അറയ്ക്കല്‍ ബീവിയുടെ വിശേഷങ്ങള്‍
അറയ്ക്കല്‍ ബീവിയുടെ വിശേഷങ്ങള്‍
Wednesday, August 7, 2019 3:56 PM IST
പോര്‍ച്ചുഗീസുകാരോടും ഡച്ചുകാരോടും ചെറുത്തുനില്‍പ്പ് നടത്തി 42 വര്‍ഷം രാജവംശത്തിന്റെ തലപ്പത്തുണ്ടായിരുന്ന സുല്‍ത്താന്‍ ജുനൂമ്മബിയെ പോലെയുള്ള വനിതാരത്‌നങ്ങള്‍ പിന്മുറയ്ക്ക് നല്‍കുന്ന ആവേശം ചെറുതല്ല.

പഴമയുടെ തലയെടുപ്പുമായി നില്‍ക്കുന്ന കണ്ണൂര്‍ സിറ്റിയിലെ അറയ്ക്കല്‍കെട്ട് കടക്കുമ്പോള്‍ പിന്നില്‍ കടലിന്റെ ഇരമ്പം. പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് സൈനിക വ്യൂഹങ്ങളെ വിറപ്പിച്ച അറയ്ക്കല്‍ നാവികപ്പടയുടെ പടയൊരുക്കം പോലെ... തിരകള്‍ കടന്ന് ചാറ്റല്‍ മഴയ്‌ക്കൊപ്പമെത്തിയ കാറ്റില്‍ ഐതിഹ്യവും ചരിത്രവും ഇടകലരുന്ന അറയ്ക്കല്‍ സ്വരൂപത്തിന്റെ സമ്പന്ന സ്മൃതികള്‍...

അറയ്ക്കല്‍ കെട്ടിനകത്തെ 'വലിയമുറ്റ'ത്തിന് ചുറ്റും പഴമയും പുതുമയും ഇടകലര്‍ന്ന എടുപ്പുകള്‍. അതിലൊന്നാണ് പുതിയ അറയ്ക്കല്‍ ബീവിയുടെ 'അല്‍മാര്‍ മഹല്‍'. ഹൃദ്യമായ ആതിഥ്യത്തിലേക്ക് കടക്കുമ്പോള്‍ മുന്നില്‍ ഒരു വല്യുമ്മയുടെ വാത്സല്യ ചിരിയോടെ സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി. ഒപ്പം മരുമകള്‍ താഹിറയും പേരക്കുട്ടി ആമിന ഷഹാനയും. നടക്കാന്‍ പ്രയാസമുണ്ടെങ്കിലും പ്രായത്തിന്റെ മറ്റ് അവശതകളൊന്നുമില്ല എണ്‍പത്തഞ്ചുകാരിയായ ബീവിക്ക്.

സ്ത്രീസമത്വം കേട്ടുകേള്‍വിയില്ലാത്ത കാലം മുതല്‍ ബീവിമാരുടെ ഭരണനൈപുണ്യം അനുഭവിച്ച രാജവംശമാണ് കണ്ണൂര്‍ ആസ്ഥാനമായ അറയ്ക്കല്‍ സ്വരൂപം. യുദ്ധവും ഭരണതന്ത്രവും അന്താരാഷ്ട്ര വ്യാപാരബന്ധങ്ങളുമെല്ലാം അറയ്ക്കല്‍ ബീവിമാര്‍ വീട്ടുകാര്യം പോലെ നിര്‍വഹിച്ചു. ഇപ്പോഴും സ്ത്രീയെ മുഖ്യധാരയില്‍ എത്തിക്കാന്‍ മടിക്കുന്ന സമൂഹത്തിന്റെ ഭാഗമായിരുന്നു ഇവരെന്നു കേട്ടാല്‍ അതിശയം തോന്നാം.

പോര്‍ച്ചുഗീസുകാരോടും ഡച്ചുകാരോടും ചെറുത്തുനില്‍പ്പ് നടത്തി 42 വര്‍ഷം രാജവംശത്തിന്റെ തലപ്പത്തുണ്ടായിരുന്ന സുല്‍ത്താന്‍ ജുനൂമ്മബിയെ പോലെയുള്ള വനിതാരത്‌നങ്ങള്‍ പിന്മുറയ്ക്ക് നല്‍കുന്ന ആവേശം ചെറുതല്ല. ബ്രിട്ടീഷ് ആധിപത്യത്തോടെ രാജകീയ അധികാരങ്ങള്‍ നഷ്ടമായെങ്കിലും കണ്ണൂര്‍, ലക്ഷദ്വീപ്, മാലിദ്വീപ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ആത്മീയവും രാഷ്ട്രീയവും സാംസ്‌കാരികവുമായ നേതൃത്വം നല്‍കിയ അറയ്ക്കലിന്റെ പ്രൗഢമായ പാരമ്പര്യം എങ്ങനെ മറക്കും.

