അവരിപ്പോഴും പട്ടിണിയിലാ
പത്തനംതിട്ട സ്വദേശിനിയായ രേഖ എസ്. നായർ നേതൃത്വം കൊടുക്കുന്ന ഒരു ഫേസ്ബുക്ക് കൂട്ടായ്മയാണ് സ്നേഹപ്പച്ച. ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയയിലെ ഗ്രൂപ്പ്. ഇതിലെ അംഗങ്ങൾക്കൊപ്പം വനവാസികളുടെ ജീവിതം കാണാനെത്തിയ ലേഖകൻ പറയുന്നു...

"ഉ​ള്ളു​വ​ന​ത്തി​ൽ കേ​റാ​ൻ പ​റ്റ​ത്തി​ല്ല, റോ​ട്ട് സൈ​ഡി​ൽ വ​ന്ന് താ​മ​സി​ക്കു​മ്പോ​ൾ നാ​ട്ടു​കാ​ർ പീ​ഷ​ണി​പ്പെ​ടു​ത്തും’ ഭാ​സ്ക​ര​ന്‍റെ പ​ത്നി രാ​ജി​യു​ടെ വാ​ക്കു​ക​ളാ​ണി​ത്... ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി ഞ​ങ്ങ​ളെ ക​ണ്ട് പ​രി​ച​യം ഉ​ണ്ടാ​യ​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് രാ​ജി മ​ന​സ് തു​റ​ന്ന​ത്. നാ​ട്ടു​കാ​രു​മാ​യോ വ​ന​പാ​ല​ക​രു​മാ​യോ ഇ​വ​ർ ഒ​ന്നും സം​സാ​രി​ക്കാ​റി​ല്ല.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ശ​ബ​രി​മ​ല റൂ​ട്ടി​ൽ പ​മ്പ​യ്ക്ക് സ​മീ​പം കൊ​ടുംവ​ന​ത്തി​ൽ താ​മ​സി​ക്കു​ന്ന ഭാ​സ്ക​ര​ന്‍റെ​യും സ​ഹോ​ദ​രി​മാ​രു​ടെ​യും കു​ടും​ബം ക​ഴി​യു​ന്ന​ത് ശ​രി​ക്കും ചെ​ങ്കു​ത്താ​യ പ്ര​ദേ​ശ​ത്ത് പ്ലാ​സ്റ്റി​ക് ഷീ​റ്റു​ം വെ​റും ക​മ്പു​ക​ളും കൊ​ണ്ട് നി​ർ​മി​ച്ച ഒ​റ്റ​മ​റ​യ്ക്കു​ള്ളി​ൽ ഓ​രോ വീ​ടു​ക​ൾ​ക്കു സ​മീ​പം ഒ​രാ​ൾ​ക്ക് ക​ഷ്ടി​ച്ച് ഇ​രി​ക്കാ​ൻ മാ​ത്രം ക​ഴി​യു​ന്ന മ​റ്റൊ​രു ചെ​റി​യ ഷെ​ഡും കാ​ണാ​ൻ ഇ​ട​യാ​യി. അ​തി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ ഓ​ള് "വെ​ളി​യി​ൽ’ ആ​കു​മ്പോ​ൾ താ​മ​സി​ക്കു​ന്ന ‘വീ​ട്‌ 'എ​ന്ന ഉ​ത്ത​ര​വും.

ഇ​ത്ത​ര​ത്തി​ൽ നൂ​റി​ൽപ​രം വീ​ടു​ക​ളാ​ണ് മൂ​ഴി​യാ​ർ, ളാ​ഹ, ആ​ങ്ങാ​മൂ​ഴി, അ​ട്ട​ത്തോ​ട്, ചാ​ല​ക്ക​യം തു​ട​ങ്ങി​യ വ​നപ്ര​ദേ​ശ​ങ്ങ​ളി​ൽ ദു​ഃസ​ഹ ജീ​വി​തം ന​യി​ക്കു​ന്ന​ത്. ഇ​വ​ർ​ പെ​ട്ടെ​ന്നു ദേ​ഷ്യം വ​രു​ന്ന കൂ​ട്ട​ത്തി​ലാ​യ​തി​നാ​ൽ അ​യ​ൽവീ​ട്ടു​കാ​രു​മാ​യി അ​ല്പം പി​ണ​ക്കം ഉ​ണ്ടാ​യാ​ൽ മ​റ്റൊ​രി​ട​ത്തേ​ക്ക് ഉ​ട​ൻ താ​മ​സം മാ​റും.

