ഗാനരചന നിർവഹിച്ച രണ്ടാം ചിത്രത്തിലെ പാട്ടുതന്നെ അതിഗംഭീരം. എന്നാൽ അടുത്തൊരു ഹിറ്റ് ലഭിക്കാൻ നീണ്ട പതിനെട്ടു വർഷങ്ങളുടെ കാത്തിരിപ്പ്. ആ ചിത്രത്തിലെ എല്ലാ പാട്ടുകളും സുന്ദരം. വീണ്ടും ഹിറ്റുകൾ... പാട്ടെഴുത്തുകാരൻ എന്ന നിലയിൽ നീണ്ടതും അത്ര ആഘോഷിക്കപ്പെടാത്തതുമായ യാത്ര പൂർത്തിയാക്കി മടങ്ങിയ ദേവ് കോഹ്ലിയുടെ ഓർമകളിലൂടെ...
1942ൽ പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ ജനിച്ച് വിഭജനകാലത്ത് ഇന്ത്യയിലേക്കു പറിച്ചുനടപ്പെട്ട ബാലൻ. 1948ൽ ഡൽഹിയിലെത്തിയ കുടുംബം പിറ്റേക്കൊല്ലം ഡെഹ്റാഡൂണിലേക്കു മാറി. അവിടെ തന്നേക്കാൾ അഞ്ചോ ആറോ വയസിനു മൂപ്പുള്ള മറ്റൊരു ബാലൻ അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു. ആ ബാലനാണ് അവനു കവിതയുടെ ലോകം കാണിച്ചുകൊടുത്തത്. ജീവിതത്തിലാദ്യമായി അവനൊരു ഈരടി കേട്ടു. അതിനോട് ആകൃഷ്ടനായി. അതുപോലെ തനിക്കും എഴുതാമല്ലോ എന്നുതോന്നി. ഏതാനും വർഷങ്ങൾക്കുശേഷം, ഏതാണ്ടു പത്തുവയസുള്ളപ്പോൾ അവനതു യാഥാർഥ്യമാക്കുകയും ചെയ്തു. അങ്ങനെ ദേവ് കോഹ്ലി എന്ന കവി ജനിച്ചു.
ഉസ്താദ് സാഹബ്
കവിതയിലേക്കുള്ള വഴികാണിച്ചത് ഏതാണ്ടു സമപ്രായക്കാരനായ ബാലനാണെങ്കിൽ കൈപിടിച്ചു നടത്തിയത് ഡെഹ്റാഡൂണിലെ പേരോർമിക്കാത്ത ഒരു കവിയാണ്. ദേവ് കോഹ്ലി അദ്ദേഹത്തെ ഉസ്താദ് സാഹബ് എന്നാണ് വിളിച്ചിരുന്നത്. ഇത്ര ചെറുപ്രായത്തിൽ നീ എങ്ങനെ ഇത്രയും മനോഹരമായ കവിത എഴുതി എന്നദ്ദേഹം ദേവിനോടു ചോദിച്ചു. വളർന്നപ്പോൾ പാട്ടെഴുത്തുകാരനാവുകയെന്നതാണ് ദേവിന്റെ ആഗ്രഹമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ബോംബെയിൽ ചെന്ന് ഭാഗ്യം പരീക്ഷിക്കാൻ ഉപദേശിച്ചത് അദ്ദേഹമായിരുന്നു.
ദേവനാഗരിയും പഞ്ചാബിയും നന്നായി വഴങ്ങുന്ന ദേവിന് അന്ന് ഉറുദു അത്ര വശമില്ല. ഒന്നാം ക്ലാസിൽ പഠിച്ച ഉറുദുമാത്രമേ അറിയുമായിരുന്നുള്ളൂ. എങ്കിലും ആത്മവിശ്വാസത്തിന് ഒരിക്കലും കുറവുവന്നിട്ടില്ല. എന്താവണം തന്റെ വഴിയെന്ന് മനസിലുറപ്പിച്ചു നേടിയ ആത്മവിശ്വാസമായിരുന്നു അത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം സയൻസ് ഉപേക്ഷിച്ച് ആർട്സ് പഠിക്കാമെന്നു തീരുമാനിച്ചത്.