മുപ്പത്തൊമ്പതാം സുല്‍ത്താന്‍, പതിനാലാം ബീവി

അറയ്ക്കല്‍ സ്വരൂപം ഇപ്പോഴും മരുമക്കത്തായ സമ്പ്രദായമാണ് പിന്തുടരുന്നത്. സ്ത്രീയായാലും പുരുഷനായാലും കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ് സുല്‍ത്താന്‍. ഭരണാധികാരിയെ സ്ത്രീപുരുഷ ഭേദെമന്യെ 'സുല്‍ത്താന്‍' എന്ന് തന്നെയാണ് വിശേഷിപ്പിക്കുക. സ്ത്രീയെ 'അറയ്ക്കല്‍ ബീവി'യെന്നും പുരുഷനെ 'അലിരാജ' എന്നും വിളിക്കും. അറയ്ക്കല്‍ സ്വരൂപത്തിന്റെ മുപ്പത്തൊമ്പതാമത്തെ സുല്‍ത്താനും ബീവിമാരില്‍ പതിനാലാമത്തെ ബീവിയുമാണ് സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി.

ആദിരാജ ഫാത്തിമ മുത്ത് ബീവിയുടെ വിയോഗത്തെ തുടര്‍ന്ന് കഴിഞ്ഞ മേയ് നാലിനാണ് മറിയുമ്മ അധികാരമേറ്റത്. നിലവിലെ സുല്‍ത്താന്‍ മരണമടഞ്ഞാല്‍ മൂന്നാംപക്കത്തെ പ്രാര്‍ഥന കഴിഞ്ഞശേഷമാണ് പിന്‍ഗാമിയെ ആചാരപ്രകാരം വാഴിക്കുക. ഇതനുസരിച്ച് മേയ് എട്ടിന് വൈകുന്നേരം ബീവിയുടെ വസതിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ദൈവനാമത്തില്‍ ഔദ്യോഗികമായി ആദിരാജ മറിയുമ്മ സ്ഥാനമേറ്റെടുത്തു.

അറയ്ക്കലിലെ ആചാരങ്ങള്‍ പലതിലും വിട്ടുവീഴ്ചകള്‍ വന്നിട്ടുണ്ടെങ്കിലും വിവാഹ ചടങ്ങുകളിലും സുല്‍ത്താന്റെ സ്ഥാനാരോഹണത്തിനും ഇപ്പോഴും പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു. സ്ഥാനിയായിരുന്ന പരേതയായ ഫാത്തിമ മുത്ത് ബീവിയുടെ മകള്‍ ഖദീജ സോഫിയ ആദിരാജയില്‍ നിന്ന് മതസൗഹാര്‍ദത്തിന്റെ പ്രകാശമായ തമ്പുരാട്ടി വിളക്ക് സാക്ഷിയാക്കി ആചാരവാളുകളും അറക്കല്‍ രേഖകളും പണ്ടാരവസ്തുക്കളുടെ താക്കോല്‍ക്കൂട്ടങ്ങളും ഏറ്റുവാങ്ങിയായിരുന്നു സ്ഥാനാരോഹണം. മകന്‍ അബ്ദുള്‍ ഷുക്കൂറാണ് ബീവിയുടെ പ്രാതിനിധ്യപരമായ അവകാശങ്ങള്‍ നിര്‍വഹിക്കുന്നത്.

കണ്ണൂര്‍ സിറ്റി ജുമുഅത്ത് പള്ളി ഉള്‍പ്പെടെയുള്ള നിരവധി പൈതൃകസ്ഥാപനങ്ങളുടെ ഉന്നതാധികാര സ്ഥാനം ബീവിക്കാണ്. കണ്ണൂര്‍ സിറ്റിയുടെ ചരിത്രഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അറയ്ക്കല്‍ മ്യൂസിയത്തിന്റെ രക്ഷാധികാരിയും ബീവിയാണ്. കണ്ണൂര്‍ ജില്ലയിലെ 48 പള്ളികളുടെ മുതവല്ലി സ്ഥാനവും അറയ്ക്കലിനാണ്.