യാ​തൊ​രു വി​ഷ​മ​വും അ​വ​ർ​ക്ക് ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​കാ​റി​ല്ല. വെ​റും ക​മ്പു​ക​ൾ കൊ​ണ്ടും കാ​ട്ടു​വ​ള്ളി​ക​ൾ കൊ​ണ്ടും പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ൾ കൊ​ണ്ടും നി​ർ​മി​ച്ച​വ​യാ​ണ് ഭൂ​രി​ഭാ​ഗം ഷെ​ഡു​ക​ളും. ഞ​ങ്ങ​ൾ​ക്ക് കാ​ണാ​ൻ ക​ഴി​ഞ്ഞ മ​റ്റൊ​രു കാ​ഴ്ച, വ​ന​പാ​ല​ക​ർ എ​ത്തി​ച്ച പ​യ​റും പ​ഞ്ച​സാ​ര​യും ഉ​പ്പും ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യ കി​റ്റു​ക​ൾ വെ​റും നി​ല​ത്ത് വാ​രി​വ​ലി​ച്ചി​ട്ടി​രി​ക്കു​ന്നു. അ​തൊ​ന്നു സൂ​ക്ഷി​ച്ചുവ​യ്ക്കാ​ൻ പോ​ലും സൗ​ക​ര്യ​മി​ല്ലാ​ത്ത അ​തിദ​യ​നീ​യ​മാ​യ കാ​ഴ്ച ആ​രു​ടെയും മ​ന​സി​നെ പി​ടി​ച്ചു​ലയ്​ക്കും.

കാ​ട്ടു​മൃ​ഗ​ങ്ങ​ൾ ഇ​തി​ലും സു​ര​ക്ഷി​ത​ർ

"വ​ലി​യ കാ​റ്റ് വ​രു​മ്പോഴും പെ​രു​മ​ഴ​യ​ത്തും ഉ​രു​ൾ പൊ​ട്ട​ലി​ൽ പെ​ടു​മ്പോ​ഴും ഞ​ങ്ങ​ൾ കു​ട്ടി​ക​ളെ​യും കൊ​ണ്ട് വ​ലി​യ മ​ര​ത്തി​ന്‍റെ മൂ​ട്ടി​ൽ അ​ഭ​യം തേ​ടും’. അ​ട്ട​ത്തോ​ടി​ലെ ശോ​ഭ​യു​ടെ വാ​ക്കു​ക​ൾ മ​നു​ഷ്യ​ത്വ​മു​ള്ള​വ​ർ​ക്ക് കേ​ട്ടുനി​ൽ​ക്കാ​ൻ ക​ഴി​യി​ല്ല.​ കാ​ട്ടുമൃ​ഗ​ങ്ങ​ൾ പോ​ലും ഇ​തി​ലും സു​ര​ക്ഷി​ത​മാ​യി ന​മ്മു​ടെ വ​ന​ങ്ങ​ളി​ൽ ക​ഴി​ഞ്ഞുകൂ​ടു​മ്പോ​ൾ ഒ​രു കൂ​ട്ടം മ​നു​ഷ്യ കോ​ല​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ആ​രു​ടെ​യും ശ്ര​ദ്ധ​യി​ല്ലാ​തെ ന​മ്മു​ടെ വ​ന​ങ്ങ​ളി​ൽ! അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ആ​കെ വ​രു​ന്ന​ത് ട്രൈ​ബ​ൽ സ്റ്റോ​റി​ൽ നി​ന്നും അ​രി​യും സാ​ധ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന വ​ന​പാ​ല​ക​ർ മാ​ത്ര​മാ​ണ്.

