മാത്യുവിന്റെ വധു ഡോക്ടറാണ്
Sunday, February 3, 2019 2:11 AM IST
അയാളുടെ വിവാഹമാണ്. വധു ഡോക്ടറാണ്. അയാൾ ഒരധ്യാപകനാണ്. ഗവണ്മെന്റ് ഹയർ സെക്കൻഡറിയിലാണ് പഠിപ്പിക്കുന്നത്. അവിടെ പഠിപ്പിക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷമായി. പ്രിൻസിപ്പാളിനും അയാളുടെ സഹപ്രവർത്തകരായ അധ്യാപകർക്കും അയാളെ വല്യ കാര്യമാണ്. പക്വതയും പാകതയും ഉള്ള ആളാണയാൾ. മാട്രിമോണിയൽവഴി വന്നതല്ല വിവാഹാലോചന. വരനായ മാത്യുവിന്റെ ബന്ധുവായ നഴ്സ് വഴിയാണ് വധുവായ ഡോ. വിനിത ജോണിന്റെ മാതാപിതാക്കൾ ഈ ആലോചനയിലേക്ക് വന്നത്. വിനിതക്ക് ആദ്യം കണ്ട് സംസാരിച്ചപ്പോൾതന്നെ മാത്യു മാഷിനെ ഇഷ്ടപ്പെട്ടു. വരൻ ഒരു ഡോക്ടറാകുന്നതല്ലേ നല്ലതെന്ന കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും അഭിപ്രായത്തോട് ഡോക്ടർ എന്നതിനെക്കാൾ താൻ ആഗ്രഹിക്കുന്നത് തന്നെ വിവാഹം ചെയ്യുന്ന ആൾ വിദ്യാഭ്യാസം ഉള്ള ആളും നല്ലൊരു ഭർത്താവും ആയിരിക്കണമെന്നാണ് വിനിത പ്രതികരിച്ചത്. മാത്യുവിന്റെ അമ്മ മരിച്ചിട്ട് നാല് വർഷമായി. അപ്പൻ ജീവിച്ചിരുപ്പുണ്ട.് അയാൾ പലചരക്ക് കച്ചവടക്കാരനായിരുന്നു. കച്ചവടം നിർത്തിയിട്ട് മൂന്ന് വർഷമായി. ആരോഗ്യപ്രശ്നമുള്ള ആളാണ്. മാത്യുവിന് ഒരു സഹോദരനും ഒരു സഹോദരിയുമുണ്ട്. സഹോദരിയുടെ വിവാഹം കഴിഞ്ഞു. അനുജൻ അപ്പുവെന്ന ആൽബിൻ ഇപ്പോൾ ജോലി ചെയ്യുന്നത് ഖത്തറിലാണ്. എംബിഎക്കാരനാണ്.
മാത്യു വീട്ടുകാർക്ക് മാത്രമല്ല, നാട്ടുകാർക്കും സ്വീകാര്യനാണ്. അധ്വാനിയും സദ്ഗുണ സന്പന്നനുമാണ് അയാൾ. മതവിശ്വാസ കാര്യങ്ങളിൽ മാത്യുവിന്റെ പിതാവും സഹോദരരും പിന്നിലാണങ്കിലും അക്കാര്യത്തിൽ നിഷ്ഠയുള്ള ആളാണയാൾ. തന്റെ പിതാവിന്റെ പിടിപ്പുകേടുമൂലം കുടുംബത്തിന് അത്ര ചെറുതെന്ന് പറയാനാവാത്ത സാന്പത്തിക ബാധ്യത ഉണ്ടായെങ്കിലും അക്കാര്യത്തെ സംബന്ധിച്ച് മാത്യു തന്റെ അപ്പനെയോ മറ്റാരെയെങ്കിലുമോ പഴിച്ചില്ല എന്ന് മാത്രമല്ല ആ ബാധ്യതകൾ എല്ലാം അയാൾ ഏറ്റെടുക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം മാത്യുവിന്റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ആ വീടിനോട് ബന്ധമുള്ളവർക്കുമൊക്കെ അറിവുള്ളതാണ്. കാര്യങ്ങളെ ഒക്കെ വളരെ പോസിറ്റീവായി കാണുന്ന അയാളുടെ സ്വഭാവ സവിശേഷതയാണ് ഡോ. വിനിതക്ക് ഏറെ ഇഷ്ടമായത്. പക്വമതിയായ ഒരു വ്യക്തി അങ്ങനെയാണ് വിനിത മാത്യുവിനെക്കുറിച്ച് പറഞ്ഞത്. ഇപ്പോൾ മാത്യുവും കുടുംബാംഗങ്ങളും താമസിക്കുന്ന വീട് ചെറുതും വഴിസൗകര്യം ഇല്ലാത്തതുമാകയാൽ എട്ടു സെന്റ് സ്ഥലവും ഒരു വീടും ഈയിടയ്ക്ക് അയാൾ വിലയ്ക്ക് വാങ്ങിയിരുന്നു. ലോണ് വഴിയാണ് തുക സംഘടിപ്പിച്ചത്. വിവാഹത്തിന്റെ ഒരുക്കങ്ങൾ നടത്തി മാത്യുവും വിനിതയും വിവാഹത്തിന് തയ്യാറെടുക്കുകയാണിപ്പോൾ.
