കോവിഡ് 19 ല്‍ പതറാതെ
ഡോക്ടര്‍ക്കും ഡോക്ടര്‍ വിദ്യാര്‍ഥിക്കും ഇടയിലെന്ത്..? പഠനകാലം എന്നുത്തരം പറയുന്നിടത്ത് അടുത്ത ചോദ്യം വരുന്നു... ഡോക്ടര്‍-വിദ്യാര്‍ഥിക്ക് ലോകം ഭയക്കുന്ന ഒരു മഹാമാരി പിടിപെട്ടാല്‍ അതിനെ എന്തു വിളിക്കും..?

പരിചിതമായ ആശുപത്രി സാഹചര്യങ്ങളാണെങ്കിലും അതിജാഗ്രതാ വാര്‍ഡില്‍ ചികിത്സയില്‍ കഴിയേണ്ടിവരുന്ന വിദ്യാര്‍ഥിയുടെ മനോനില എന്തായിരിക്കും..? പിടിപെട്ടതു മഹാമാരി തന്നെയെന്നു തിരിച്ചറിഞ്ഞിട്ടും പുഞ്ചിരിയോടെ എല്ലാം അതിജീവിച്ചവളെ എന്തു വിളിക്കണം..?. ഇത്തരം ഒട്ടനവധി ചോദ്യങ്ങളുടെ ഉത്തരമാണ് തൃശൂരിലെ ഈ പെണ്‍കുട്ടി. ഇന്ത്യയില്‍ തന്നെ ആദ്യമായി കൊറോണ രോഗം സ്ഥിരീകരിച്ചത് ഈ പെണ്‍കുട്ടിക്കായിരുന്നു. ഐസലേഷന്‍ വാര്‍ഡിലെ ചികിത്സാക്കാലവും തുടര്‍ന്ന് വീട്ടിലെ നിരീക്ഷണ കാലയളവും കടന്ന് അവരിപ്പോള്‍ പഠനത്തിരക്കിലാണ്. ഇവര്‍, കൊറോണ രോഗഭീതിയെ വകഞ്ഞുമാറ്റി ജീവിത വഴികളിലേക്കു തിരിഞ്ഞുനടന്നവള്‍. ലോകത്ത് സംജാതമായിരിക്കുന്ന കോവിഡ് 19 എന്ന ഭീതിജനകമായ അവസ്ഥയെ അതിജീവിച്ചവള്‍.

ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയുടെ പടികള്‍ കയറാന്‍ ഇനി നാളുകള്‍ എടുത്തേക്കാം. എങ്കിലും ജൂണ്‍ അവസാനവാരം നടക്കുമെന്നു പ്രതീക്ഷിക്കുന്ന മൂന്നാംവര്‍ഷ എംബിബിഎസ് പരീക്ഷയുടെ ഒരുക്കത്തിലാണ് ഈ പെണ്‍കുട്ടി.

എല്ലാം തുറന്ന പുസ്തകം

ഐസൊലേഷന്‍ വാര്‍ഡിലെ 22 നാളുകളോ അനുഭവങ്ങളോ പുസ്തകമാക്കാനൊന്നുമില്ല. എല്ലാം തുറന്ന പുസ്തകമാണ് പെണ്‍കുട്ടി ഫോണിലൂടെ സ്ത്രീധനത്തോടു മനസു തുറന്നു.

തുടക്കത്തില്‍ തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്താല്‍ കോവിഡിനെ ഭയക്കേണ്ടെന്ന് പെണ്‍കുട്ടി പറയുന്നു. രോഗം സ്ഥിരീകരിച്ചശേഷവും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായില്ല. അഞ്ചുദിവസത്തിനകം പനിയും തൊണ്ടവേദനയും മാറി. ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അതേപടി പാലിച്ചതാണ് ഗുണകരമായത് പെണ്‍കുട്ടി പറയുന്നു.