എ​ന്നാ​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി പ​ത്ത​നം​തി​ട്ട കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ‘സ്നേ​ഹ​പ്പ​ച്ച' എ​ന്ന കൂ​ട്ടാ​യ്മ, അ​രി​യും മ​റ്റു പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും ഭ​ക്ഷ​ണസാ​ധ​ന​ങ്ങ​ളു​മാ​യി എ​ല്ലാ മാ​സ​വും ഇ​വ​രു​ടെ അ​ടു​ക്ക​ൽ എ​ത്താ​റു​ണ്ട്. ​പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യാ​യ രേ​ഖ എ​സ്. നാ​യ​ർ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഒ​രു ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യാ​ണ് ഇ​ത്. ഇ​തി​ലെ ഒ​രം​ഗ​വും സു​ഹൃ​ത്തു​മാ​യ ശി​ലാ സ​ന്തോ​ഷ് വി​വ​രി​ച്ച ക​ഥ​ക​ൾ കേ​ട്ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഞാ​നും ഇ​വ​രോ​ടൊ​പ്പം കൂ​ടി​യ​ത്.

സം​ര​ക്ഷ​ക​ർ വേ​ട്ട​പ്പ​ട്ടി​ക​ൾ മാ​ത്രം

ഓ​രോ കു​ടും​ബ​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ക​രാ​യി​ട്ടു​ള്ള​ത് മൂ​ന്നും നാ​ലും വേ​ട്ട​പ്പ​ട്ടി​ക​ളാ​ണ്. കാ​ട്ടാ​ന​യു​ടെ​യും മ​റ്റു വ​ന്യജീ​വി​ക​ളു​ടെ​യും ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് അ​വ​രെ ര​ക്ഷി​ക്കു​ന്ന​ത് ഈ ​പ​ട്ടി​ക​ളാ​ണ്. മ​റ്റാ​രും ഇ​വ​രെ സം​ര​ക്ഷി​ക്കു​വാ​ൻ ഇ​ല്ലാ​യെ​ന്നു​ള്ള​താ​ണ് വാ​സ്ത​വം. കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ഇ​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നു വേ​ണ്ടി കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​നു​വ​ദി​ക്കാ​റു​ണ്ടെ​ങ്കി​ലും അ​തി​ന്‍റെ​യൊ​രം​ശം പോ​ലും സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ ഇ​വ​ർ​ക്കു ല​ഭി​ക്കു​ന്നു​ണ്ടോ​യെ​ന്നു സം​ശ​യ​മാ​ണ്.

രാ​ഷ്‌ട്രീ​യ​ നേ​തൃ​ത്വ​വും വി​വി​ധ ഡി​പ്പാ​ർട്ട്മെ​ന്‍റിലു​ള്ള ഭ​ര​ണ​ക​ർ​ത്താ​ക്ക​ളും നി​ര​ന്ത​രം യാ​ത്ര ചെ​യ്യു​ന്ന കാ​ന​നപാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ണാം ഇ​ത്ത​രം ഷെ​ഡു​ക​ൾ. പ​ക്ഷേ ആ​രും ക​ണ്ട​താ​യി​ട്ടു​പോ​ലും ഭാ​വി​ക്കാ​റി​ല്ല എ​ന്നതാ​ണ് വാ​സ്ത​വം. ആ​കെ അ​വ​ർ കാ​ണു​ന്ന​ത് പൊ​തുതെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തെ രാ​ഷ്‌ട്രീയ​ക്കാ​രെയും ഭ​ര​ണ​ക​ർ​ത്താ​ക്ക​ളെ​യു​മാ​ണ്.