തിരിച്ചുവരണം സ്‌നേഹവും കൂട്ടായ്മയും

'പണ്ട് ഇതൊരു വലിയ പദവിയായിരുന്നു. ഇപ്പോള്‍ കുടുംബ പാരമ്പര്യത്തിന്റെ ഭാഗം മാത്രം...' സുല്‍ത്താന്‍ സ്ഥാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മറിയുമ്മ പറഞ്ഞു. ബീവിയുടെ ഓര്‍മകളില്‍ അറയ്ക്കലിന്റെ പ്രതാപത്തോടൊപ്പം പഴയകാലത്തിന്റെ നന്മയും തെളിഞ്ഞു. വലിയ കുടുംബം... ഒട്ടനവധി ആള്‍ക്കാര്‍... എന്നാല്‍, ഇന്ന് വീടുകളുണ്ട്, ആള്‍ക്കാരില്ല... 'പഴയകാലം തന്നെയാ നല്ലത്. എല്ലാ ആള്‍ക്കാരുമായി ഒത്തൊരുമയും യോജിപ്പും സ്‌നേഹവുമൊക്കെ ഉണ്ടായിരുന്നു. അക്കാലം ഇനി വരില്ലല്ലോ... ഇന്ന് വിരോധവും വെറുപ്പും കൂടി. അതുകൊണ്ട് അല്ലാഹുവിന്റെ റഹ്മത്തും (അനുഗ്രഹം) ഇല്ല...'

1957 മുതല്‍ 1980 മേയ് വരെ സുല്‍ത്താനായിരുന്ന ആദിരാജ ആമിന ബീവിയുടെയും കാപ്പാട്ടെ നടല്‍ കപ്പോളി അസന്‍ഹാജിയുടെയും ഒന്‍പതു മക്കളില്‍ എട്ടാമത്തെ മകളായി 1934ലാണ് മറിയുയുടെ ജനനം. ജ്യേഷ്ഠത്തി ആയിഷ മുത്തബീവിയും 1998 മുതല്‍ 2006 വരെ സുല്‍ത്താന്‍ സ്ഥാനം വഹിച്ചിട്ടുണ്ട്.

മദ്രാസ് പോര്‍ട്ട് അഡ്മിനിട്രേറ്റിവ് ഓഫീസറായി വിരമിച്ച തലശേരി അച്ചാറകത്ത് പറക്കാട്ട് തറവാട്ടിലെ പരേതനായ എ.പി.ആലിപ്പിയാണ് മറിയുമ്മയുടെ ഭര്‍ത്താവ്. മദ്രാസ് പോര്‍ട്ട് സൂപ്രണ്ട് അബ്ദുള്‍ ഷുക്കൂര്‍, നസീമ (ചെന്നൈ), റഹീന (ബംഗളൂരു) എന്നിവരാണ് മക്കള്‍. താഹിറ, സി.പി.അഷ്‌റഫ്, എ.കെ.അഷ്‌റഫ് എന്നിവര്‍ മരുമക്കളും. ഏഴ് പേരക്കുട്ടികളും ആറു ചെറുമക്കളും അടങ്ങുന്നതാണ് കുടുംബം. അറയ്ക്കല്‍ കെട്ടില്‍ ഇപ്പോള്‍ എട്ട് കുടുംബങ്ങളാണ് താമസം. മരുമക്കത്തായ സമ്പ്രദായപ്രകാരം 220 അംഗങ്ങളും മക്കത്തായ പ്രകാരമുള്ള 450 അംഗങ്ങളുമാണ് തറവാിലുള്ളത്.


അറയ്ക്കല്‍കെട്ടില്‍ നിന്ന് ചെന്നൈയിലേക്ക്

അറയ്ക്കല്‍ തറവാട്ടിലെ സ്ത്രീകള്‍ അടിയന്തര സാഹചര്യങ്ങളിലും ബന്ധുവീടുകളിലെ സന്ദര്‍ശനങ്ങള്‍ക്കും മാത്രമേ പുറത്തുപോയിരുന്നുള്ളൂ. അപ്പോഴൊക്കെ മുഖവും കാറിന്റെ ഗ്ലാസുമൊക്കെ മറച്ചായിരുന്നു യാത്ര. എന്നാല്‍, മറിയുമ്മയുടെ 'എളയ' (പുതിയാപ്ലയെ അറയ്ക്കലില്‍ വിളിക്കുന്നത്) ആയി എത്തിയ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായ എ.പി.ആലിപ്പി ഭാര്യയെ ചെന്നൈയിലെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകണമെന്ന് നിര്‍ബന്ധം പിടിച്ചു. എന്നാല്‍, ഉമ്മ ഉള്‍പ്പെടെ ആര്‍ക്കും അതിന് താത്പര്യമില്ലായിരുന്നുവെന്ന് ബീവി പറയുന്നു.

