കേരള കോൺഗ്രസ് കണ്ണൂർ ജില്ലാ ലീഡേഴ്സ് മീറ്റ് ഇരിട്ടിയിൽ മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
ഇരിട്ടി: കർഷകർക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ മുൻകൈയെടുക്കുമെന്നും കാർഷികമേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനും കർഷകരുടെ പ്രതീക്ഷകൾ യാഥാർഥ്യമാക്കുന്നതിനും പുതിയ കർമപദ്ധതികൾക്ക് യുഡിഎഫ് സർക്കാർ രൂപംനൽകുമെന്ന് ജലവിഭവ-ഭവന നിർമാണ മന്ത്രി മോൻസ് ജോസഫ്.
കേരള കോൺഗ്രസ് കണ്ണൂർ ജില്ലാ ലീഡേഴ്സ് മീറ്റ് ഇരിട്ടിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാർഷികവിളകളുടെ ഉത്പാദനം വർധിപ്പിക്കുന്നതിനും കർഷകർക്ക് ന്യായവില ഉറപ്പാക്കുന്നതിനും സർക്കാർ പ്രത്യേക പരിഗണന നൽകും. ഉത്പാദന വർധന ലക്ഷ്യമിട്ട് കൃഷി, ജലസേചന വകുപ്പുകൾ സംയുക്തമായി വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള രൂപരേഖ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
കാർഷികമേഖലയുടെ പുരോഗതിക്ക് ഉത്പാദന വർധനയും വിളകൾക്ക് സ്ഥിരമായ വിലയും ഒരുപോലെ പ്രധാനമാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കർഷകരുടെ മുന്നേറ്റത്തിന് ഉതകുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കേരള കോൺഗ്രസിന്റെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിന് സംസ്ഥാനത്തുടനീളം അംഗത്വ കാന്പയിൻ ശക്തമാക്കും.
കർഷകരുടെ പ്രതീക്ഷകൾക്കൊപ്പം നിൽക്കുന്ന പ്രവർത്തനങ്ങളിലൂടെ പാർട്ടിയുടെ സംഘടനാ അടിത്തറ കൂടുതൽ വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ ആദ്യമായി എത്തിയ മന്ത്രിക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് നൽകിയത്. ജില്ലാ പ്രസിഡന്റ് റോജസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കെ.എ. ഫിലിപ്പ്, ജോസഫ് മുള്ളൻമട, ജോൺ ജോസഫ്, ജോർജ് കാനാട്ട്, ടെൻസൺ ജോർജ്, തോമസ് തയ്യിൽ, ജയിംസ് പന്തമ്മാക്കൽ, ജോസ് നരിമറ്റം, മാത്യു ചാണാക്കാട്ടിൽ, ജോഷി തെക്കേടം, വർഗീസ് വയലാമണ്ണിൽ, ജോസ് വണ്ടാക്കുന്നേൽ, തോമസ് തോട്ടത്തിൽ, സെന്നിസ് വടയപ്പള്ളി, അരുൺ കുഴിപ്പള്ളി, സെന്നിസ് മാണി, സാബു മണിമല, ഷീബ തെക്കേടം എന്നിവർ പ്രസംഗിച്ചു.
Tags : Kannur District Leaders Meet Nattuvishesham DistrictNews