ഉത്തമരായ വിവാഹാർത്ഥികളെയാണ് പഴമക്കാരും പുതുമക്കാരുമായ ആളുകൾക്കിഷ്ടം. തങ്ങളുടെ മക്കൾക്കെന്നല്ല, ആർക്ക് കല്യാണം ആലോചിക്കുന്പൊഴും അങ്ങനെതന്നെയാവണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്. വിവാഹംവരെ എങ്ങനെയുമാകാം. വിവാഹത്തോടെ എല്ലാം ശരിയാക്കിയാൽ മതി യെന്ന ചിന്ത അടുത്തയിടെയായി യുവജനങ്ങളായ വിവാഹാർത്ഥികളിൽ വർദ്ധിക്കുന്നതായിട്ടാണ് കാണാൻ കഴിയുന്നത്. ഇത് അപകടകരമാണ്. വിവാഹാർത്ഥിയുടെയും അയാളുടെ കുടുംബത്തിന്റെയും പശ്ചാത്തല അന്വേഷണം നടത്തുന്പോൾ മുന്പ് നടന്ന കാര്യങ്ങൾ ഒന്നും അത്ര ഗൗരവത്തോടെ കാണേണ്ടതില്ല എന്ന് ആരെങ്കിലും പറയുമോ? നിങ്ങൾ പറയുമോ? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്.
മാത്യുവിനെപ്പോലെയുള്ള ഒട്ടേറെ യുവാക്കളും യുവതികളും നമ്മുടെ കുടുംബങ്ങളിൽ ഇന്നുമുണ്ട് എന്നത് സത്യമാണ്. ഇത് മേൽപറഞ്ഞ കാര്യത്തെ സംബന്ധിച്ച് ആശങ്കപ്പെടുന്നവർക്ക് ആശ്വാസകരമായ കാര്യമാണ്. മാതാപിതാക്കളെ അവരുടെ വീഴ്ചകളെ സംബന്ധിച്ച് പഴിച്ച് അവരെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന മക്കൾ ഇന്ന് അനേകമുണ്ട്. മാത്യുവിനെപ്പോലെയുള്ളവർ ഇതിനൊരപവാദമാണ്. മാത്യുവുമായി സംസാരിച്ചപ്പോൾ എനിക്ക് മനസിലായി അയാൾ അയാളുടെ അപ്പന്റെ ചികിത്സയിലും ആരോഗ്യകാര്യങ്ങളിലും നന്നായി ശ്രദ്ധിക്കുന്നുണ്ടെന്ന്. അപ്പന് ഇഷ്ടമുള്ള ഭക്ഷണം ഒരുക്കികൊടുക്കുന്നതിൽ മാത്രമല്ല അയാളെ മാന്യമായി വസ്ത്രധാരണം ചെയ്യിക്കുന്നതിൽപോലും മാത്യു ശ്രദ്ധിക്കുന്നു എന്നത് ആ മകന്റെ നന്മയും പോസിറ്റീവ് കാഴ്ചപ്പാടും തുറന്നുകാട്ടുന്നതാണ്. ഇതുപോലൊരു യുവാവിനെ തനിക്ക് ഭർത്താവായി ലഭിക്കണം എന്ന് ഡോ. വിനിത ആഗ്രഹിച്ചതിലും തീരുമാനിച്ചതിലും നമുക്ക് ഒരു പിഴവും കണ്ടെത്താനാകില്ല.
ഉത്തരവാദിത്വബോധം ഇല്ലാത്ത തലമുറയെന്ന് ഇന്നത്തെ ചില യുവജനങ്ങളെയെങ്കിലും കണ്ടിട്ട് നാം പറയുന്പോൾ മാത്യുവിനെപ്പോലെയുള്ളവർ അതിനൊരപവാദമായി നിലകൊള്ളുന്നു എന്നത് ആശാവഹമായ കാര്യമാണ്. ജീവിതത്തിന്റെ എല്ലാ തലങ്ങൾക്കും അർഹമായ പ്രാധാന്യം നൽകി പോകുന്നവനാണ് മാത്യു എന്നതിന്റെ അടയാളമാണ് മറ്റ് കാര്യങ്ങൾക്കെന്നപോലെ അയാൾ തന്റെ മതവിശ്വാസ കാര്യത്തിനും നൽകുന്ന പ്രാധാന്യം.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: [email protected]