ഒടുവില്‍ ഭര്‍ത്താവിന്റെ ആഗ്രഹം തന്നെ വിജയിച്ചു. 1967ല്‍ മൂത്തമകന്‍ ഷുക്കൂറിന് അഞ്ചു വയസുള്ളപ്പോള്‍ മറിയുമ്മ രണ്ടു മക്കളുമായി ചെന്നൈയിലേക്ക് ട്രെയിന്‍ കയറി. ദൂരദേശത്ത് താമസത്തിനായി അറയ്ക്കല്‍ തറവാിലെ ഒരു സ്ത്രീയുടെ ആദ്യയാത്രയായിരുന്നു അതെന്ന് ബീവി ഓര്‍ക്കുന്നു. ജോലിക്കാരും ബന്ധുക്കളുമായി വന്‍സംഘം മറിയുമ്മയെ അനുഗമിച്ചു.

പിന്നെ, 33 വര്‍ഷം മദ്രാസ് തൊണ്ടിയാര്‍പേട്ടയിലെ ക്വാര്‍േഴ്‌സിലും കോടമ്പാക്കത്തെ ഫ്‌ളാറ്റിലുമായി താമസം. വര്‍ഷങ്ങളോളം കേരളത്തിനുപുറത്ത് താമസിച്ച ഒരാള്‍ അറയ്ക്കല്‍ ബീവിയാകുന്നതും ചരിത്രത്തില്‍ പുതുമയായിരിക്കുമെന്ന് മകന്‍ അബ്ദുള്‍ ഷുക്കൂര്‍ പറയുന്നു. മറിയുമ്മയുടെ പിന്നാലെ അറയ്ക്കലിലെ ഒരുപാട് സ്ത്രീകള്‍ പിന്നീട് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ദൂരദേശങ്ങളില്‍ താമസമാക്കി.

പാചകവും പാലക്കാട്ടെ കൂട്ടുകാരിയും

പാചകമാണ് ബീവിക്ക് ഏറ്റവും ഇഷ്ടം. ശാരീരിക പ്രയാസങ്ങള്‍ കാരണം അടുക്കളയില്‍ ഓടിനടന്ന് ജോലി ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്ന വിഷമമാണ് ഇപ്പോള്‍. വേലക്കാരുണ്ടെങ്കിലും സ്ത്രീകള്‍ അടുക്കള പണിയെടുക്കണമെന്നത് അറയ്ക്കല്‍ തറവാട്ടില്‍ നിര്‍ബന്ധമായിരുന്നു. അതുകൊണ്ടുതന്നെ അറയ്ക്കലിലെ സ്ത്രീകളുടെ കൈപ്പുണ്യവും ശ്രദ്ധേയം.

ഭര്‍ത്താവ് ആലിപ്പി ഭക്ഷണപ്രിയന്‍ കൂടിയായത് മറിയുമ്മയുടെ പാചക താത്പര്യങ്ങള്‍ക്ക് പ്രോത്സാഹനമായി. അടുക്കളയിലെ സഹായികളെ പാചകം പഠിപ്പിച്ചെടുക്കാനുള്ള ഉമ്മയുടെ മിടുക്ക് ശ്രദ്ധേയമാണെന്ന് മരുമകള്‍ താഹിറ പറയുന്നു. ചെന്നൈയിലെ താമസക്കാലത്തും ഇപ്പോള്‍ നാട്ടിലും തമിഴ് സ്ത്രീകളാണ് മറിയുമ്മയുടെ സഹായത്തിനുള്ളത്. ഉമ്മയും ഇവരും തമ്മിലുള്ള 'കമ്യൂണിക്കേഷന്‍' അദ്ഭുതപ്പെടുത്തുന്നതാണെന്ന് മക്കള്‍ പറയും. 'ഉമ്മയോട് അവര്‍ തമിഴിലാണ് സംസാരിക്കുക. ഉമ്മ മലയാളത്തിലും. എന്നാല്‍, ഇരുവര്‍ക്കും പരസ്പരം എല്ലാം മനസിലാകും. അതിന്റെ രസതന്ത്രം എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല...'

