രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസും സമാജ്വാദി പാർട്ടിയും തമ്മിലുള്ള ചർച്ചകൾക്ക് തുടക്കമായി. 130 സീറ്റുകൾ വേണമെന്ന ആവശ്യമാണ് കോൺഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാൽ ഈ ആവശ്യം സംബന്ധിച്ച് തിങ്കളാഴ്ച ഡൽഹിയിൽ ചേർന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച വെറും 15 മിനിറ്റിൽ അവസാനിച്ചു.
കോൺഗ്രസ് നേതാവ് പ്രമോദ് തിവാരിയുടെ വസതിയിലായിരുന്നു ഇരുപാർട്ടികളുടെയും നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച. രാം ഗോപാൽ യാദവും മറ്റ് മുതിർന്ന നേതാക്കളുമാണ് സമാജ്വാദി പാർട്ടി പ്രതിനിധികളായി എത്തിയത്. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ അമേഠിയിലെയും റായ്ബറേലിയിലെയും മുഴുവൻ സീറ്റുകളിലും മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം.
കൂടാതെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കുറഞ്ഞത് ഒരു മണ്ഡലത്തിലെങ്കിലും മത്സരിക്കണമെന്ന നിലപാടും കോൺഗ്രസ് മുന്നോട്ടുവെച്ചിട്ടുണ്ട്. അഖിലേഷ് യാദവുമായി ചർച്ച നടത്തിയശേഷം മറുപടി അറിയിക്കാമെന്നാണ് രാം ഗോപാൽ യാദവും സംഘവും വ്യക്തമാക്കി. ഇരുപാർട്ടികളും തമ്മിൽ ചൊവ്വാഴ്ച വീണ്ടും ചർച്ച നടത്തും.
Tags : UPPolitics UttarPradesh Election SeatSharing AllianceTalks Congress SamajwadiParty