അതൊരു രസകരമായ കഥയായി അദ്ദേഹം പിന്നീട് ഓർമിച്ചിട്ടുണ്ട്. ഡെഹ്റാഡുണിലെ പഠനകാലത്ത് ആദ്യം സയൻസ് വിഷയത്തിനാണ് ചേർന്നത്. ആദ്യവർഷംതന്നെ അതത്ര എളുപ്പമല്ലെന്നു മനസിലായി. സയൻസിന്റെ എല്ലാ പുസ്തകങ്ങളുമെടുത്തു വിറ്റു!. ആർട്സ് വിഷയങ്ങളിൽ പ്രവേശനം നേടുകയും ചെയ്തു. ശ്രീ ഗുരുനാനാക് ദേവ് മഹാരാജ് ഇന്റർ കോളജിലായിരുന്നു ദേവ് കോഹ്ലിയുടെ വിദ്യാഭ്യാസം. ബില്യാർഡ്സ് കളിയായിരുന്നു ദേവിന്റെ ഹോബി. ഡെഹ്റാഡൂണിൽ ഹോട്ടൽ നടത്തിയിരുന്ന അദ്ദേഹത്തിന്റെ പിതാവ് വളരെ ചെറുപ്രായത്തിൽ മരിച്ചു.
എവർഗ്രീൻ ഹോട്ടൽ
1964ൽ ഇരുപത്തിരണ്ടാം വയസിൽ ബോംബെയിൽ എത്തിയ ദേവ് എവർഗ്രീൻ എന്ന ഹോട്ടലിലായിരുന്നു രണ്ടുവർഷത്തോളം താമസം. എസ്.ഡി. ബർമൻ, സാഹിർ ലുധിയാൻവി, ഇഫ്തിഖർ തുടങ്ങിയ അതികായന്മാർ അതേ ഹോട്ടലിൽ താമസിച്ചിരുന്നു. തൊട്ടടുത്ത ഒരു കെട്ടിടത്തിലാണ് സംഗീതസംവിധായകനായ ജി.എസ്. കോഹ്ലിയുടെ താമസം. ഇടയ്ക്കിടെ അദ്ദേഹത്തെ ചെന്നുകണ്ട് താൻ എഴുതിയ വരികൾ കേൾപ്പിക്കുകയെന്നത് ദേവിന്റെ പതിവായിരുന്നു.
ഒരുദിവസം അദ്ദേഹം ഏതാനും വരികൾ തിരികെ പാടിക്കേൾപ്പിച്ച് ഇതിനൊരു പല്ലവിയെഴുതൂ എന്ന് ദേവിനോട് ആവശ്യപ്പെട്ടു. ദേവ് ഉടൻതന്നെ വരികൾ എഴുതിനൽകുകയും ചെയ്തു. അതിൽ അത്ര ഇഷ്ടപ്പെടാത്ത ചില വാക്കുകൾ മാറ്റി ജി.എസ്. കോഹ്ലി പാട്ടു പൂർത്തിയാക്കി. ഗുണ്ട എന്ന ചിത്രത്തിൽ ആ പാട്ട് ഉൾപ്പെടുത്തി.
ആദ്യ ഗാനത്തെക്കുറിച്ച് ദേവ് കോഹ്ലി പിന്നീട് പറഞ്ഞത് ഇങ്ങനെ: എന്റെ വരികൾ വളരെക്കുറച്ചുമാത്രം ഉണ്ടായിട്ടും ആ പാട്ടിന്റെ ക്രെഡിറ്റ് അദ്ദേഹം എനിക്കുതന്നു. നീ ഇതിനായി ജോലിയെടുത്തിട്ടുണ്ട്, നിന്റെ പേരിൽതന്നെ ഈ പാട്ടുവരണം എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. ഖഷി സേ ജാൻ ലേ ലോ ജീ എന്നുതുടങ്ങുന്ന പാട്ട് അങ്ങനെ എന്റെ ആദ്യഗാനമായി. അന്നത്തെ വലിയൊരു തുകയായ അഞ്ഞൂറു രൂപയും അദ്ദേഹം എനിക്കുതന്നു.
പതിനെട്ടു വർഷം
ലാൽ പഥർ (1971) ആയിരുന്നു ദേവ് കോഹ്ലിയുടെ രണ്ടാമത്തെ ചിത്രം. ഏതാണ്ട് ഒരുവർഷം മുന്പു എഴുതിവച്ച വരികളാണ് പ്രശസ്തമായ ഗീത് ഗാത്താ ഹൂ മേ എന്ന പാട്ടിന്റേത്. സംഗീതസംവിധായക ദ്വയമായ ശങ്കർ-ജയ്കിഷനെ അവരുടെ സ്റ്റുഡിയോയിൽ സന്ദർശിക്കാറുണ്ട് ദേവ്. ആദ്യം തന്റെ കവിത കേൾപ്പിച്ചപ്പോൾ അവർ ദേവിനോടു പറഞ്ഞതിങ്ങനെ: സർദാർ ജീ, താങ്കളിൽ കവിതയുടെ ജ്വാലയുണ്ട്. എത്ര മനോഹരമായാണ് താങ്കൾ എഴുതുന്നത്. കാര്യങ്ങൾ ഉറപ്പായും താങ്കളുടെ വഴിയേ വരും!