ചോറും മീനുമാണ് ബീവിയുടെ ഇഷ്ട ഭക്ഷണം. മീനില്ലാത്ത ഭക്ഷണത്തെക്കുറിച്ച് ആലോചിക്കാനെ കഴിയില്ലെന്ന് ചിരിച്ചുകൊണ്ട് ബീവി പറഞ്ഞു. പച്ചക്കറി വിഭവങ്ങളും ഇഷ്ടമാണ്. ചെന്നൈ ജീവിതകാലത്താണ് പച്ചക്കറി വിഭവങ്ങള്‍ തയാറാക്കാന്‍ പഠിച്ചത്. അടുത്ത ക്വാര്‍േഴ്‌സിലെ താമസക്കാരിയായിരുന്ന പാലക്കാട് സ്വദേശിനി ചന്ദ്രികയാണ് അവിയലും രസവും കൂട്ടുകറിയുമൊക്കെയുണ്ടാക്കാന്‍ പഠിപ്പിച്ചത്. രണ്ടുപേരും പിന്നീട് നാട്ടിലേക്ക് മടങ്ങിയെങ്കിലും ചന്ദ്രികയുമായുള്ള സൗഹൃദം ബീവി ഇപ്പോഴും തുടരുന്നു.

തുണിയും കുപ്പായവും കൊച്ചിത്തട്ടവുമാണ് അറയ്ക്കലിലെ സ്ത്രീകളുടെ പാരമ്പര്യവേഷം. എന്നാല്‍, സാരിയുടുക്കാനാണ് ബീവിക്ക് ഇഷ്ടം. ഭര്‍ത്താവും മക്കളും എതിര്‍ത്തിട്ടും ചെവി കൊടുക്കാത്ത ഒരു ശീലവുമുണ്ട്. വെറ്റില മുറുക്ക്. 'ചവയ്ക്കല്‍ ചെറുപ്പത്തിലേ ശീലിച്ചതാ. അത് നിര്‍ത്താന്‍ എന്നെക്കൊണ്ടു കഴിയൂല്ല...' മുറുക്കാന്‍ കറയുള്ള പല്ലുകാട്ടി ചിരിച്ചുകൊണ്ട് ബീവി പറയുന്നു. തമിഴ്‌നാട്ടില്‍ ഏറെക്കാലം ജീവിച്ചതുകൊണ്ട് ടെലിവിഷനില്‍ തമിഴ് സീരിയലുകളും സിനിമകളും കാണുന്നതാണ് മറ്റൊരു നേരമ്പോക്ക്.

കേരളത്തിലെ ഏക മുസ്‌ലിം രാജവംശമാണ് കണ്ണൂര്‍ കേന്ദ്രമായ അറയ്ക്കല്‍ സ്വരൂപം. കണ്ണൂര്‍ രാജവംശം, കണ്ണൂരിന്റെയും ലക്ഷദ്വീപുകളുടെയും സല്‍ത്തനത്ത് എന്നീ പേരുകളിലും അറയ്ക്കല്‍ അറിയപ്പെടുന്നു. 1545 മുതലാണ് രാജവംശം എന്ന നിലയില്‍ അറയ്ക്കല്‍ പ്രസിദ്ധമാകുന്നതെന്നാണ് ചരിത്രമതം. കണ്ണൂര്‍ നഗരത്തിന്റെ ആധിപത്യവും വടക്കേ മലബാറിലെ കുരുമുളകിന്റെയും ഏലത്തിന്റെയും വാണിജ്യകുത്തകയും ഏറെക്കാലം അറയ്ക്കല്‍ കുടുംബക്കാര്‍ക്കായിരുന്നു. നാവികമേധാവിത്വമുള്ളതിനാല്‍ അറബിക്കടലിലെ ദ്വീപ് സമൂഹങ്ങളെ അധീനതയില്‍ കൊണ്ടുവരുവാനും അറയ്ക്കലിന് കഴിഞ്ഞു. ലക്ഷദ്വീപിനെ കാര്‍ഷികമേഖലയാക്കിയതും മലയാളികളെ കൊണ്ടുപോയി താമസിപ്പിച്ചതും അവരായിരുന്നു. പോര്‍ച്ചുഗീസുകാര്‍ക്ക് കേരളത്തിലും ഇന്ത്യയിലും ആധിപത്യം ഉറപ്പിക്കുവാന്‍ കഴിയാതെ പോയതും അറയ്ക്കല്‍ നാവികപ്പടയുടെ ചെറുത്തുനില്‍പ്പു കാരണമായിരുന്നു. ബ്രിീഷ് ഭരണകാലത്ത് തുടങ്ങിയ മാലിഖാന്‍ ഇപ്പോഴും അറയ്ക്കല്‍ കുടുംബത്തിന് ലഭിക്കുന്നുണ്ട്.

സിജി ഉലഹന്നാന്‍
ഫോട്ടോ: ജയദീപ് ചന്ദ്രന്‍