എരുമേലി: പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത്വക കംഫർട്ട് സ്റ്റേഷൻ ലേലം ചെയ്തത് റദ്ദാക്കണമെന്ന പരാതിയുമായി പഞ്ചായത്തംഗം രംഗത്ത്. നിലവിൽ കംഫർട്ട് സ്റ്റേഷനിലെ സെപ്റ്റിക് ടാങ്കിന്റെ മുകളിൽനിന്നു പൈപ്പ് വഴി മാലിന്യങ്ങൾ സ്റ്റാൻഡിലെ റോഡിന്റെ അടിയിലൂടെ ഓടയിൽ എത്തിച്ച് തോട്ടിലേക്കാണ് ഒഴുക്കുന്നതെന്നു പരാതി നൽകിയ ഒഴക്കനാട് വാർഡ് മെംബർ പി.ഡി. ദിഗീഷ് പറഞ്ഞു.
ബലക്ഷയത്തിലായി അപകടസാധ്യതയിലാണ് കംഫർട്ട് സ്റ്റേഷൻ ഉൾപ്പെടുന്ന കെട്ടിടം. ഈ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ നൽകിയിട്ടില്ല. കെട്ടിടം അപകട സാധ്യതയിലാണെന്ന് അസിസ്റ്റന്റ് എൻജിനിയർ പഞ്ചായത്ത് അധികൃതരെ ഔദ്യോഗികമായി അറിയിച്ചതാണ്. എന്നാൽ ഇതെല്ലാം അവഗണിച്ച് കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കമ്മറ്റിയിൽ കംഫർട്ട് സ്റ്റേഷന്റെ ലേലം അംഗീകരിക്കുകയായിരുന്നെന്നാണ് ആക്ഷേപം.
മെംബർ ദിഗീഷ് ലേലത്തിനെതിരേ കമ്മിറ്റിയിൽ വിയോജനക്കുറിപ്പ് നൽകിയിരുന്നു. കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകുകയും ചെയ്തു. താത്കാലികമായി ഇ-ടോയ്ലെറ്റ് മാതൃകയിൽ ശുചിമുറികൾ സ്റ്റാൻഡിൽ നിർമിച്ചുനൽകണമെന്നാണ് പരിഹാരമാർഗമായി ഉയർന്നിട്ടുള്ളത്. ലേലത്തിൽ പഞ്ചായത്തിന് വൻ നഷ്ടമുണ്ടായതായും ആക്ഷേപമുണ്ട്.
ലേലം പിടിച്ച കരാറുകാരൻ ഒരു വർഷത്തേക്ക് 32,000 രൂപയാണ് പഞ്ചായത്തിന് നൽകുന്നത്. നിലവിൽ കംഫർട്ട് സ്റ്റേഷന് വെള്ളം നൽകാൻ മാസം തോറും പഞ്ചായത്തിന് ഇരുപതിനായിരം രൂപയോളം ചെലവുണ്ട്. ഈ ചെലവ് പഞ്ചായത്താണ് വഹിക്കുന്നതെന്നിരിക്കേ ഒരു വർഷം രണ്ടു ലക്ഷത്തോളം രൂപ ഇതിനായി പഞ്ചായത്ത് ചെലവിടുമ്പോൾ ആകെ കിട്ടുന്ന വരുമാനം ലേലത്തുകയായ 32000 രൂപയാണ്.
Tags : comfort station nattuvishesham local news