"എ​ന്‍റെ പ​തി​നൊ​ന്നാ​മ​ത്തെ വ​യ​സു​മു​ത​ൽ ഞാ​ൻ കേ​ൾ​ക്കു​ക​യാ​ണ് വീ​ടു​ത​രാം എ​ന്ന പ​ല്ല​വി. എ​ല്ലാ ഓ​ട്ടു കാ​ല​ത്തും അ​വ​ർ വാ​ഗ്ദാ​ന​ങ്ങളു​മാ​യി വ​രും, വീ​ടു​ത​രാം, തു​ണി ത​രാം, കാ​ശു​ത​രാം, മ​രു​ന്ന് ത​രാം എ​ന്നി​ങ്ങ​നെ പ​റ​ഞ്ഞു​കൊ​ണ്ട് . ഓ​ട്ടു ക​ഴി​ഞ്ഞാ​ൽ പി​ന്നെ അ​ടു​ത്ത ഓ​ട്ടി​നേ ഇ​വ​രെ കാ​ണാ​റു​ള്ളൂ’. ആ​രെ​ങ്കി​ലും നി​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​ൻ വ​രാ​റു​ണ്ടോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ര​ജ​നി ത​ന്‍റെ വ​ള​ർ​ത്തു പ​ട്ടി​യാ​യ ടൈ​ഗ​റി​നെ ത​ലോ​ടി​ക്കൊ​ണ്ട് പ​റ​ഞ്ഞു.

ശു​ചി​ത്വ​വും ആ​രോ​ഗ്യ​വും വ​ള​രെ ദ​യ​നീ​യം

ഞ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ഓ​രോ വീ​ടു​ക​ളും (ഷെ​ഡു​ക​ളും ) ഓ​രോ ദു​രി​ത​ക​ഥ​ക​ളു​ടെ മാ​ത്രം സാ​ക്ഷി​പ​ത്ര​മാ​ണ്.​ നി​ലയ്​ക്ക​ൽ പെ​ട്രോ​ൾ പ​മ്പി​ന് എ​തി​ർ​വ​ശ​ത്തെ താ​ഴ്ച​യി​ൽ താ​മ​സി​ക്കു​ന്ന ലേ​ഖ​യു​ടെ ഒ​ക്ക​ത്തി​രി​ക്കു​ന്ന പി​ഞ്ചുകു​ഞ്ഞി​ന്‍റെ ശ​രീ​രം മു​ഴു​വ​ൻ ചെര​ങ്ങും ചൊ​റി​യു​മാ​യി വീ​ർ​ത്തുകെ​ട്ടി​യി​രി​ക്കു​ന്ന​തു ക​ണ്ട​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ പോ​യി​ല്ലേ എ​ന്ന ചോ​ദ്യ​ത്തി​ന് അ​മ്മൂ​മ്മ​യു​ടെ മ​റു​പ​ടി, "അ​റു​ന്നൂ​റ് രൂ​പ കൊ​ടു​ത്ത് ഓ​ട്ടോ പി​ടി​ച്ചു വേ​ണം സീ​ത​ത്തോ​ട് ആ​യു​ർ​വേ​ദ ആ​ശൂ​ത്രി​യി​ൽ പോ​കാ​ൻ. കാ​യി​ല്ലാ​ത്തോ​ണ്ട് പോ​യി​ല്ല’.

ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​മാ​യി ഇ​വ​രു​ടെ രോ​ഗ​വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​പ്പോ​ൾ അ​വ​ർ​ക്കാ​യി സ്ഥി​രം ക്യാ​മ്പു​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്ന് മ​റു​പ​ടി​യും. മ​റി​ച്ച് അ​ങ്ങ​നെ​യൊ​രു ക്യാ​മ്പി​നെക്കു​റി​ച്ച് അ​റി​യു​ക പോ​ലു​മി​ല്ല എ​ന്ന് ആ​ദി​വാ​സി​ക​ളും.

