മൂക്കുകളുടെ കുന്ന്
Sunday, March 31, 2019 3:09 AM IST
1592ൽ ജപ്പാനിലെ സൈന്യത്തിനിടയിൽ അന്ന് വിചിത്രമായ ഒരു രീതി നിലനിന്നിരുന്നു. ജപ്പാനീസ് പടയാളികൾ തങ്ങൾ കൊന്ന ശത്രുക്കളുടെ മൂക്ക് മുറിച്ചു കൊണ്ടുവരാൻ തുടങ്ങി. ഇങ്ങനെ കൊണ്ടുവന്ന മൂക്കുകൾ ബുദ്ധമതാചാര പ്രകാരം അടക്കി. അവയ്ക്കു മുകളിൽ ഒരു ചെറിയ ആശ്രമവും സ്ഥാപിച്ചു.
ജപ്പാനിലെ ക്യോട്ടോ എന്ന നഗരത്തിന്റെ അതിർത്തിയിൽ നഗര തിരക്കുകളിൽനിന്നൊക്കെ ഒഴിഞ്ഞ് 30 അടി ഉയരമുള്ള ഒരു കുന്ന് ഉണ്ട്. പുറത്തുനിന്ന് നോക്കുന്നവർക്ക് തികച്ചും പ്രശാന്തസുന്ദരമായ ഒരു കാഴ്ചയാണ് ഈ കുന്ന് സമ്മാനിക്കുന്നത്. എന്നാൽ ഈ കുന്നിന് പറയാനുള്ളത് പതിനായിരക്കണക്കിന് ആളുകളുടെ കദനകഥയാണ്. സ്ത്രീകളും പുരുഷൻമാരും കുട്ടികളുമടക്കം ഏകദേശം 38,000ത്തോളം ആളുകളുടെ മൂക്ക് അടക്കം ചെയ്തിട്ടുള്ള ഒരു കുന്നാണിത്.1592ലാണ് ആ ദാരുണ സംഭവം നടക്കുന്നത്.
അന്ന് ജപ്പാനിലെ യുദ്ധവീരനായിരുന്ന ടൊയോട്ടോമി ഹിഡെയോഷി കൊറിയയെ ആക്രമിച്ചു കീഴടക്കി. കൊറിയയിലൂടെ ചെന്ന് അന്ന് മിങ്ങ് രാജവംശത്തിന്റെ കീഴിലായിരുന്ന ചൈന കീഴടക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ എത്ര ശ്രമിച്ചിട്ടും ചൈനയിൽ കടന്നുകയറാൻ ഇയാൾക്കായില്ല. പിറ്റേവർഷവും ടൊയോട്ടോമി ചൈന കീഴടക്കാനുള്ള ശ്രമങ്ങൾ തുടർന്നു. മാസങ്ങൾ നീണ്ടുനിന്ന യുദ്ധത്തിൽ പതിനായിരക്കണക്കിന് ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
ജപ്പാനിലെ സൈന്യത്തിനിടയിൽ അന്ന് വിചിത്രമായ ഒരു രീതി നിലനിന്നിരുന്നു. മറ്റു രാജ്യങ്ങളിൽ യുദ്ധത്തിന് പോകുന്ന പടയാളികൾ തങ്ങൾ കൊന്നുതള്ളിയ ശത്രുക്കളുടെ തല അറുത്ത് സ്വന്തം രാജ്യത്ത് കൊണ്ടുവരും. ഈ തലകളുടെ എണ്ണത്തിനനുസരിച്ചാണ് പടയാളികൾക്ക് പ്രതിഫലം ലഭിച്ചുകൊണ്ടിരുന്നത്. ചൈനയുമായുള്ള യുദ്ധസമയത്ത് ജപ്പാനിലെ പടയാളികൾ തങ്ങൾ കൊന്ന ശത്രുക്കളുടെ തല വെട്ടിയെടുത്ത് ജപ്പാനിൽ കൊണ്ടുവന്നുകൊണ്ടിരുന്നു. യുദ്ധം മുറുകിയതോടെ കൊല്ലപ്പെടുന്ന ആളുകളുടെ എണ്ണവും കൂടി. ഇതോടെ തലവെട്ടിക്കൊണ്ടുവരുന്നത് ബുദ്ധിമുട്ടായി.
അങ്ങനെ ജപ്പാനീസ് പടയാളികൾ തങ്ങൾ കൊന്ന ശത്രുക്കളുടെ തലയ്ക്ക് പകരം മൂക്ക് മുറിച്ചു കൊണ്ടുവരാൻ തുടങ്ങി. ഇങ്ങനെ കൊണ്ടുവന്ന മൂക്കുകൾ ബുദ്ധമതാചാര പ്രകാരം അടക്കി. അവയ്ക്കു മുകളിൽ ഒരു ചെറിയ ആശ്രമവും സ്ഥാപിച്ചു. ആദ്യകാലങ്ങളിൽ ഈ കുന്ന് ഹനസുക എന്നാണ് അറിയപ്പെട്ടിരുന്നത്. മൂക്കുകളുടെ കുന്ന് എന്നാണ് ഈ ജാപ്പനീസ് പേരിന്റെ അർഥം. പിന്നീട് കുന്നിന്റെ പേര് മിമിസുക എന്നാക്കി മാറ്റി. ചെവികളുടെ കുന്ന് എന്നാണ് ഈ പേരിന്റെ അർഥം. ഇന്ന് ജപ്പാനിലെത്തുന്ന കൊറിയക്കാർ ഒരു തീർഥാടന കേന്ദ്രം എന്നപോലെ സന്ദർശിക്കുന്ന ഇടമാണ് മിസുക.
തയാറാക്കിയത്: റോസ് മേരി ജോൺ