കിഷോർ കുമാറിന്റെ ശബ്ദത്തിൽ ഗീത് ഗാത്താ ഹൂം മേ എന്ന പാട്ട് അതിഗംഭീര ഹിറ്റായി മാറി.
എന്നാൽ ആ പാട്ടിനുശേഷം അദ്ദേഹത്തിനു കാര്യമായ അവസരങ്ങൾ ലഭിച്ചില്ലെന്നതാണ് യാഥാർഥ്യം. വീട്ടിൽനിന്ന് അയച്ചുകിട്ടുന്ന പണംകൊണ്ടായിരുന്നു അക്കാലത്തെ ജീവിതം. ആ സംഘർഷകാലം തന്നെ ഒരുപാടു പഠിപ്പിച്ചുവെന്നു പറഞ്ഞിട്ടുണ്ട് പിന്നീടു ദേവ്. ഭഗവദ്ഗീത ഉൾപ്പെടെയുള്ള ഒരുപാടു ഗ്രന്ഥങ്ങൾ അക്കാലത്തു വായിച്ചു. ഗീത തന്റെ ജീവിതം മാറ്റിമറിച്ചുവെന്നും ദേവ് ഓർമിച്ചിട്ടുണ്ട്. ജീവിതം കൂടുതൽ ആധ്യാത്മികമായി. അങ്ങനെ പതിനെട്ടുവർഷം കടന്നുപോയി.
പിന്നീടാണ് മേനേ പ്യാർ കിയാ എന്ന വിഖ്യാതമായ സിനിമ വരുന്നത്. ആ ചിത്രത്തിനുവേണ്ടി എഴുതിയ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റുകളായിരുന്നു. അതിനുശേഷം ദേവ് കോഹ്ലിക്ക് അവസരങ്ങളുടെ കുറവുണ്ടായിട്ടില്ല, ഒരിക്കലും. തൊണ്ണൂറുകളിൽ പ്രമുഖരായ എല്ലാ സംഗീത സംവിധായകർക്കുവേണ്ടിയും പാട്ടുകൾ എഴുതി. യേ കാലി കാലീ ആഖേം (ബാസിഗർ) പോലുള്ള സൂപ്പർ ഹിറ്റുകളുണ്ടായി. ഏറെക്കാലം അനുഭവിച്ച സാന്പത്തികപ്രയാസങ്ങൾക്കും വിരാമമായി. വരികളെച്ചൊല്ലി ഇടക്കാലത്ത് ചെറിയ വിവാദങ്ങൾ ഉയർന്നെങ്കിലും അതൊന്നും കാര്യമായില്ല.
ആഗ്രഹിച്ചതിനേക്കാൾ ഒരുപാടു കൂടുതൽ ഭഗവാൻ കൃഷ്ണൻ എനിക്കുതന്നു- ദേവ് ഒരിക്കൽ പറഞ്ഞു.
അവസാനകാലം പാട്ടെഴുത്തിൽനിന്നു വളരെദൂരെയായിരുന്നു ദേവ് കോഹ്ലിയുടെ മനസ്. പ്രാർഥനയും ധ്യാനവും എഴുത്തിനുമീതെ തിളങ്ങിനിന്നു. ഒരുകാലത്ത് ഏറ്റവും വേഗത്തിൽ പാട്ടെഴുതിയിരുന്നയാൾ ജീവിതത്തെ ഏറ്റവും സാവധാനമാക്കി. ആഗ്രഹിക്കുന്ന എന്തും ചെയ്യാം, പക്ഷേ ആത്മാർഥതയോടെ മാത്രം എന്നായിരുന്നു പുതിയ തലമുറയ്ക്കുള്ള അദ്ദേഹത്തിന്റെ ഉപദേശം.
പ്രകൃതിയാണ് തന്നെ കവിതയെഴുതാൻ പഠിപ്പിച്ചതെന്നു പറയറുള്ള ദേവ് കോഹ്ലി എണ്പത്തൊന്നാം വയസിൽ കഴിഞ്ഞ ഓഗസ്റ്റ് 26ന് പ്രകൃതിയിലേക്കു മടങ്ങി.
ഹരിപ്രസാദ്