ര​ജ​നി ത​നി​ക്ക് നേ​രി​ട്ട ഒ​രു വി​ഷ​യം ഞ​ങ്ങ​ളു​മാ​യി പ​ങ്കുവ​യ്ക്കു​ക​യു​ണ്ടാ​യി. "​ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ക്കാ​ല​മാ​യി കി​ഡ്നി​യു​ടെ മ​റ്റ് അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ദ്യം പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. യാ​ത്ര ചെ​യ്യു​വാ​ൻ തീ​രെ വ​യ്യാ​ത്ത അ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യ്്ക്കാ​യി കൂ​ടു​ത​ൽ സ​മ​യ​വും പോ​യി​രു​ന്ന​ത് പ്രൈ​വ​റ്റ് വാ​ഹ​ന​ത്തി​ൽ ആ​യി​രു​ന്നു. കൂ​ടാ​തെ ചി​കി​ത്സ​യി​ന​ത്തി​ൽ ഇ​തി​നാ​ല​കം ഒ​രു ല​ക്ഷ​ത്തി ഇ​രു​പ​ത്തി​മൂ​വാ​യി​രം രൂ​പ​യു​ടെ ബാ​ധ്യ​ത​യു​മു​ണ്ട്’.

‘ഒ​രു വ​ർ​ഷം മു​ന്നേ ഇ​വ​ർ ബന്ധപ്പെട്ട ഓ​ഫീസ​ർ​ക്ക് മു​ന്പാ​കെ ചി​കി​ത്സാ രേ​ഖ​ക​ളും മ​റ്റും ഹാ​ജ​രാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​വ​ർ​ഷ​ത്തെ ഫ​ണ്ട്‌ എ​ല്ലാം തീ​ർ​ന്നു, ഇ​നി അ​ടു​ത്ത വ​ർ​ഷ​മാ​ക​ട്ടെ എ​ന്നാ​യി​രു​ന്നു അ​വ​രു​ടെ മ​റു​പ​ടി’.​ ര​ജ​നി​ക്ക് ആ​കെ ല​ഭി​ച്ച​ത് പ​തി​നാ​ലാ​യി​രം രൂ​പ മാ​ത്ര​മാ​ണ്.

ആ​ദി​വാ​സി​ക​ളു​ടെ ആ​രോ​ഗ്യസം​ര​ക്ഷ​ണ​ത്തി​നാ​യി കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ചി​കി​ത്സാ ധ​ന​സ​ഹാ​യ​മാ​യി മാ​റ്റി​വയ്ക്കു​മ്പോ​ഴും ഒ​രു രൂ​പ​യു​ടെ പോ​ലും സ​ഹാ​യ​മോ ചി​കി​ത്സ​ക​ളോ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ​മോ പലയിടത്തും ന​ട​ക്കു​ന്നി​ല്ല എ​ന്ന​ത് ഏ​തൊ​രു സാ​ധാ​ര​ണ മ​നു​ഷ്യ​നും ബോ​ധ്യ​പ്പെ​ടും. പോ​ഷ​കാ​ഹാ​ര​ക്കു​റ​വു​മൂ​ല​മു​ള്ള വി​ള​ർ​ച്ച​യും ക്ഷീ​ണ​വും എ​ല്ലാ മു​ഖ​ങ്ങ​ളി​ലും വ്യ​ക്ത​മാ​ണ്. മ​ഴ​ക്കാ​ല​മാ​കു​മ്പോ​ൾ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളും പ​ക​ർ​ച്ച​വ്യാ​ധി​ക​ളും ഇ​വ​രെ പി​ടി​കൂ​ടാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്.

