Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - കൊച്ചി ബ്യൂറോ

കൊച്ചി ബ്യൂറോ

6 ARTICLES

Written Articles

Kerala

ആലുവയില്‍ ധനകാര്യ സ്ഥാപനത്തില്‍ കവര്‍ച്ചാശ്രമം; പൂട്ട് തകര്‍ത്ത നിലയില്‍
കൊച്ചി: ആലുവ പാലസ് റോഡിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കവര്‍ച്ചാശ്രമം. കെഎല്‍എം ആക്‌സിവ ഫിന്‍ ഫെസ്റ്റ് ആലുവ ശാഖയിലാണ് കവര്‍ച്ചയ്ക്ക് ശ്രമം നടന്നത്. രാവിലെ ജീവനക്കാരെത്തിയപ്പോള്‍ സ്ഥാപനത്തിന്‍റെ ഷട്ടറിന്‍റെ പൂട്ട് തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. സ്വര്‍ണം സൂക്ഷിച്ചിരുന്ന ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സ്ഥാപനത്തിലെ സിസിടിവി മോഷ്ടാക്കള്‍ നശിപ്പിച്ചു. മറ്റൊരിടത്തെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ മൂന്നംഗ സംഘമാണ് കവര്‍ച്ചയ്‌ക്കെത്തിയതെന്ന് കണ്ടെത്തി. ഈ സ്ഥാപനത്തിന്‍റെ താഴെയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് സ്ഥിതി ചെയ്യുന്നത്. ഇവിടെ മോഷണശ്രമമുണ്ടായിട്ടില്ല. ആലുവ പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
November 24, 2026

Kerala

ആലുവയില്‍ തീപിടിത്തം; ഹോട്ടല്‍ കത്തിനശിച്ചു
കൊച്ചി: ആലുവ കുട്ടമശേരിയില്‍ ഹോട്ടലില്‍ തീപിടിത്തം. കുട്ടമശേരി സര്‍ക്കുലര്‍ കവലയിലെ ഹോട്ടലില്‍ പുലര്‍ച്ചെ രണ്ടോടെയാണ് തീപിടിത്തം ഉണ്ടായത്. കീഴ്മാട് സ്വദേശി ബദറുദ്ദീന്‍ എന്നയാളുടെ തങ്ങള്‍സ് സ്റ്റോര്‍സിലാണ് അഗ്‌നിബാധയുണ്ടായത്. ഫ്രിഡ്ജ് അടക്കം സാധനങ്ങള്‍ കത്തിനശിച്ചു. അടച്ചിട്ടിരുന്നതിനാല്‍ ആര്‍ക്കും പരിക്കില്ല. ഫയര്‍ഫോഴ്‌സ് എത്തി തീ കെടുത്തി.
November 24, 2026

Kerala

രാത്രിയില്‍ അതിക്രമിച്ച് കയറി; മുന്‍സിഫ് കോടതിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ചു
കൊച്ചി: പറവൂര്‍ കോടതി സമുച്ചയത്തില്‍ രാത്രിയിലെത്തിയ അജ്ഞാതന്‍ മുന്‍സിഫ് കോടതിയുടെ പ്രധാന വാതില്‍ ചവിട്ടിപ്പൊളിച്ചതായി പരാതി. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. വാതില്‍ തകര്‍ത്തതിലൂടെ 25,000 രൂപയുടെ നഷ്ടമുണ്ടായതായി കോടതി ജീവനക്കാരന്‍ പറവൂര്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ് പ്രതിയെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.
November 24, 2026