ചൈന ടു തൃശൂര്‍

ജനുവരി 24വരെ ചൈനയിലെ വുഹാനിലുണ്ടായിരുന്നു. വൈറസ് ബാധ പടരുന്നുണ്ടെന്നറിഞ്ഞെങ്കിലും ഞാന്‍ ഹോസ്റ്റലില്‍ തന്നെയായിരുന്നു. അവിടെ ഡോക്ടര്‍മാരെത്തി ഞങ്ങളെ പരിശോധിച്ചിരുന്നു. അവധിക്കു വരേണ്ടെന്നാണു തീരുമാനിച്ചിരുന്നത്. ലക്ഷണങ്ങളൊന്നുമില്ലെങ്കിലും പോരാന്‍ തീരുമാനിക്കുകയായിരുന്നു. ചൈനയില്‍ നിന്നെത്തുന്നവര്‍ വിവരം അറിയിക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശം പാലിച്ചു. വന്ന അന്നുതന്നെ എന്റെ നാിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ അറിയിച്ചു. വീട്ടില്‍ തന്നെ കഴിഞ്ഞു. 27നു തൊണ്ടവേദനയും ജലദോഷവും തുടങ്ങിയപ്പോള്‍ ആ വിവരവും അറിയിച്ചു. ജനറല്‍ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് വന്നു കൊണ്ടുപോവുകയായിരുന്നു.

ഐസൊലേഷന്‍ കാലം

രോഗലക്ഷണങ്ങള്‍ ആദ്യ രണ്ടു-മൂന്നു ദിവസം കൊണ്ടു മാറി. അതിനു ശേഷമാണ് വൈറസ് ബാധ സ്ഥിരീകരിച്ചു ഫലം ലഭിച്ചത്. എന്നിലൂടെ മറ്റുള്ളവര്‍ക്ക് അസുഖം പടര്‍ന്നിട്ടുണ്ടോ എന്നുമാത്രമായിരുന്നു പേടി. ആശുപത്രിയും ഐസൊലേഷന്‍ വാര്‍ഡും അത്യാഹിത വിഭാഗവുമെല്ലാം പഠനത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഭയപ്പാട് തോന്നിയില്ല. എങ്കിലും കൊറോണയുടെ ഭീതിജനകമായ അവസ്ഥ പൂര്‍ണബോധ്യമുണ്ടായിരുന്നു. പേടിക്കാനില്ല എന്നൊക്കെ ഇടയ്ക്കിടെ നഴ്‌സുമാരും ഡോക്ടര്‍മാരുമൊക്കെ പറയാറുണ്ടായിരുന്നു. ഞാന്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഓര്‍ത്തിട്ടാകണം നാലു ഡോക്ടര്‍മാര്‍ ഒന്നിച്ചുവന്നായിരുന്നു രോഗവിവരം പറഞ്ഞത്. ഇതിനിടെ മന്ത്രി ശൈലജ ടീച്ചര്‍ വന്നു കണ്ടു. പേടിക്കേണ്ട എന്നുപറഞ്ഞതു വലിയ ആശ്വാസമായി.
സിനിമാക്കാലം

മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ വൈഫൈ സംവിധാനമുണ്ടായിരുന്നു. സുഹൃത്തുക്കളുമായും സഹപാഠികളുമായും ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞു. പിന്നീട് ഫോണില്‍ ഒരുപാട് സിനിമകള്‍ കണ്ടു. ഇഷ്ടമുള്ള ഭക്ഷണവും കിട്ടുമായിരുന്നു. കൊറിയന്‍ പടമായ ദി ഫ്‌ളു എന്ന സിനിമ ഏറെ ആകര്‍ഷിച്ചു. കൊറിയയിലെ ഒരു ടൗണില്‍ വൈറസ് ബാധയെത്തുടര്‍ന്നുണ്ടാകുന്ന കൂട്ടമരണത്തെക്കുറിച്ചായിരുന്നു സിനിമ. ഇത്തരം സിനിമകള്‍ കൂടുതല്‍ കാണേണ്ടെന്നു നഴ്‌സുമാരും ഡോക്ടര്‍മാരുമൊക്കെ പറഞ്ഞു. പിന്നീട് മലയാളം കോമഡി സിനിമകളിലേക്കു തിരിഞ്ഞു.

ക്ലാസ്മുറി

ഐസൊലേഷന്‍ വാര്‍ഡ് വുഹാന്‍ യൂണിവേഴ്‌സിറ്റിയുടെ ക്ലാസ്മുറിയാക്കിയും ഞാന്‍ മാറ്റിയെടുത്തു. ചൈനയില്‍ നിന്ന് അധ്യാപകര്‍ ഓണ്‍ലൈനായി ക്ലാസെടുത്തു തുടങ്ങിയപ്പോള്‍ അതിലായി ശ്രദ്ധ. ശരിക്കും ക്ലാസ് മുറിയില്‍ ഇരിക്കുന്ന അനുഭവമായിരുന്നു അപ്പോള്‍.