രേ​ഖ​ക​ൾ ആ​ധി​കാ​രി​ക​ത ഇ​ല്ലാ​തെ

ഭൂ​രി​ഭാ​ഗം പേ​ർ​ക്കും സ്വ​ന്ത​മാ​യി വ​സ്തു​വോ വീ​ടോ ഇ​ല്ല. എ​ന്നാ​ൽ റേ​ഷ​ൻ​കാ​ർ​ഡു​ക​ൾ ഓ​രോ വീ​ട്ടി​ലു​മു​ണ്ട്. വീ​ട്‌ അ​ഡ്ര​സോ, വീ​ട്ടു​ന​മ്പ​റോ, ആ​രോ​ഗ്യ കാ​ർ​ഡു​ക​ളോ ഒ​ന്നും ത​ന്നെ ഇ​വ​ർ​ക്കു ല​ഭി​ച്ചി​ട്ടി​ല്ല. ട്രൈ​ബ​ൽ ഓ​ഫീസി​ൽനി​ന്നു വി​ത​ര​ണം ചെ​യ്ത ഈ ​രേ​ഖ​യാ​ണ് അ​വ​രു​ടെ കൈ​യി​ൽ ആ​കെ​യു​ള്ള​ത്. ഇ​ത് ഉ​പ​യോ​ഗി​ച്ച് ഭ​ക്ഷ്യധാ​ന്യ​ങ്ങ​ൾ വാ​ങ്ങി കഴിക്കു​ന്ന​വ​രാ​ണ് ഭൂ​രിഭാ​ഗ​വും. "ഓ​രോ ഓ​ട്ടെ​ടു​പ്പ് വ​രു​മ്പോ​ഴും വീ​ടും വ​സ്തു​വും ഉ​ൾ​പ്പെ​ടെ​യു​ള്ള മോ​ഹ​ന വാ​ഗ്ദാ​ന​ങ്ങ​ൾ എ​ല്ലാ രാ​ഷ്‌ട്രീ​യക​ക്ഷി​ക​ളും ന​ല്കാ​റു​ണ്ടെ​ന്നു ഗൗ​രി​യു​ടെ വാ​ക്കു​ക​ൾ.’

കാ​ട്ടു​വി​ഭ​വ​ശേ​ഖ​ര​ണം ഏ​കവ​രു​മാ​നം

സ്ഥി​ര​മാ​യി​ട്ടു​ള്ള വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ളൊ​ന്നും അ​വ​ർ​ക്കി​ല്ല. നാ​ട്ടു​കാ​ർ പു​റംപ​ണി​ക്കൊ​ന്നും അ​വ​രെ വി​ളി​ക്കാ​റി​ല്ല. അ​വ​രൊ​ട്ട് പോ​കാ​റു​മി​ല്ല. " വേ​ട്ട നാ​യ്ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ള്ളു​വ​ന​ങ്ങ​ളി​ൽ പോ​യി തേ​നും കു​ന്തി​രി​ക്ക​വും ഇ​ഞ്ച​യും മ​റ്റു സു​ഗ​ന്ധദ്ര​വ്യ​ങ്ങ​ളും ​കൊ​ണ്ടു​വ​ന്നു പു​റ​ത്ത് വിയ്ക്കും. എ​ന്നാ​ൽ കൂ​ടു​ത​ൽ പേ​രും ഞ​ങ്ങ​ൾ​ക്ക് യ​ഥാ​ർ​ഥ വി​ല ത​രാ​റി​ല്ല. പി​ണ​ങ്ങിപ്പി​ണ​ങ്ങി വി​ല കു​റ​പ്പി​ക്കും. വ​ല്ല​പ്പോ​ഴും കി​ട്ടു​ന്ന അ​രി​യും പ​യ​റു​മ​ല്ലാ​തെ മ​റ്റ് സ​ഹാ​യ​ങ്ങ​ളോ സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളോ ഗേ​ർ​മെ​ന്‍റിന്‍റെ ഭാ​ഗ​ത്തൂ​ന്നു കി​ട്ടാ​റി​ല്ല.’ ഗോ​മ​തി​യു​ടെ വാ​ക്കു​ക​ൾ. "പ​ള്ളി​ക്കാ​രും ലേ​ഖ​യു​മാ​ണ് ഞ​ങ്ങ​ൾ​ക്കി​പ്പോ​ൾ ആ​കെ ആ​ശ്ര​യം.’ ഗോ​മ​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ക്ഷ​ര​ങ്ങ​ളി​ല്ലാ​ത്ത വി​ദ്യാ​ഭ്യാ​സം