Kerala

ബിഎല്‍എം സാമ്പത്തിക തട്ടിപ്പ്: പ്രേംകുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിഎല്‍എം സ്ഥാപക ചെയര്‍മാന്‍ ആര്‍. പ്രേംകുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 300 കോടിയുടെ തട്ടിപ്പാണ് പ്രേംകുമാര്‍ നടത്തിയതെന്നും സാധാരണക്കാരുടെ പണം വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ് എന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. പ്രേംകുമാറിനെതിരെ തമിഴ്‌നാട്, പോണ്ടിച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളിലായി നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബാങ്ക് രേഖകള്‍ ഉള്‍പ്പെടെയുള്ളവ ക്രൈംബ്രാഞ്ചും ഇഡിയും പിടിച്ചെടുത്ത സാഹചര്യത്തില്‍ തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന പ്രേംകുമാറിന്‍റെ വാദം കോടതി അംഗീകരിച്ചില്ല. നേരത്തെ ചെന്നൈയില്‍ നിന്നും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രേംകുമാറിന് അറസ്റ്റ് നടപടിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഈ ജാമ്യം റദ്ദാക്കുകയും അറസ്റ്റിന് തടസമില്ലെന്ന് ഉത്തരവിടുകയും ചെയ്തതോടെയാണ് പ്രേംകുമാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
November 24, 2026

Kerala

കൊച്ചിയില്‍ ഓപ്പറേഷന്‍ നൈറ്റ് ഹണ്ട്; 146 വാഹനങ്ങള്‍ക്ക് ചലാന്‍, 6.10 ലക്ഷം രൂപ പിഴ
കൊച്ചി: നഗരത്തില്‍ രാത്രികാല വാഹന പരിശോധന ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഓപ്പറേഷന്‍ നൈറ്റ് ഹണ്ട് എന്ന പേരില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 146 വാഹനങ്ങള്‍ക്കെതിരെ ചലാന്‍ ചുമത്തി. 6,10,250 രൂപയാണ് പിഴയായി ഈടാക്കിയത്. ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശത്തിന്‍റെയും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവിന്‍റെയും അടിസ്ഥാനത്തിലാണ് പരിശോധന. എറണാകുളം എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒ ബിജു ഐസക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. തിങ്കളാഴ്ച രാത്രി എട്ടിന് ആരംഭിച്ച പരിശോധന ഇന്ന് പുലര്‍ച്ചെ 5.30 വരെ തുടര്‍ന്നു. നഗരത്തിലെ വിവിധ പ്രധാന മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. രാത്രികാലങ്ങളില്‍ അമിത ശബ്ദമുണ്ടാക്കുന്ന തരത്തില്‍ സൈലന്‍സറുകള്‍ മാറ്റം വരുത്തിയ വാഹനങ്ങള്‍, അമിത പ്രകാശമുള്ള ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍, അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നവര്‍ എന്നിവരെയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. സൈലന്‍സറില്‍ രൂപമാറ്റം വരുത്തിയ 35 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്ത 40 പേരും, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 12 വാഹനങ്ങളും പരിശോധനയില്‍ പിടിയിലായി. ട്രിപ്പിള്‍ റൈഡിംഗിന് 15 പേര്‍ക്കെതിരെയും ഇന്‍ഷുറന്‍സ് ഇല്ലാത്ത 12 വാഹനങ്ങള്‍ക്കെതിരെയും ലൈസന്‍സില്ലാതെ വാഹനം ഓടിച്ച 12 പേര്‍ക്കെതിരെയും നടപടിയെടുത്തു. ലൈറ്റുകളില്‍ അനധികൃത മാറ്റം വരുത്തിയ ഏഴ് വാഹനങ്ങളും നമ്പര്‍ പ്ലേറ്റ് മറച്ച ആറ് വാഹനങ്ങളും കൃത്യമായ രജിസ്‌ട്രേഷന്‍ ഇല്ലാത്ത രണ്ടു വാഹനങ്ങളും കണ്ടെത്തി. മറ്റ് നിയമലംഘനങ്ങള്‍ക്ക് 34 വാഹനങ്ങള്‍ക്കെതിരെയും ചലാന്‍ ചുമത്തി. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ പഴയ സ്ഥിതിയിലേക്ക് മാറ്റണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നിര്‍ദേശം. മാറ്റങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്ത ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ ഹാജരാക്കി പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. രാത്രികാലങ്ങളില്‍ രൂപമാറ്റം വരുത്തിയ ബൈക്കുകള്‍ പുറപ്പെടുവിക്കുന്ന അമിത ശബ്ദം പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വയോജനങ്ങള്‍ക്കും കൈക്കുഞ്ഞുങ്ങള്‍ക്കും ഉള്‍പ്പെടെ ഇത് ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. പൊതുജനങ്ങളുടെ സുരക്ഷയും സ്വൈര്യജീവിതവും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി വരും ദവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.
November 24, 2026

