനിഷിംഗ്.
മാർകസ് റാഷ്ഫോർഡ് (68’)
പകരക്കാരൻ കാൽവിൻ ഫിലിപ്സിന്റെ പാസ്. ഒപ്പമോടിയ വെയ്ത്സ് താരത്തെ പിന്തള്ളി റാഷ്ഫോർഡ് പന്ത് പിടിച്ചെടുക്കുന്നു. ബോക്സിലേക്ക് ഓടിക്കയറിയശേഷം റാഷ്ഫോർഡിന്റെ ഇടംകാൽ ഹാഫ് വോളി. വെയ്ത്സ് ഗോളിയുടെ കാലുകൾക്കിടയിലൂടെ പന്ത് വലയിൽ.
പൊളിച്ചടുക്കി സൗത്ത്ഗേറ്റ് യുഎസ്എയ്ക്കെതിരേ സമനില വഴങ്ങിയ ടീമിൽനിന്നു നാലു മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് കോച്ച് ഗാരത് സൗത്ത്ഗേറ്റ് വെയിത്സിനെതിരേ ഇറങ്ങിയത്.
കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന മാർകസ് റാഷ്ഫോർഡ്, ഫിൽ ഫോഡൻ, ജോർദാൻ ഹെൻഡേഴ്സണ്, കൈൽ വാക്കർ എന്നിവർക്ക് ആദ്യ ഇലവനിൽ ഇടംകിട്ടി. മേസണ്‍ മൗണ്ട്, ബുകായോ സാക്ക, കീറണ്‍ ട്രിപ്പിയർ, റഹിം സ്റ്റെർലിംഗ് എന്നിവരാണു പുറത്തായത്. കഴിഞ്ഞ കളിയിൽ ഫിൽ ഫോഡനെ ഇറക്കാതിരുന്ന സൗത്ത്ഗേറ്റിന്റെ തീരുമാനത്തിനെതിരേ വ്യാപക വിമർശനമുയർന്നിരുന്നു.