നാ​ലും അ​ഞ്ചും വ​യ​സ് തോ​ന്നി​ക്കു​ന്ന കു​റെ കു​ഞ്ഞു​ങ്ങ​ൾ ന​ല്ല ഒ​രു വ​സ്ത്രം പോ​ലു​മി​ല്ലാ​തെ ഓ​രോ വീ​ട്ടി​ലും ക​ഴി​യു​ന്നു. ​വെ​ള്ളം ക​ണ്ടി​ട്ട് ത​ന്നെ ദി​വ​സ​ങ്ങ​ളാ​യി. അ​വ​ർ​ക്കാ​യി നീ​ട്ടി​യ ബി​സ്ക​റ്റ് ക​വ​റു​ക​ളും മി​ഠാ​യി​ക​ളും ക​ണ്ട​പ്പോ​ൾ അ​വ​രു​ടെ മു​ഖ​ത്ത് കാ​ണാ​ൻ ക​ഴി​ഞ്ഞ സ​ന്തോ​ഷം ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. (എ​ന്നാ​ൽ മു​തി​ർ​ന്ന​വ​ർ ഞ​ങ്ങ​ളെ കാ​ണു​ന്ന​ത് അ​ല്പം നീ​ര​സ​ത്തോ​ടെ​യാ​ണ്. ഞ​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നോ ഇ​ത് ഞ​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​ണെ​ന്നോ ഒ​ക്കെയാ​ണ് അ​വ​രു​ടെ മ​നോ​ഭാ​വം).​

ഓ​രോ കു​ട്ടി​യോ​ടും എ​ത്രാം ക്ലാസി​ലാ പ​ഠി​ക്കു​ന്ന​തെ​ന്നു ചോ​ദി​ച്ചാ​ൽ എ​ല്ലാ​വ​ർ​ക്കും ഒ​രേ മ​റു​പ​ടി "മൂ​ന്നാം ക്ലാ​സി​ൽ’. അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന അ​ര​വി​ന്ദി​ന് കൊ​ടു​ത്ത മി​ഠാ​യി​ക​ൾ എ​ത്ര​യു​ണ്ടെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ അ​റി​യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി. ഇ​വ​രെ​ല്ലാം പ​ഠി​ക്കാ​ൻ പോ​കു​ന്ന​ത് അ​ട്ട​ത്തോ​ട് ട്രൈ​ബ​ൽ സ്‌​കൂ​ളി​ലാ​ണ്. എ​ന്നാ​ൽ ഒ​രാ​ൾ​ക്കു​പോ​ലും അ​ക്ഷ​ര​ങ്ങ​ളോ അ​ക്ക​ങ്ങ​ളോ പ​റ​യാ​ൻ അ​റി​യി​ല്ല. "സ്കൂ​ൾ തു​റ​ക്കു​മ്പോ​ൾ ആ​കെ കി​ട്ടു​ന്ന​ത് മൂ​ന്ന് പു​സ്ത​ക​ങ്ങ​ൾ മാ​ത്രം. പി​ന്നെ വ​ർ​ഷം ഇ​രു​നൂ​റ്റ​മ്പ​ത്‌ രൂ​പ സ്റ്റൈ​പ്പെ​ൻ​ഡ് ആ​ണെ​ന്നും പ​റ​ഞ്ഞ് ത​രും.’ ​

