അക്കരെയിക്കരെ നിന്നാൽ...
Sunday, April 22, 2018 5:26 AM IST
അവരുടെ വിവാഹം നടന്നത് കഴിഞ്ഞ നവംബറിലാണ്; സന്ദീപും റീനയും. സന്ദീപ് ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞ് ഹൈദരാബാദിൽ ജോലിചെയ്യുന്ന കാലം. ഏറെ വായനക്കാരുള്ള ആ പത്രത്തിലെ മാട്രിമോണിയൽ കോളത്തിൽ വന്ന റീനയെക്കുറിച്ചുള്ള വിവരങ്ങൾ ശ്രദ്ധിച്ചത് സന്ദീപിന്റെ അളിയൻ അലക്സാണ്. അവൾ അന്ന് കുവൈറ്റിൽ നഴ്സായി ജോലി ചെയ്യുകയാണ്. അവധിക്ക് റീന നാട്ടിലെത്തുന്പോൾ കല്യാണം നടത്താമെന്ന ധാരണയിൽ രണ്ടുകൂട്ടരും ചേർന്ന് വിവാഹം ഉറപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ഫോണ്മാർഗവും സാമൂഹ്യ സന്പർക്ക മാധ്യമങ്ങൾ വഴിയും അന്യോന്യം ബന്ധപ്പെടുന്നതിൽ ഇരുവരും അതീവ തത്പരരായിരുന്നു.
ഒരുമാസത്തിനുശേഷം റീന നാട്ടിലെത്തി. അവധി കിട്ടിയത് വെറും മുപ്പത് ദിവസങ്ങൾ മാത്രം. പെട്ടെന്ന് വിവാഹത്തിനുവേണ്ട കാര്യങ്ങളെല്ലാം ഇരുകൂട്ടരും ചേർന്ന് ക്രമീകരിച്ചു. നവംബർ ഇരുപതിന് കല്യാണവും നടന്നു. വിവാഹത്തിനുശേഷം റീന സന്ദീപിനൊപ്പം ഉണ്ടായിരുന്നത് പതിനാല് ദിവസങ്ങൾ മാത്രമാണ്. സന്ദീപിനെ കുവൈറ്റിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ റീനയുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും, അയാൾക്കായി ഒരു ജോലി കുവൈറ്റിൽ തരപ്പെടുത്താൻപ്പെട്ടന്ന് റീനയ്ക്ക് കഴിഞ്ഞില്ല. സന്ദീപ് നിരാശനായി. ഈയൊരു വിവാഹത്തിന് വഴിപ്പെടേണ്ടിയിരുന്നില്ല എന്നുപോലും അയാൾ ചിന്തിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ റീനയ്ക്ക് ഫോണ് ചെയ്യാനോ മെയിലുവഴി തന്റെ ഭാര്യയുമായി ബന്ധപ്പെടാനോ സന്ദീപ് തയ്യാറായില്ല. പ്രശ്ന സാധ്യത മുന്നിൽ കണ്ട് റീന തന്റെ മാതാപിതാക്കളോടു ഫോണ് ചെയ്തു കാര്യങ്ങൾ പറഞ്ഞു. അന്നുതന്നെ റീനയുടെ അപ്പൻ ബന്ധുവീട്ടിലേക്കുപോയി. മരുമകനുമായി സംസാരിച്ചു. മനസുതകർന്ന സന്ദീപിനെയുംകൂട്ടി എന്റെ അടുത്തേക്ക് പിറ്റേന്നുതന്നെ വരുന്നതിനായി ഫോണ്മാർഗം എന്നോടയാൾ സംസാരിച്ചു. പറഞ്ഞ സമയത്തുതന്നെ അമ്മായിയപ്പനും മരുമകനും സെന്ററിൽ എത്തി. എന്റെ മുറിയിൽ സന്ദീപും ഞാനും മാത്രമായി. സാവധാനം അയാൾ കാര്യങ്ങൾ പറഞ്ഞുതുടങ്ങി. യാഥാർഥ്യ ബോധത്തിലേക്കും പ്രശ്നപരിഹാരത്തിലേക്കും സന്ദീപിനെത്താൻ മണിക്കൂറുകൾ തന്നെ വേണ്ടിവന്നു.വരാനുള്ളതു വഴിയിൽ തങ്ങില്ല എന്നുപറയുന്നതു ശരിയാണ് വിവാഹശേഷം ഭാര്യാഭർത്താക്കന്മാർ അക്കരെയും ഇക്കരെയുമായി കഴിയുന്നത് പന്തിയല്ല. എങ്കിലും ചില സാഹചര്യങ്ങളിൽ അതൊഴിവാക്കാനാവില്ലല്ലോ. അത്തരം സാഹചര്യങ്ങളിൽ ഇരുവരും ആത്മവിശ്വാസം കൈവെടിയാതെ അക്കരെയിക്കരെയെങ്കിലും ഒരേ മനസോടെ നിലയുറപ്പിക്കുകയെന്നത് അവരുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.