Kerala

നെടുമ്പാശേരി വാഹനാപകടം: സുഹൈല്‍ സജീവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി എക്‌സൈസ്
കൊച്ചി: നെടുമ്പാശേരി വാഹനാപകട കേസ് പ്രതി സുഹൈല്‍ സജീവിന്‍റെ അറസ്റ്റ് എക്‌സൈസ് രേഖപ്പെടുത്തി. 23 വയസിന് താഴെയുള്ളയാള്‍ മദ്യം കഴിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം സുഹൈല്‍ എക്‌സൈസ് ഓഫീസില്‍ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അബ്കാരി നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. മദ്യപിച്ചതുമായി ബന്ധപ്പെട്ട് ഒരു ബാറില്‍ നിന്ന് മാത്രം ഏകദേശം 4,500 രൂപയുടെ ബില്‍ സുഹൈലിന് വന്നിരുന്നതായി എക്‌സൈസ് കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ബാറിലെ സിസിടിവി ദൃശ്യങ്ങളും എക്‌സൈസ് സംഘം ശേഖരിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു. കേരള അബ്കാരി നിയമപ്രകാരം 23 വയസാണ് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി. 23 വയസിന് താഴെയുള്ളവര്‍ക്ക് മദ്യം നല്‍കാന്‍ പാടില്ലെന്ന കേരള അബ്കാരി ആക്ട് പ്രകാരം സുഹൈല്‍ മദ്യപിച്ച മൂന്നു ബാറുകള്‍ക്കെതിരെയും എക്‌സൈസ് നടപടി എടുത്തിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 11നാണ് മദ്യപിച്ച് അമിതവേഗത്തില്‍ 19കാരനായ സുഹൈല്‍ ഓടിച്ച കാര്‍ ഇടിച്ച് രണ്ട് യുവതികളടക്കം മൂന്നു പേര്‍ മരിച്ചത്. സംഭവത്തില്‍ മനഃപൂര്‍വമായ നരഹത്യ ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തത്. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് നവംബര്‍ 16ന് ആണ് സുഹൈല്‍ കാക്കനാട് ബോസ്റ്റല്‍ സ്‌കൂളില്‍ നിന്നും പുറത്തിറങ്ങിയത്. അപകടം നടന്ന ദിവസം ശനിയാഴ്ച ഉച്ച മുതല്‍ പ്രതി മദ്യലഹരിയിലായിരുന്നു. മദ്യ ലഹരിയിലാണ് പ്രതി വാഹനം ഓടിച്ചിരുന്നത്. ഉച്ചയ്ക്ക് കടവന്ത്രയിലെ ബാറിലും വൈകിട്ടോടെ പാലാരിവട്ടത്തെ ബാര്‍ ഹോട്ടലിലും വച്ച് പ്രതി മദ്യപിച്ചു. പിന്നീട് രാത്രിയില്‍ നെടുമ്പാശേരിയിലെ ബാര്‍ ഹോട്ടലില്‍ നിന്ന് മദ്യപിച്ചിറങ്ങി വാഹനവുമായി പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. മൂന്ന് ബാറുകളിലും പ്രതി എത്തുന്നതിന്‍റെയും മദ്യപിച്ചതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ എക്‌സൈസ് ശേഖരിച്ചിരുന്നു.
November 24, 2026
Corehub Up