വീ​ട്ട​മ്മ​യാ​യ റാ​ണി​യു​ടെ വാ​ക്കു​ക​ൾ.​ മു​തി​ർ​ന്ന​വ​രി​ൽ നാ​ലാം ക്ലാ​സ് വ​രെ പ​ഠി​ച്ച ര​ജ​നി​ക്ക് മാ​ത്ര​മാ​ണ് വാ​യി​ക്കാ​ന​റി​യാ​വു​ന്ന​ത്. സ്‌​കൂ​ളി​ൽ പോ​കു​ന്ന കാ​ര്യം ചോ​ദി​ച്ച​പ്പോ​ൾ അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന സ​ച്ചി​ൻ ന​ൽ​കി​യ മ​റു​പ​ടി ഇ​താ​യി​രു​ന്നു. "രാ​വി​ലെ വാ​ൻ വ​രും, സ്‌​കൂ​ളി​ലെ​ത്തി​യാ​ൽ രാ​വി​ലെ​യും ഉ​ച്ച​ക്കും വൈ​കി​ട്ടും ക​യി​ക്കാ​ൻ കി​ട്ടും. അ​ത്‌ ക​ഴി​ഞ്ഞ് വാ​നി​ൽ തി​രി​ച്ച് കൊ​ണ്ട് വി​ടും.' ഇ​ത്ര​യും പ​റ​ഞ്ഞു​കൊ​ണ്ട് അ​ക​ത്തു​നി​ന്ന് കീ​റി​പ്പ​റി​ഞ്ഞ ഒ​രു പു​സ്ത​ക​വു​മാ​യി അ​വ​ൻ തി​രി​കെ​യെ​ത്തി.

ആ​ചാ​ര​ങ്ങ​ളും ച​ട​ങ്ങു​ക​ളും

പല വീ​ടു​ക​ളി​ലും ക​ണ്ട മ​റ്റൊ​രു കാ​ഴ്ച​യാ​ണ് കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി നി​ൽ​ക്കു​ന്ന പ​ന്ത്ര​ണ്ടോ പ​തി​മൂ​ന്നോ മാ​ത്രം പ്രാ​യം വ​രു​ന്ന അ​മ്മ​മാ​ർ. വി​വാ​ഹം എ​ന്ന ച​ട​ങ്ങൊ​ന്നും അ​വി​ടെ​യി​ല്ല. അ​തി​നെ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ൾ ഭാ​സ്ക​ര​ൻ ന​ൽ​കി​യ മ​റു​പ​ടി," അ​ങ്ങ​നെ പ്ര​ത്യേ​കി​ച്ച് ച​ട​ങ്ങൊ​ന്നു​മി​ല്ല, കൈ​പി​ടി​ച്ച് അ​ടു​ത്ത ഷെ​ഡി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു അ​ത്ര​ത​ന്നെ'.

പ്രാ​യം തി​ക​യാ​ത്ത അ​മ്മ​മാ​രും അ​ച്ഛ​നി​ല്ലാ​ത്ത കു​ട്ടി​ക​ളും ഇ​വി​ട​ങ്ങ​ളി​ൽ ധാ​രാ​ള​മാ​ണ്. ഒ​രാ​ൾ മ​ര​ണ​പ്പെ​ട്ടാ​ൽ എ​ന്തു​ചെ​യ്യും എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ഇ​വി​ടെ എ​വി​ടെ​യെ​ങ്കി​ലും കു​ഴി​ച്ചി​ടും എ​ന്നു മ​റു​പ​ടി. വ​ന​പാ​ല​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ആ​രെ​ങ്കി​ലും വ​ന്നെ​ങ്കി​ലാ​യി ഇ​ല്ലെ​ങ്കി​ലാ​യി. ഇ​തു​പോ​ലെ ഈ ​വ​ന​ത്തി​ൽ എ​ത്ര കു​ടും​ബ​ങ്ങ​ൾ ഉ​ണ്ടെ​ന്നു​ള്ള വ്യ​ക്ത​മാ​യ ക​ണ​ക്കു​ക​ൾ പോ​ലും അ​ധി​കൃ​ത​ർ​ക്കും പ​റ​യാ​ൻ ക​ഴി​യു​ന്നി​ല്ല.

സു​ഗ​ത​ൻ എ​ൽ. ശൂ​ര​നാ​ട്