അവിടത്തെ മരണങ്ങളുടെ വാര്‍ത്ത അറിയാമായിരുന്നതിനാല്‍ വരുന്നത് കഠിനമായ അനുഭവങ്ങളുടെ ദിവസങ്ങളാണെന്നു ബോധ്യമുണ്ടായിരുന്നു. എങ്കിലും ലാപ്‌ടോപിന്റെ സ്‌ക്രീനില്‍ പഠനവും കൂട്ടുകാരും നിറഞ്ഞുനിന്നപ്പോള്‍ എല്ലാറ്റിനും ധൈര്യമുണ്ടായി.

പിന്തുണയുടെ ആഴം

ആശുപത്രി ജീവനക്കാരും ബന്ധുക്കളും നല്‍കിയ പിന്തുണയാണ് സഹായമായത്. ഇതിനിടെ നിരവധി ടെസ്റ്റുകള്‍ നടക്കുന്നുണ്ടായിരുന്നു. രണ്ടു ഫലവും നെഗറ്റീവായപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് എനിക്കൊപ്പം വാര്‍ഡിലുണ്ടായിരുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരുമടക്കമുള്ള എല്ലാവരുമായിരുന്നു.

ഫെബ്രുവരി പകുതിക്കുശേഷം വീിലേക്കു തിരിച്ചെത്തി. പിന്നീട് നിരീക്ഷണത്തില്‍ തന്നെയായിരുന്നു. മാര്‍ച്ച് ഒന്നിനു നിരീക്ഷണ കാലാവധിയും അവസാനിച്ചു. ഇപ്പോള്‍ എല്ലാം ശാന്തമാണ്.

അതിജീവനം, എല്ലാ അര്‍ഥത്തിലും

അതിജാഗ്രതാ നിര്‍ദേശമടക്കമുള്ള നമ്മടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൊറോണയെ അതിജീവിക്കും. പെണ്‍കുട്ടി പറയുന്നു. ആരോഗ്യരംഗത്ത് നിലവിലുള്ള എല്ലാ നിര്‍ദേശങ്ങളും നമ്മള്‍ പാലിക്കണം. നമ്മുടെ ചെറിയ വീഴ്ചകള്‍ പോലും പിന്നീട് വലിയ ദുരിതത്തിലേക്കു വഴിമാറിയേക്കാം. സ്വന്തം ജീവന്റെ ഭീഷണിപോലും വകവയ്ക്കാതെയാണ് ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരുമെല്ലാം നിലയുറപ്പിച്ചിുള്ളത്. ഇവരുടെ ആത്മാര്‍ഥതയ്‌ക്കൊപ്പം നമ്മളും നിലകൊള്ളണം. പെണ്‍കുട്ടി പറയുന്നു.

നമ്മുടെ ധൈര്യം ഈ പെണ്‍കുട്ടി

അതിജീവനത്തിന്റെ സന്ദേശവുമായി ലോകത്തിനു ധൈര്യം പകര്‍ന്നു നല്കുകയാണ് ഈ പെണ്‍കുട്ടി. ഇവരുടെ ഓര്‍മപ്പെടുത്തലുകള്‍ നാം ഓരോരുത്തര്‍ക്കും വേണ്ടിയുള്ളതാണ്. കൊറോണക്കാലത്തെ ജീവിത പരീക്ഷണങ്ങള്‍ ഡോക്ടര്‍ ജീവിതത്തിനു തുണയാകുമെന്നു പ്രത്യാശിക്കാം. പെണ്‍കുട്ടി ഇനി പരീക്ഷയുടെ തിരക്കുകളിലേക്കു നീങ്ങുകയാണ്. ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സ് ക്ലാസുകളില്‍ വുഹാനിലെ കൂട്ടുകാരും ഒപ്പമുണ്ട്. ഇവള്‍, ആരോഗ്യരംഗത്തെ നിര്‍ദേശങ്ങളെല്ലാം പാലിച്ച് നള്‍ക്ക് അതിജീവനത്തിന്റെ വഴി കാണിച്ചു തന്നവള്‍. ആയിരമായിരം ആശംസകള്‍ നേരാം പരീക്ഷാവിജയത്തിന്...

എം.വി. വസന്ത്