കുട്ടി മുറികൾ സുന്ദരമാക്കാം ട്രീഹൗസ് കുട്ടികളുടെ മുറികളിൽ വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് തയാറാക്കാവുന്ന ആശയമാണിത്. മുറിയുടെ ഒരു മൂലയിൽ പടികൾ നല്കി അപ്പർ റൂമായി നിർമിക്കാം. ഒരു ജനാലകൂടി പണിതാൽ അവർക്ക് പുറത്തെ കാഴ്ചകൾ ആസ്വദിക്കാം. ഒപ്പം കാറ്റും വെളിച്ചവും കടക്കും. അവരുടെ ഭാവനകൾക്കും സർഗാത്മകതയ്ക്കും നമുക്ക് ഒരു പടികൂടി ഉയരം നൽകാം. പുസ്തകൾക്കു കൂടി അവിടെ ഇടം നൽകിയാൽ വായനയും ആകാം.
വാൾപേപ്പർ പെയിന്‍റിനു പകരം ഭിത്തിയിൽ പരീക്ഷിക്കാവുന്നതാണ് വാൾപേപ്പറുകൾ. കുട്ടികൾക്ക് ഇഷ്ടമുളള കാർട്ടൂണ്‍ കഥാപാത്രങ്ങളും ഗ്രാഫിക്സും ഒക്കെയടങ്ങിയ മനോഹരമായ വാൾപേപ്പറുകൾ ഇപ്പോൾ ലഭ്യമാണ്. ഇതു മുറികളെ കൂടുതൽ ഭംഗിയാക്കും. ഭിത്തികളിൽ കുട്ടികൾ കുത്തിവരക്കുന്നു എന്ന പരാതി മാതാപിതാക്കൾക്ക് എപ്പോഴും ഉളളതാണ്. വാൾപേപ്പറുകളായാൽ ഇത് മായിച്ചുകളാനും മാറ്റിയൊട്ടിക്കാനുമെല്ലാം സാധിക്കും. അവരുടെ കുഞ്ഞു ഭാവനകൾക്കും സന്തോഷങ്ങൾക്കും നമുക്ക് വിലങ്ങുതടിയാവാതിരിക്കാം.
കുട്ടി ആർട്ട്ഗാലറികൾ ഒരുക്കാം മുതിർന്നവരെപ്പോലെതന്നെ പ്രശംസയും അംഗീകാരവും ആഗ്രഹിക്കുന്നവരാണ് കുട്ടികളും. അവരുടെ കുഞ്ഞു കലാവിരുതുകൾക്കായി പ്രത്യേക ഒരിടം ഒരുക്കാൻ സാധിച്ചാൽ അത് അവരെ എത്രയേറെ ആത്മവിശ്വാസമുളളരാക്കും! ഭിത്തിയിൽ എല്ലാവർക്കും കാണാൻ സാധിക്കുന്ന രീതിയിൽ പ്രത്യേകം ഷെൽഫ് നിർമിക്കാം അല്ലെങ്കിൽ ഫ്രെയിം ചെയ്തിടാനുളള സംവിധാനങ്ങളും ഒരുക്കാം.
ആകാശംകണ്ട് ഉറങ്ങാം നക്ഷത്രങ്ങളെയും ചന്ദ്രനെയും മേഘങ്ങളെയും പൂക്കളെയും ഒക്കെ കണ്ടുകൊണ്ട് ഉറങ്ങിയൽ അവരുടെ സ്വപ്നങ്ങളും എത്ര മനോഹരമായിരിക്കും! ഇത്തരം പരീക്ഷണങ്ങൾ വളരെ എളുപ്പത്തിൽ സാധ്യമാണ്. അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് വരയ്ക്കുകയോ സീലിംഗ് നടത്തുകയോ ചെറിയ ലൈറ്റുകൾ ഘടിപ്പിക്കുകയോ ആകാം. അതുമല്ലെങ്കിൽ ചെലവുകുറഞ്ഞ രീതിയിൽ തിളങ്ങുന്ന സ്റ്റിക്കറുകൾ ഒട്ടിക്കാം, ഭംഗിയുളള ക്രാഫ്റ്റുകൾ നിർമിച്ചും തൂക്കിയിടാം.
