ചിപ്പിക്കൂണ്‍
Saturday, May 10, 2025 10:40 AM IST
ചിപ്പിക്കൂണും പാൽക്കൂണും വീടുകളിൽ വിരിയിച്ചെടുക്കാം. ഇതിനായി വൈക്കോൽ 12 മണിക്കൂർ വെള്ളത്തിൽ മുക്കി വയ്ക്കണം. വെള്ളം വാർന്നശേഷം വൈക്കോൽ ഒരു പാത്രത്തിൽ അര മണിക്കൂർ തിളപ്പിക്കുകയോ ആവിയിൽ പുഴുങ്ങുകയോ ചെയ്യണം.
ഇത് വൃത്തിയാക്കിയ സ്ഥലത്ത് എട്ടു മണിക്കൂർ നിരത്തിയിടുക. ഈർപ്പം പൂർണമായി മാറാത്ത അവസ്ഥയാണ് പാകം. ബെഡുകൾ തയാറാക്കാൻ പോളിത്തീൻ കവറുകൾ ഉപയോഗിക്കാം. കവറിന്റെ അടിവശം നന്നായി കെട്ടിയശേഷം മുകൾ ഭാഗത്തുകൂടി വയ്ക്കോൽ ചുരുൾ കൈകൊണ്ട് അമർത്തിവക്കുക.
അതിനുമീതെ വശങ്ങളിൽ കൂണ്‍വിത്ത് വിതറണം. പിന്നീട് അടുത്ത വയ്ക്കോൽച്ചുരുൾ വച്ച് ഇതിന്റെ വശങ്ങളിലും വിത്തു വിതറണം. ഇങ്ങനെ മൂന്നോ നാലോ തട്ടുവരെ ഒരു കവറിൽ നിറയ്ക്കാം.
ഏറ്റവും മുകളിൽ നന്നായി വിത്ത് വിതറിയിട്ട് പ്ലാസ്റ്റിക് നൂലുകൊണ്ട് കവർ മുറുക്കിക്കെട്ടണം. തുരുന്പും ചെളിയുമില്ലാത്ത മൊട്ടുസൂചികൊണ്ട് കവറിന്റെ വശങ്ങളിൽ ചെറുസുഷിരങ്ങൾ ഇട്ടശേഷം കൂണ്തടങ്ങൾ വൃത്തിയുള്ള ഇരുട്ടു മുറിയിൽ തൂക്കിയിടുക.
രണ്ടാഴ്ചയെഴുത്തുന്പോൾ കവറിനുള്ളിൽ കൂണ് വളർന്നു പടരും. വെള്ളം തളിച്ച് ബെഡിൽ ഈർപ്പം നിലനിർത്തണം. തുടർന്ന് ബ്ലേഡ് കൊണ്ട് തടത്തിൽ ചെറിയ കീറലുകൾ ഉണ്ടാക്കണം.
തടങ്ങൾ സാമാന്യം ഈർപ്പവും വെളിച്ചവുമുള്ള മുറിയിലേക്കു മാറ്റി ദിവസം രണ്ടുനേരം വീതം നനയ്ക്കണം. മൂന്നാം ദിവസം കൂണ് പുറത്തേക്കുവളരുന്നതോടെ വിളവെടുക്കാം.