കണക്കുകൂട്ടലുകൾപോലെ കാര്യങ്ങൾ എപ്പോഴും നടന്നുവെന്ന് വരുകയില്ല. അത്തരം അനുഭവങ്ങൾ ഇരുവരുടെയും ബന്ധത്തെ തകർക്കാതിരിക്കാൻ അങ്ങേയറ്റം ശ്രദ്ധിക്കണം. സാഹചര്യങ്ങൾ അനുകൂലമായിത്തീരുന്ന ഒരുകാലം ഉണ്ടാകുമെന്ന പ്രതീക്ഷ ഇരുവരും വച്ചുപുലർത്തുകയും വേണം. ശാരീരികമായി അകലങ്ങളിലായിരിക്കുന്പോഴും, വൈകാരികമായും മാനസികമായും ആദ്ധ്യാത്മികമായും ഒന്നിച്ചായിരിക്കുവാൻ ഇരുവരും ജാഗ്രതപുലർത്തണം. ദൂരത്താണെങ്കിലും ഫോണ് മാർഗവും ഇതര സന്പർക്ക മാധ്യമവഴികളിലൂടെയും നിരന്തരമായി ബന്ധം നിലനിർത്താനും വളർത്താനും രണ്ടുപേരും ശ്രദ്ധിക്കുകയും വേണം.
വിവാഹിതർ തങ്ങളുടെ ജീവിതകാലം മുഴുവൻ ഒരുമിച്ചായിരിക്കുക എന്നതാണ് കുടുംബജീവിതത്തെ സംബന്ധിച്ച് ആരോഗ്യകരമായ കാര്യമെങ്കിലും മേൽക്കണ്ട രീതിയിലുള്ള സാഹചര്യങ്ങൾ അവരുടെ ജീവിതത്തിൽ ഏതെങ്കിലുമൊക്കെ ഘട്ടങ്ങളിൽ ഉളവാകാൻ സാധ്യതയുണ്ട്. വിവാഹ ജീവിതത്തിന്റെ ആരംഭ വർഷങ്ങളിലുള്ള അകൽച്ചയാണ് വിവാഹ മോചനം വരെയുള്ള പ്രശ്നത്തിലേക്ക് ദന്പതികളെ കൊണ്ടു ചെന്നെത്തിക്കാൻ ഇടയാക്കുന്നത് എന്നാണ് വിവിധ കേസുകളുടെ വെളിച്ചത്തിൽ എനിക്ക് പറയാൻ കഴിയുന്നത്. കുടുംബത്തിന്റെ സാന്പത്തികാവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനായി ദന്പതികളിൽ ആർക്കെങ്കിലും ഒരാൾക്ക് തന്റെ പങ്കാളിയെ താൽക്കാലികമായി പിരിഞ്ഞ് പണസന്പാദന ജോലികളിൽ ഏർപ്പെടുന്നതിനായി വീട്ടിൽ നിന്നകലെയുള്ള നാട്ടിലോ പുറം നാട്ടിലോ പോകേണ്ടി വന്നേക്കാം.
പരസ്പരം അറിഞ്ഞ് തങ്ങളുടെ കുടുംബത്തെക്കുറിച്ച് ഇക്കാലംകൊണ്ട് അവരിരുവരും ഒന്നിച്ച് ചിന്തിക്കാൻ തുടങ്ങിയിട്ടുള്ളതിനാൽ ഈ അകൽച്ച സാരമായ പ്രശ്നങ്ങൾ ഒന്നും അവരുടെ ജീവിതത്തിൽ സൃഷ്ടിച്ചെന്ന് വരുകയില്ല. സാഹചര്യങ്ങൾ എന്തൊക്കെയായലും വിവാഹ ജീവിതത്തിന്റെ ആരംഭത്തിൽ ഭാര്യാഭർത്താക്കന്മാർ ശാരീരികമായി ഏറെക്കാലം അകന്നിരിക്കുന്നത് അവരുടെ കുടുംബജീവിതത്തിന്റെ ആരോഗ്യത്തെ ഹനിക്കുന്നതുതന്നെയാണ് എന്നാണ് എന്റെ പക്ഷം.
സിറിയക് കോട്ടയിൽ