ഊഞ്ഞാലുകൾ മനോഹരമായ ഊഞ്ഞാലുകൾ മുറികളിൽ തൂക്കിയിട്ടാൽ കുട്ടികൾക്ക് ഒരേസമയം കളിക്കാനും ഇരുന്നുപഠിക്കാനും വായിക്കാനും ഉപയോഗപ്പെടുത്താം. അവരെ കൂടുതൽ ഉന്മേഷമുള്ളവരാക്കാൻ ഇതു സഹായിക്കും. ചെറിയ ഉയരത്തിൽ തൂക്കിയാൽ വീഴാനുളള സാഹചര്യവും ഒഴിവാക്കാനാവും.
ടെന്‍റുകൾ സ്വന്തം മുറിക്കകത്ത് അവരുടേതായ ചെറിയൊരു ലോകം അവരെ എത്രയധികം അതിശയിപ്പിക്കും. അവർക്ക് കളിക്കാനും കിടക്കാനും അലങ്കരിക്കാനുമൊക്കെ മറ്റൊരു കുഞ്ഞു ലോകം. വലിയ ചെലവില്ലാതെ അവരെ സന്തോഷപ്പിക്കാം, അടക്കിയിരുത്താം. സ്വന്തമായി ഇത് നിർമിക്കുകയോ റെഡിമെയ്ഡായി വാങ്ങുകയോ ആകാം.
ചോക്ക് ബോർഡ് കുട്ടികൾക്ക് അവരുടെ കഴിവുകൾ കാണിക്കാൻ വളരെ ചെലവു കുറഞ്ഞ രീതിയിൽ ഒരുക്കി കൊടുക്കാവുന്നതാണ് ചോക്ക് ബോർഡ്. ഭിത്തിയുടെ ഒരുഭാഗത്ത് വലിയൊരു ബോർഡ് സ്ഥാപിച്ചാൽ അവർക്കു കളിക്കാനും വരയ്ക്കാനും ഒരിടമാകും. മാത്രമല്ല അവരെ രസകരമായി പഠിപ്പിക്കാനും ഇത് ഉപകരിക്കും.
റീഡിംഗ് കോർണർ വായനശീലം കുട്ടികളിൽ വളർത്താൻ ഏറ്റവും നല്ല വഴിയാണ് റീഡിംഗ് കോർണറുകൾ നിർമ്മിച്ചു നല്കുന്നത്. പഠിക്കാൻ ഇരിക്കുന്ന ഇടത്തിരുന്നു തന്നെ വായിക്കുന്നത് വായന വിരസമാകാനേ ഉപകരിക്കൂ. അതിനാൽ മനോഹരമായ ഒരു റീഡിംഗ് കോർണർ കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ ഒരുക്കിനല്കാം. മുറിയുടെ കോർണറുകളിൽ തന്നെ ഇതു ക്രമീകരിച്ചാൽ സ്ഥലവും ലാഭിക്കാം.
ഒരുക്കാം വാഡ്രോബുകൾ കുട്ടികൾക്കായി അലമാരകൾ ഒരുക്കുന്പോൾ ഇൻബിൽറ്റായി പണിയാം. മുറികളെ ഭംഗിയാക്കുക മാത്രമല്ല അപകടങ്ങളും ഒഴിവാക്കാം. അവരുടെ വസ്ത്രങ്ങൾ, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവയെല്ലാം വയ്ക്കാൻ പ്രത്യേകം കബോർഡുകളായി തിരിക്കാം. കുട്ടികളിൽ അടുക്കും ചിട്ടയും ഉത്തവാദിത്വബോധവും വളർത്തിയെടുക്കാൻ ഇത് സഹായിക്കും.
ട്രീസ ജോയി